
ബെംഗളൂരു: കാമുകിയായ നടിക്കുവേണ്ടി മൂന്ന് കോടിയുടെ വീട് പണിത യുവാവ് പിടിയിൽ. മുപ്പത്തിയേഴുകാരനായ പഞ്ചാഗ്ക്ഷരി സ്വാമി എന്നയാളാണ് അറസ്റ്റിലായത്. മോഷ്ടിച്ച പണംകൊണ്ടായിരുന്നു ഇയാൾ ആഡംബര ജീവിതം നയിച്ചിരുന്നത്. ജനുവരി ഒൻപതിന് മഡിവാല എന്ന സ്ഥലത്തെ വീട്ടിൽ മോഷണം നടത്തിയതിനാണ് ഇയാളെ ബെംഗളൂരു പോലീസ് അറസ്റ്റ്‌ചെയ്തത്. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്.
വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് മഹാരാഷ്ട്രയിലെ സോളാപുർ സ്വദേശിയായ പഞ്ചാഗ്ക്ഷരി സ്വാമി. 2003-ലാണ് ഇയാൾ മോഷണം ആരംഭിച്ചത്. 2009 ആയപ്പോഴേക്കും കുറ്റകൃത്യങ്ങളിലൂടെ കോടികൾ സമ്പാദിച്ച് ധനികനായി. 2014-15 വർഷക്കാലയളവിലാണ് ഇയാൾ ഒരു പ്രമുഖ നടിയുമായി പ്രണയത്തിലാകുന്നത്. നടിക്കുവേണ്ടി കോടികൾ ചെലവഴിച്ചിരുന്നതായി ഇയാൾ പറഞ്ഞു. കാമുകിക്കായി കൊൽക്കത്തയിൽ മൂന്ന് കോടി രൂപയുടെ വീടുണ്ടാക്കി. 22 ലക്ഷം വിലവരുന്ന ഒരു അക്വേറിയവും സമ്മാനമായി നൽകി.
2016-ൽ ഇയാളെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത് ആറ് വർഷത്തെ ജയിൽ ശിക്ഷ നൽകിയിരുന്നു. അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങിയശേഷം വീണ്ടും മോഷണത്തിനിറങ്ങി. എന്നാൽ, മഹരാഷ്ട്ര പോലീസ് മറ്റൊരു കേസിൽ അറസ്റ്റുചെയ്തു. 2024-ൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയശേഷം ബെംഗളൂരുവിലെത്തുകയും മോഷണം പുനരാരംഭിക്കുകയുമായിരുന്നു.











