03:50pm 10 November 2026
NEWS
തേവലക്കര സ്കൂൾ ദുരന്തം: ഹെഡ്മിസ്ട്രസിന് സസ്പെൻഷൻ, മാനേജ്മെന്റിന് നോട്ടീസ്
19/07/2025  08:45 AM IST
സുരേഷ് വണ്ടന്നൂർ
തേവലക്കര സ്കൂൾ ദുരന്തം: ഹെഡ്മിസ്ട്രസിന് സസ്പെൻഷൻ, മാനേജ്മെന്റിന് നോട്ടീസ്

തിരുവനന്തപുരം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് എഫ്. സുജയെ സസ്പെൻഡ് ചെയ്തു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സി.പി.എം നിയന്ത്രണത്തിലുള്ള ഭരണസമിതി നടപടി സ്വീകരിച്ചത്.

സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂൾ മാനേജ്മെന്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം മറുപടി നൽകണം. സുരക്ഷാ വീഴ്ച വരുത്തുന്ന മാനേജ്മെന്റുകളിൽ നിന്ന് സ്കൂളുകൾ ഏറ്റെടുക്കാനും അംഗീകാരം റദ്ദാക്കാനും പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടെന്ന് മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.

വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പി.ഡി അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ നൽകുമെന്ന് മന്ത്രി അറിയിച്ചു. സ്കൂൾ മാനേജ്മെന്റും ധനസഹായം നൽകണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, മുഖ്യമന്ത്രി കൂടുതൽ ധനസഹായം പ്രഖ്യാപിക്കുമെന്നും മിഥുന്റെ സഹോദരന് പന്ത്രണ്ടാം ക്ലാസ് വരെ പരീക്ഷാ ഫീസ് ഉൾപ്പെടെയുള്ള ചെലവുകൾ ഒഴിവാക്കി വിദ്യാഭ്യാസം നൽകുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം സ്കൂളുകളിൽ സുരക്ഷ ഉറപ്പാക്കാനും വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു. അധ്യാപകരുടെയും ഉദ്യോഗസ്ഥരുടെയും "എന്തുവന്നാലും ശമ്പളം കിട്ടുമെന്ന" മനോഭാവം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി.

അതേസമയം, സംസ്ഥാനത്ത് കെട്ടിടങ്ങൾ തകർന്നുവീഴുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കടമ്മനിട്ടയിൽ സ്കൂൾ കെട്ടിടം തകർന്നു വീഴുകയും പയ്യന്നൂർ ഉപജില്ലാ ഓഫീസിലെ ബി.ആർ.സി കെട്ടിടത്തിന്റെ മേൽക്കൂര തകരുകയും ചെയ്തു.
ഷോക്കേറ്റ് മരിച്ച മിഥുൻ വിളന്തറ എഫ്.സി ഫുട്ബോൾ ക്ലബ്ബിന്റെ കരുത്തനായ പ്രതിരോധ താരമായിരുന്നു. പട്ടാളക്കാരനാകുക എന്നതായിരുന്നു മിഥുന്റെ ഏറ്റവും വലിയ സ്വപ്നം. മിഥുന്റെ വിയോഗം കൂട്ടുകാരെയും ക്ലബ്ബിലെ അംഗങ്ങളെയും അത്യധികം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img