
ഒരു മഴയും പിന്നൊരു മലയും പെയ്തും തകർന്നും ഒഴിഞ്ഞു പോയപ്പോൾ വയനാട്ടിലെ ചൂരൽ മലയിലേയും മുണ്ടക്കൈയിലേയും ആയിരങ്ങളാണ് വഴിയാധാരങ്ങളായത്. ഒറ്റ രാത്രികൊണ്ട് ഭൂമിയിൽ നിന്നും ഇല്ലാതായിപ്പോയി നൂറുകണക്കിന് മനുഷ്യ ജീവനുകൾ, മനുഷ്യരല്ലാത്ത മറ്റു ജന്തുജാലങ്ങളുടെ ജീവനുകൾ ഒരു ഭാഗത്ത്. ഉറങ്ങാൻ കിടക്കുന്നതിന് തൊട്ടുമുമ്പുവരെ കണ്ട നാടും നാട്ടുകാരും വലിയൊരു ശബ്ദത്തിനൊപ്പം ഒലിച്ചുപോയും ഭൂമിക്കടിയിലേക്ക് അപ്രത്യക്ഷരായിപ്പോയുമുള്ള അന്ധാളിപ്പ് മറ്റൊരു ഭാഗത്ത്, മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ഓർമകളെ ചേർത്തുപിടിച്ച് ജീവിക്കാൻ വിധിക്കപ്പെട്ട വലിയൊരു വിഭാഗത്തിന് മുമ്പിൽ അമ്പേ മാറിപ്പോയൊരു ലോകം മുമ്പിൽ, പിന്നിൽ ഇല്ലാതായിപ്പോയ ജീവിതം എങ്ങനെ തിരിച്ചു പിടിക്കുമെന്നറിയാത്ത കാലം.
2024 ജൂലായ് 30 ന് അർധരാത്രി ഒറ്റപ്പെട്ടുപോയ ചൂരൽമലയും മുണ്ടക്കൈയും ഇപ്പോഴും അങ്ങനെ തന്നെ. ചേർത്തുപിടിക്കാൻ നല്ല മനസ്സുകൾ നിരവധിയുണ്ടെങ്കിലും അവരുടെ പ്രശ്‌നങ്ങൾ പലതും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഒരു വർഷത്തിനിപ്പുറം പ്രതിസന്ധികളുടെ പുതിയ മലയാണ് വയനാട്ടിൽ മേപ്പാടി പഞ്ചായത്തിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ജനജീവിതത്തിനു മുമ്പിൽ ഉയർന്നു നിൽക്കുന്നത്.
മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളെയാണ് ഉരുൾപൊട്ടലെന്ന മഹാദുരന്തം കൂടുതൽ ബാധിച്ചത്. പല വിധത്തിൽ ജീവിതങ്ങളെ ബാധിച്ച ഉരുൾപൊട്ടൽ അതുവരെ ചേർത്തുവെച്ച ചെറിയ ജീവിതങ്ങൾക്കു മേലാണ് വലിയ കല്ലുകൾ കൊണ്ടിട്ടത്. 69 കുടുംബശ്രീ അയൽക്കൂട്ടങ്ങളിലായി എഴുന്നൂറോളം സ്ത്രീകൾ തങ്ങളുടെ പ്രതിസന്ധിയിൽ ഹൈക്കോടതിയിൽ പ്രതീക്ഷ അർപ്പിച്ച് എറണാകുളത്തെത്തിയപ്പോഴാണ് അവർ എത്രമാത്രം ബുദ്ധിമുട്ടാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞത്.
69 അയൽക്കൂട്ടങ്ങളിലെ എഴുന്നൂറോളം വനിതകളിൽ 47 പേരെ ഉരുൾപൊട്ടൽ കൂടെക്കൂട്ടി. അതുവരെ ചേർത്തുവെച്ച കണക്കുകളെല്ലാം തെറ്റിപ്പോയതായിരുന്നു പിന്നീടുള്ള അനുഭവം.
കുടുംബശ്രീകളെല്ലാം പ്രവർത്തിക്കുന്നത് ചെറിയ വായ്പകളിലൂടെയും പരസ്പര സഹായങ്ങളിലൂടെയുമാണ്. മഹാദുരന്തം മുന്നിൽ വന്നപ്പോൾ പല ഭാഗത്തു നിന്നും സഹായങ്ങളെത്തി. പ്രത്യക്ഷത്തിൽ കാണുന്ന പല കാര്യങ്ങളും ചെയ്തുകൊടുക്കാൻ ലോകം മുന്നിട്ടിറങ്ങി. ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവാത്ത പല പ്രശ്‌നങ്ങളും പ്രശ്‌നങ്ങളായി തന്നെ തുടർന്നു. അങ്ങനെയാണ് അയൽക്കൂട്ടങ്ങളിലെ വനിതകൾ ചേർന്ന് വിമൻ ഫോർ ലോൺ റിലീഫ് എന്നൊരു കൂട്ടായ്മയുണ്ടാക്കിയത്.
