04:49am 13 November 2026
NEWS
അവരൊരു മരമായ് തണലൊരുക്കാൻ നിരന്നു..
26/02/2026  03:26 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
അവരൊരു മരമായ് തണലൊരുക്കാൻ നിരന്നു..

 

പറവൂർ: ഭൂമിക്ക് തണലൊരുക്കാൻ പരിസ്ഥിതി ബോധത്തിൽ ലയിച്ചുചേർന്ന് കുട്ടികൾ ദൃശ്യവത്കൃത വൃക്ഷമായി അണിനിരന്നത് കണ്ണിന് കുളിർമയേറിയ കാഴ്ചയായി.

കൂനമ്മാവ് സെൻറ് ഫിലോമിനാസ് എൽ.പി സ്കൂളിൽ ഇന്ന് നടന്ന അസംബ്ലിയിലാണ് കുഞ്ഞിക്കൈകളിൽ വൃക്ഷത്തൈകളുമായി കൊച്ചുകുഞ്ഞുങ്ങൾ സ്വയം ഒരു മരമായ് പ്രകൃതി സംരക്ഷണത്തിന്റെ വിളംബരം നടത്തിയത്.

പ്രൊഫ. കെവി തോമസ് വിദ്യാധനം ട്രസ്റ്റ് കുട്ടികൾക്ക് പ്രകൃതി സംരക്ഷണ പാഠവുമായി വിദ്യാലയങ്ങളിൽ നടത്തിവരുന്ന ‘ഹരിതാഭമയം അതിജീവനപാഠം’ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത വൃക്ഷതൈകൾ കൈയിലേന്തിയാണ് എൽ.പി സ്കൂൾ കുട്ടികൾ മരദൃശ്യം അവതരിപ്പിച്ചത്.

അധ്യാപിക അഞ്ജു കെ. ജേക്കബിന്റെ ആശയമായിരുന്നു ഈ ദൃശ്യവിരുന്ന്. 315 വിദ്യാർഥികളും 15 അധ്യാപകരുമുള്ള സെൻറ് ഫിലോമിനാസ് എൽ.പി സ്കുൾ സർക്കാറിന്റെ സീഡ് പദ്ധതിയുമായി ബന്ധപ്പെട്ട് ‘നാട്ടുമാഞ്ചോട്ടിൽ’ പ്രോഗ്രാമിലൂടെ ഇതിനകം കീർത്തി നേടിയ വിദ്യാലയമാണ്.

പ്രധാനാധ്യപികയായ ജയാപോളാണ് ഇവിടെ ഹരിതപാഠം ബോധവത്കരണത്തിന് ചുക്കാൻ പിടിക്കുന്നത്.

കാർഷിക വിജ്ഞാൻ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് വിദ്യാധനം ട്രസ്റ്റ് വിദ്യാലയങ്ങളിൽ ഫലവക്ഷത്തോട്ടം പദ്ധതി നടപ്പിലാക്കിവരുന്നത്.

വരാപ്പുഴ അതിരൂപതാ പരിസ്ഥിതി കമീഷൻ മുഖേന കോർപറേറ്റ് വിദ്യാഭ്യാസ സമിതിയുടെ കീഴിലുള്ള അമ്പതോളം വിദ്യാലയങ്ങളിൽ ഫലവൃക്ഷത്തോട്ടവും വിദ്യാർഥികൾക്ക് കറിവേപ്പില തൈകൾ വിതരണവും അതിരൂപതാ സഹായ മെത്രാൻ ആൻറണി വാലുങ്കൽ ഉദ്ഘാടനം ചെയ്തിരുന്നു.

അതിലൊരു വിദ്യാലയമാണ് കൂനമ്മാവ് സെൻറ് ഫിലോമിനാസ് എൽ.പി.എസ്.

ആയിരം ഫലവൃക്ഷത്തോട്ടവും ഇരുപത്തിയയ്യായിരം കറിവേപ്പില തൈകൾ വിതരണവും എന്ന ലക്ഷ്യം ഇന്നലെ എറണാകുളം ഗവ.  ഗേൾസ് ഹയർ സെക്കൻഡറിയിൽ നടന്ന ചടങ്ങോടെ കെവി തോമസ് വിദ്യാധനം ട്രസ്റ്റ് പൂർത്തിയാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img