02:47am 05 August 2026
NEWS
ക്ഷേത്രത്തിൽ മോഷണം നടത്തിയ കള്ളൻ ബൈക്ക് മറന്നുവെച്ച് മടങ്ങി; പരാതിയുമായി സ്റ്റേഷനിലെത്തിയതോടെ പിടിവീണു

10/01/2025  04:02 PM IST
nila
ക്ഷേത്രത്തിൽ മോഷണം നടത്തിയ കള്ളൻ ബൈക്ക് മറന്നുവെച്ച് മടങ്ങി; പരാതിയുമായി സ്റ്റേഷനിലെത്തിയതോടെ പിടിവീണു

മലപ്പുറം: ക്ഷേത്രത്തിൽ കവർച്ച നടത്തി ആരും കാണാതെ മടങ്ങിയ കള്ളന് വിനയായത് മറവി. സ്വന്തം ബൈക്കിലായിരുന്നി മോഷ്ടിക്കാനെത്തിയത്. എന്നാൽ, കവർച്ച നടത്തിയതോടെ ബൈക്കിന്റെ കാര്യം മറന്നു. ബൈക്ക് കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയതോടെ പിടിവീഴുകയും ചെയ്തു. ഗുരുവായൂർ കണ്ടാണശേരി സ്വദേശി പൂത്തറ അരുണിനെയാണ് കാന്തല്ലൂർ ക്ഷേത്രത്തിൽ മോഷണം നടത്തിയതിന് എടപ്പാൾ പൊലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി 5നാണ് കാന്തല്ലൂർ ക്ഷേത്രത്തിൽ മോഷണം നടന്നത്. ഓട് പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് 8000 രൂപയാണ് കവർന്നത്. ബൈക്കിലെത്തിയാണ് അരുൺ മോഷണം നടത്തിയത്. പക്ഷേ, പണം കിട്ടിയ ആവേശത്തിൽ ബൈക്ക് എടുക്കാൻ മറന്ന് സ്ഥലം വിടുകയായിരുന്നു. ക്ഷേത്രഭാരവാഹികൾ നൽകിയ പരാതിയിൽ പൊലിസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ ക്ഷേത്രപരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ബൈക്ക് നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. 

ഇതിനിടെ, തന്റെ ബൈക്ക് മോഷണം പോയെന്ന പരാതിയുമായി അരുൺ പൊലീസ് സ്റ്റേഷനിലെത്തി. ഇയാളുടെ പെരുമാറ്റത്തിൽ സംശയങ്ങൾ തോന്നിയതോടെ പൊലിസ് അകത്തുകൊണ്ടു പോയി ചോദ്യം ചെയ്യുകയായിരുന്നു. തന്റെ ബൈക്ക് മോഷ്ടിച്ചവരാവാം ക്ഷേത്രത്തിൽ മോഷണം നടത്തിയതെന്നാണ് അരുൺ പൊലീസിനോട് പറഞ്ഞത്. പക്ഷേ, തുടർച്ചയായ ചോദ്യം ചെയ്യലിൽ ഇയാൾക്ക് പിടിച്ചുനിൽക്കാനായില്ല. കുറ്റം സമ്മതിച്ചതിനെ തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img