വിമൻ ഫോർ ലോൺ റിലീഫ്
ചായത്തോട്ടങ്ങൾ ചുറ്റുമുള്ള ചെറിയ പഞ്ചായത്താണ് മേപ്പാടി. കുറേപ്പേർ തോട്ടത്തിലെ പണികളെയാണ് ആശ്രയിക്കുന്നത്, വേറെ കുറേപ്പേർ വളർന്നു വരുന്ന വയനാടിന്റെ ടൂറിസം മേഖലയെ ആശ്രയിച്ച് മുമ്പോട്ടേക്ക് പോകാനാവുമെന്ന പ്രതീക്ഷയിലുമായിരുന്നു. മീൻമുട്ടി വെള്ളച്ചാട്ടവും ചേമ്പ്രമലയും എടക്കൽ ഗുഹയും ഉൾപ്പെടെ കാണാനും പശ്ചിമഘട്ട മലനിരകളുടെയും വയനാടിന്റെയും കാഴ്ചാ ഭംഗിയും സ്‌നേഹവും തണലും തണുപ്പും അനുഭവിക്കാമെന്നും ആഗ്രഹിച്ചെത്തുന്നവർ തങ്ങൾക്കു മുമ്പിൽ ചെറിയൊരു ലോകം തുറന്നുതരുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. ഹോം സ്‌റ്റേകൾ, തട്ടുകടകൾ, സുഗന്ധദ്രവ്യ വിൽപ്പനയും കരകൗശല വസ്തുക്കളുമൊക്കെ തങ്ങളുടെ ജീവിതം പച്ചപിടിപ്പിക്കുമെന്നായിരുന്നു അവരുടെയെല്ലാം പ്രതീക്ഷ. കൃഷി, ചെറിയ കച്ചവടം, കന്നുകാലി വളർത്തൽ, തൊഴിലുറപ്പ് പദ്ധതി തുടങ്ങി ഒരു ചെറിയ ഗ്രാമത്തിന്റെ ജീവിത സാഹചര്യങ്ങളിൽ അവർ സന്തുഷ്ടരുമായിരുന്നു. അതിലേക്കാണ് ഉരുൾപൊട്ടി കലങ്ങി വെള്ളം കുത്തിയൊലിച്ചത്.
അയൽക്കൂട്ടങ്ങളും വ്യക്തികളും കുടുംബങ്ങളുമെല്ലാം പരസ്പര സഹായത്തിലൂടെയും വായ്പകളിലൂടേയുമായിരുന്നു മുമ്പോട്ടു പോയിരുന്നത്. മൂന്ന് വാർഡുകളിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് 4.10 കോടി രൂപയുടെ ലിങ്കേജ് ലോണുണ്ടായിരുന്നു. അയൽക്കൂട്ടങ്ങളുടെ സമ്പാദ്യത്തിൽ നിന്നും 1.44 കോടി രൂപയുടെ ലോണുമുണ്ട്. ഇതിൽ ലിങ്കേജ് ലോണിന്റെ 50 ശതമാനവും തിരിച്ചടച്ചിട്ടുണ്ട്. എന്നാൽ സമ്പാദ്യത്തിൽ നിന്നുള്ള ലോണുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപ ഇപ്പോഴും തിരിച്ചടയ്ക്കാനുണ്ട്. മാത്രമല്ല ഉരുൾപൊട്ടലിൽ മരിച്ച 47 സ്ത്രീകളുടെ വായ്പയും അയൽക്കൂട്ടങ്ങളിലെ സഹപ്രവർത്തകർ ഏറ്റെടുക്കേണ്ട അവസ്ഥയിലാണുള്ളത്. ഈ സാഹചര്യത്തിലാണ് വിമൻ ഫോർ ലോൺ റിലീഫ് രൂപീകരിച്ചത്.
