
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂക്ഷമാകുന്ന സംഘർഷങ്ങളും രക്തച്ചൊരിച്ചിലുകളും മനുഷ്യരാശിയെ പുതിയൊരു മഹായുദ്ധത്തിലേക്കാണ് തള്ളിയിട്ടിരിക്കുന്നതെന്ന് മാർപാപ്പ. തുർക്കി സന്ദർശനത്തിനിടെയാണ് പോപ്പ് ലിയോ പതിനാലാമൻ ഇക്കാര്യം പറഞ്ഞത്. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ വിദേശസന്ദർശനമാണിത്.
തുർക്കി പ്രസിഡന്റ് റെജപ്പ് തയീപ് എർദോഗനുമായി മാർപാപ്പ കൂടിക്കാഴ്ച്ച നടത്തി. പാപ്പയുടെ പലസ്തീൻ വിഷയത്തിലുള്ള നിലപാട് എർദോഗൻ അഭിനന്ദിച്ചു. അന്താരാഷ്ട്ര സാഹചര്യം അതീവ സംഘർഷപൂർണമായിരിക്കുന്ന സമയത്ത് പാപ്പയുടെ സാനിധ്യം ലോകത്തിന് പ്രതീക്ഷ പകർന്നതാണെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് ഇസ്തംബൂളിലെത്തിയ മാർപാപ്പ, ക്രൈസ്തവസഭയുടെ ആദ്യ സുന്നഹദോസ് നിഖ്യയിൽ ചേർന്നതിന്റെ 1700-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഓർത്തഡോക്സ് പാത്രിയർക്കീസ് ബർത്തലോമിയുവിനൊപ്പം ഇസ്നിക് സന്ദർശിക്കും. നാളെ ഇസ്തംബുളിലെ ഫോക്സ്വാഗൺ അരീനയിൽ പൊതുകുർബാന അർപ്പിക്കാനിരിക്കുകയാണ്. ഞായറാഴ്ച അർമേനിയൻ അപ്പോസ്തലിക് കത്തീഡ്രലിലേക്കും സന്ദർശനം തുടരും.
നവംബർ 30-ന് ലബനനിലെത്തുന്ന പാപ്പ, പ്രസിഡന്റ് ജോസഫ് ഔനുമായി കൂടിക്കാഴ്ച നടത്തും. മദ്ധ്യപൂർവ്വേഷ്യയിലെ ഏറ്റവും കൂടുതൽ ക്രൈസ്തവ വിശ്വാസികൾ താമസിക്കുന്ന രാജ്യമാണ് ലബനൻ; ഹിസ്ബുല്ല ശക്തികേന്ദ്രമായതിനാൽ രാഷ്ട്രീയമായും മതപരമായും അതീവ പ്രാധാന്യമുള്ള സന്ദർശനമാണ് ഇത്. ബെയ്റൂട്ട് തീരത്ത് നടക്കുന്ന മഹാകുർബാനയാണ് ലബനൻ സന്ദർശനത്തിന്റെ പ്രധാന ചടങ്ങ്. ഡിസംബർ 2-ന് പാപ്പ റോമിലേക്ക് മടങ്ങും.











