
ന്യൂഡൽഹി: തുടർച്ചയായി മൂന്നാം തവണയും ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തിനകത്തും പുറത്തും വലിയ സ്വാധീനമുറപ്പിക്കാൻ കഴിഞ്ഞ ഒരുവർഷം കൊണ്ട് കഴിഞ്ഞെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും ഭരണതലത്തിൽ കേന്ദ്രസർക്കാർ വലിയ വിജയമായി തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
സഖ്യകക്ഷികളുടെ പിന്തുണയിലാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാംസർക്കാർ ഒരു വർഷം മുമ്പ് അധികാരത്തിലേറിയത്. ബിജെപിക്ക് തനിച്ച് ലോക്സഭയിൽ ഭൂരിപക്ഷമുണ്ടായിരുന്നില്ല. കേവലഭൂരിപക്ഷം നേടാത്ത ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഒരുവർഷത്തിനുള്ളിൽ താഴെവീഴുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും ആർജെഡി നേതാവ് ലാലുപ്രസാദ് യാദവും അടക്കമുള്ള നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഈ പ്രസ്താവനകളെ കാറ്റിൽപ്പറത്തിയാണ് മോദി പ്രധാനമന്ത്രി കസേരയിൽ 12-ാം വർഷത്തിലേക്കു കടക്കുന്നത്.
രാജ്യത്തിന്റെ അടിസ്ഥാന വികസനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞ ഒരുവർഷം കൊണ്ട് കഴിഞ്ഞെന്ന് ബിജെപി അവകാശപ്പെടുന്നു. ഓപ്പറേഷൻ സിന്ദൂറിലൂടെ രാജ്യത്തിനകത്തും പുറത്തും തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിഞ്ഞു. വാർഷികം വിവിധ പരിപാടികളോടെ ആഘോഷിക്കാനാണ് ബിജെപിയുടെ തീരുമാനം. പ്രധാനമന്ത്രി പങ്കെടുക്കുന്ന മെഗാ റാലികളും പദയാത്രകളും പദ്ധതിയിലുണ്ട്.