അവർ ഒൻപത് പെണ്ണുങ്ങൾ
സബിത എസ്, വിനിമോൾ കെ ആർ, സീനത്ത്, അശ്വതി, ബുഷറ, സെറീന, മഞ്ജു, സവിത തുടങ്ങി ഒൻപത് സ്ത്രീകളാണ് വിമൻ ഫോർ ലോൺ റിലീഫ് സംഘത്തിന്റെ നേതൃസ്ഥാനത്തുള്ളത്. ഉരുൾപൊട്ടലിന് ശേഷം ബാങ്ക് വായ്പകൾ പൂർണമായും തള്ളുമെന്നായിരുന്നു ആദ്യം വാഗ്ദാനമുണ്ടായത്. വായ്പകൾ എഴുതിത്തള്ളണമെന്നും തങ്ങൾക്ക് മുമ്പോട്ടേക്ക് ജീവിതം നയിക്കാൻ അനുയോജ്യമായ സാഹചര്യങ്ങൾ അനുവദിച്ചു തരണമെന്നും ആവശ്യപ്പെട്ട് ചൂരൽമല, മുണ്ടക്കൈ പ്രദേശത്തുള്ളവർ സർക്കാർ പ്രതിനിധികളേയും വിവിധ മന്ത്രിമാരേയും എം എൽ എമാരേയും ബാങ്ക് അധികൃതരേയും സാമ്പത്തിക സ്ഥാപനങ്ങളേയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയേയും ലീഡ് ബാങ്കിനെയുമെല്ലാം സമീപിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിലുള്ള കേരള ബാങ്കും ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും മാത്രമാണ് വായ്പകൾ എഴുതിത്തള്ളാൻ തീരുമാനമെടുത്തത്.
മറ്റു ചില ബാങ്കുകൾ ദുരിത ബാധിതരെ വഞ്ചിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. വായ്പകൾ പൂർണമായും എഴുതിത്തള്ളുമെന്ന് വിശ്വസിപ്പിച്ച് കടലാസുകളിൽ ഒപ്പുവെപ്പിച്ചു. പലിശ വരില്ലെന്നും സിബിൽ സ്‌കോറിനെ ബാധിക്കാതിരിക്കാനുമാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് പറഞ്ഞെങ്കിലും അവർ അനുവദിച്ചത് ഒരു വർഷത്തെ പലിശയോടെയുള്ള മോറട്ടോറിയം പ്രഖ്യാപിക്കലായിരുന്നു. ചൂരൽമല ദുരന്തത്തിന് ഒരു വർഷം കഴിഞ്ഞതുകൊണ്ട് ബാങ്കുകളുടെ മോറട്ടോറിയ കാലാവധിയും കഴിഞ്ഞിട്ടുണ്ടാവും.
വായ്പകൾ എഴുതിത്തള്ളിയാൽ ജീവിക്കാനൊരു പ്രതീക്ഷയുണ്ടാകും
തങ്ങളുടേയും മരിച്ചുപോയ സഹപ്രവർത്തകരുടേയും പേരുകളിലുള്ള വായ്പകൾ എഴുതിത്തള്ളിയാൽ തങ്ങൾക്ക് മുമ്പോട്ടുള്ള ജീവിതത്തിൽ വെളിച്ചവും പ്രതീക്ഷയുമുണ്ടാകുമെന്നാണ് സബിത എസ് പറയുന്നത്. തങ്ങൾക്ക് സർക്കാരും നന്മയുള്ള ഹൃദയങ്ങളും പാർപ്പിടങ്ങൾ ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ, വീട്ടിൽ കിടന്നുറങ്ങണമെങ്കിൽ സമാധാനം വേണമെന്നും അതിന് വായ്പകൾ ഒഴിവായിക്കിട്ടണമെന്നുമാണ് സബിതയും വിമൻ ഫോർ ലോൺ റിലീഫും ആവശ്യപ്പെടുന്നത്.
ജീവിതം വീണ്ടും തുടങ്ങാൻ എന്തെങ്കിലുമൊക്കെ പദ്ധതികളുമായി ബന്ധപ്പെട്ട് വായ്പകൾക്കായി ബാങ്കിനെ സമീപിക്കാനാവുന്നില്ല. ബാങ്കുകളൊന്നും തങ്ങളെ പരിഗണിക്കുന്നില്ലെന്ന് അവർ പറയുന്നു. വിദ്യാഭ്യാസ വായ്പ അനുവദിക്കാൻ ചില ബാങ്കുകൾ തയ്യാറാണ്, പക്ഷേ, പഠനം കഴിഞ്ഞയുടൻ ജോലി കിട്ടുമെന്ന് ഉറപ്പുള്ള ജോലികൾക്ക് മാത്രമാണ് അത്തരത്തിൽ വായ്പ അനുവദിക്കാൻ തയ്യാറാവുന്നത്.
കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിക്കിടക്കുകയാണെന്നും വലിയ പ്രതീക്ഷയോടെ പഠിച്ചവർ പലരും തട്ടുകടയിൽ ഗ്ലാസും പാത്രങ്ങളും കഴുകുന്നത് കാണുമ്പോൾ സങ്കടം വരികയാണെന്നും സബിത എസ് പറയുന്നു. ചെറുകിട സംരംഭങ്ങളും കന്നുകാലികളെ വളർത്തിയും ചെറിയ കച്ചവടം ചെയ്തും ചെറിയ ചിട്ടികളിലൂടെ പരസ്പരം സഹായിച്ചും കഴിഞ്ഞിരുന്ന ഒരു ജനവിഭാഗമാണ് കണ്ണീരൊഴിയാതെ കഴിയുന്നത്. അവരുടെ ജീവിതരീതി ആകെ മാറിപ്പോയി, പ്രതീക്ഷകൾ ഇല്ലാതായി. മഴയിലും ജലപ്രവാഹത്തിലും ഒലിച്ചു പോയ മണ്ണിനു മുകളിൽ ഇനി ജീവന്റെ പച്ചപ്പുകൾ വെച്ചുപിടിപ്പിക്കാൻ അവർക്ക് സഹായം വേണം, നന്മ നിറച്ച സഹായങ്ങൾ!
കടുത്ത സമ്മർദ്ദത്തിൽ നിന്നും മോചനം വേണം
പുനരധിവാസവുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങളും പ്രവർത്തനങ്ങളും വലിയ പ്രതീക്ഷയോടെയാണ് ചൂരൽമലയിലേയും മുണ്ടക്കൈയിലേയും ജനസമൂഹം കാണുന്നത്. തൊഴിലില്ലായ്മ, സാമ്പത്തിക സുരക്ഷിതത്വമില്ലായ്മ, വായ്പകൾ തിരിച്ചടക്കാനുള്ള ശേഷിയില്ലാത്തതിനാൽ പുതിയ വായ്പകൾ അനുവദിക്കാത്ത ധനകാര്യ സ്ഥാപനങ്ങളുടെ നിലപാടുകൾ, നിലവിലുള്ള വായ്പകൾ തിരിച്ചടക്കാനാവാത്ത അവസ്ഥയുണ്ടാക്കുന്ന പ്രശ്‌നങ്ങൾ, കുടുംബം, കുട്ടികൾ, മുതിർന്നവർ എന്നിവരോടുള്ള ഉത്തരവാദിത്വങ്ങൾ, മറ്റു കടബാധ്യതകൾ തുടങ്ങി സ്ത്രീകളാണ് കൂടുതലും വലിയ മാനസിക സമ്മർദ്ദത്തിലായിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്ത്രീകളെ കടക്കെണിയിൽ നിന്നും രക്ഷപ്പെടുത്താനും സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് എത്തിക്കാനും അടിയന്തര ഇടപെടലുകൾ വേണം. ഈ സാഹചര്യത്തിലാണ് കേരള ഹൈക്കോടതിയുടെ ഇടപെടലുകളുടെ പശ്ചാത്തലത്തിൽ തങ്ങളുടെ സങ്കടങ്ങൾ രേഖപ്പെടുത്തിയ കടലാസുകളുമായി വിമൻ ഫോർ ലോൺ റിലീഫ് പ്രവർത്തകർ താമരശ്ശേരി ചുരമിറങ്ങി എറണാകുളത്തേക്ക് വന്ന് ഹൈക്കോടതിക്കു മുമ്പിലെത്തിയത്.
കേരള ഹൈക്കോടതിയുടെ ഇടപെടലുകൾ
വയനാട് ദുരന്തത്തിൽ കേന്ദ്രം ചിറ്റമ്മ നയം കാണിക്കരുതെന്ന അതിശക്തമായ മുന്നറിയിപ്പാണ് കേരള ഹൈക്കോടതി നൽകിയത്. ചൂരൽമല, മുണ്ടക്കൈ ദുരിത ബാധിതരുടെ വായ്പകൾ എഴുതിത്തള്ളണമെന്ന നിർദ്ദേശം കേരള ഹൈക്കോടതി മുന്നോട്ടുവെച്ച് അർഥവത്തായ ഇടപെടലുകൾ നടത്തിയതിൽ തങ്ങൾ അതീവ നന്ദിയുള്ളവരാണെന്ന് വിമൻ ഫോർ ലോൺ റിലീഫ് പ്രവർത്തകർ പറയുന്നു. വായ്പാ ഇളവുകൾ നൽകുന്ന വിഷയത്തിൽ സർക്കാരുകൾക്കുള്ള പ്രത്യേക അധികാരങ്ങളെ കുറിച്ചു പ്രതിപാദിച്ചും കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി നടത്തേണ്ട ഇടപെടലുകൾ ഓർമിപ്പിച്ചും ഹൈക്കോടതി സംഭവത്തിന്റെ ഗൗരവമാണ് എടുത്തുകാണിച്ചത്.
ഹൈക്കോടതിക്കു മുമ്പിൽ വിനയാന്വിതരായി
ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിലെ ജീവിക്കുന്ന 'രക്തസാക്ഷികൾ' കേരള ഹൈക്കോടതിക്കു മുമ്പിൽ തങ്ങളുടെ ഏതാനും ആവശ്യങ്ങൾ വിനയപൂർവ്വം ഉണർത്തിയിട്ടുണ്ട്. മേപ്പാടി പഞ്ചായത്തിലെ ദുരന്തബാധിത പ്രദേശമായ 10, 11, 12 വാർഡുകളിലെ ദുരിതബാധിതരായ മനുഷ്യരുടെ എല്ലാത്തരത്തിലുമുള്ള വായ്പകളും പൂർണമായും നിരുപാധികം എഴുതിത്തള്ളാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാരുകളോടും ബാങ്കുകളോടും നിർദ്ദേശിക്കണമെന്നതാണ് ആദ്യത്തെ അപേക്ഷ.
വായ്പകൾ എഴുതിത്തള്ളുന്നതിനുള്ള നടപടികൾ സ്വീകരിക്കുമ്പോൾ സ്ത്രീകൾ, ചെറുകിട വ്യാപാരികൾ, തോട്ടം തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ചെറുകിട കർഷകർ തുടങ്ങി പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങളെ മുൻഗണനാപ്രകാരം പരിഗണിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകണമെന്നാണ് അവർ ഉന്നയിക്കുന്ന രണ്ടാമത്തെ കാര്യം.
ദുരന്തബാധിത പ്രദേശങ്ങളിലുള്ള അയൽക്കൂട്ടങ്ങളിലെ ദുരന്തത്തിൽ മരിച്ച സ്ത്രീകളുടെ വായ്പകൾ സർക്കാർ ഏറ്റെടുക്കുകയും അയൽക്കൂട്ടങ്ങളുടെ സാമ്പത്തിക സ്ഥിരത നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടണമെന്നും ദുരിത ബാധിതർക്ക് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പുതിയ പലിശരഹിത വായ്പകൾ അനുവദിക്കുകയും ആറുമാസത്തെ പ്രത്യേക തിരിച്ചടവ് ഇളവുകളോടെ അനുവദിക്കണമെന്നും സർക്കാരുകളോടും ദേശസാത്കൃത ധനകാര്യ സ്ഥാപനങ്ങളോടും നിർദ്ദേശിക്കുവാനും അപേക്ഷയിൽ പറയുന്നു.
വായ്പകൾ എഴുതിത്തള്ളുമ്പോൾ ബാങ്കുകളിലോ സ്വകാര്യ സ്ഥാപനങ്ങളിലോ ഈടായി നൽകിയിരുന്ന പ്രോപ്പർട്ടി പത്രങ്ങൾ, സ്വർണം, ഗ്യാരണ്ടി ചെക്കുകൾ എന്നിവ തിരികെ നൽകുകയും അതിനോടൊപ്പം നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ലോൺ ക്ലോഷർ സർട്ടിഫിക്കറ്റും നൽകുന്നത് ഉൾപ്പെടെയുള്ള ലളിതവും സുതാര്യവുമായ നടപടികൾ പിന്തുടരാൻ സ്വകാര്യ, ദേശസാത്കൃത ധനകാര്യ സ്ഥാപനങ്ങളോടു നിർദ്ദേശിക്കാനും അപേക്ഷിച്ചു.
ദുരിതബാധിതരുടെ ക്രെഡിറ്റ് സ്‌കോർ സംരക്ഷിക്കാൻ അടിയന്തിര നിർദ്ദേശങ്ങൾ നൽകുകയും ദുരിതബാധിതരുടെ അവസ്ഥകൾ നേരിട്ട് മനസ്സിലാക്കാനും വായ്പകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾക്കുമായി അമിക്കസ്‌ക്യൂറിയെ നിയമിക്കണമെന്നും അപേക്ഷയിൽ ആവശ്യപ്പെടുന്നു.











