
മനുഷ്യൻ ഏറ്റവും ഭയത്തോടെ കാണുന്ന ഒരു രോഗമാണ് കാൻസർ. പല കാൻസറുകളും നമ്മുടെ ജീവിത ശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രധാനമായും ഭക്ഷണം. ചില കാൻസറുകളെ ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തി വിദഗ്ധ ചികിത്സ നൽകിയാൽ അതിജീവിക്കാനാകും. എന്നാൽ, ആദ്യഘട്ടത്തിൽ കണ്ടെത്താൻ കഴിയാത്തതും ചില ഭാഗങ്ങളിൽ വരുന്നതുമായ കാൻസർ നമ്മുടെ ജീവനെടുക്കുന്നവയാണ്. അതിനാൽ തന്നെ കാൻസർ വരാതെ നോക്കുകയാണ് പ്രധാനമായും വേണ്ടത്. മാരകമായ ഈ രോഗത്തിന് നമ്മുടെ അടുക്കളയിൽ ദിവസവും ഉപയോഗിക്കുന്ന മൂന്നു സംഗതികൾ കാരണമാകുന്നു എന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അവയൊക്കെ ഉറപ്പായും നമ്മുടെ അടുക്കളയിൽ നിന്നും ഒഴിവാക്കണമെന്നും ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. നമ്മുടെ ആരോഗ്യവും ജീവനും ഇല്ലാതാക്കുന്ന ആ വസ്തുക്കൾ ഏതൊക്കെയെന്ന് നോക്കാം..
വീട്ടിലെ അടുക്കളയിലും അലങ്കാരത്തിനുമായി ഉപയോഗിക്കുന്ന മൂന്ന് സാധനങ്ങളാണ് കാൻസറിനെ വിളിച്ചുവരുത്തുന്നത്. സെന്റഡ് പാരഫിൻ മെഴുകുതിരികളാണ് ഇതിൽ ഒന്നാമത്തേത്. അന്തരീക്ഷത്തിൽ സുഗന്ധം പടർത്തുന്നതിനായി നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്നവയാണ് സെന്റഡ് പാരഫിൻ മെഴുകുതിരികൾ. ഇതിൽ അടങ്ങിയിരിക്കുന്ന ഫാലൈറ്റ്‌സും വൊളറ്റൈൽ ഓർഗാനിക് കോമ്പൗണ്ട്‌സും ഹോർമോൺ തകരാറുകൾക്കും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾക്കും ഒപ്പം അലർജിക്കും വരെ കാരണമാകും. അതിനാൽ ഇവ ഉറപ്പായും വീടുകളിൽ നിന്നും ഒഴിവാക്കണം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇനി നിങ്ങൾക്ക് വീടിനുള്ളിൽ സുഗന്ധം പരത്തിയേ പറ്റൂ എന്നുണ്ടോ? എങ്കിൽ അതിനും മാർഗമുണ്ട്. സെന്റഡ് പാരഫിൻ മെഴുകുതിരികൾക്ക് പകരമായി ബീസ് വാക്‌സ് മെഴുകുതിരികളോ എസൻഷ്യെൽ ഓയിൽ ഡിഫ്യൂസേഴ്‌സോ ഉപയോഗിക്കാവുന്നതാണ്.
ഇന്ന് മിക്ക അടുക്കളകളിലും നോൺസ്റ്റിക് പാനുകളുണ്ട്. നമ്മുടെ പാചകം മാത്രമല്ല, പാത്രം വൃത്തിയാക്കലും ഇത്തരം നോൺ സ്റ്റിക് പാനുകൾ എളുപ്പമാക്കുന്നു. എന്നാൽ, പോറലുകൾ വീണ നോൺസ്റ്റിക് പാനുകൾ വലിയ അപകടകാരികളാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. അതിനാൽ പോറലുകൾ വീണ നോൺ സ്റ്റിക് പാനുകൾ പാചകത്തിനായി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇനി ഇത്തരം പാനുകൾ എന്തൊക്കെ അപകടങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം..
ഇവയിൽ അടങ്ങിയിട്ടുള്ള പോളി ഫ്‌ളൂറോ ആൽക്കലി സബ്‌സ്റ്റൻസ് തൈറോഡിയ് രോഗത്തിനും ക്യാൻസറിനും വരെ കാരണമായേക്കാം എന്നാണ് പഠനങ്ങളിൽ സൂചിപ്പിക്കുന്നത്. നമ്മുടെ വീടുകളിൽ കാലപ്പഴക്കം വന്നാലും ഇത്തരം സാധനങ്ങൾ തുടർന്നും ഉപയോഗിക്കുന്നത് പതിവാണ്. ഇതിന് പകരമായി കാസറ്റ് അയൺ, കാർബൺ സ്റ്റീൽ, സ്റ്റെയിൻലെസ് സ്റ്റീൽ അല്ലെങ്കിൽ സെറാമിക് കോട്ടട് പാനുകൾ ഉപയോഗിക്കാവുന്നതാണ്.
പഴം, പച്ചക്കറി, മത്സ്യം, ഇറച്ചി എന്നിവ മുറിക്കുന്നതിനായി ഉപയോഗിക്കുന്ന ചോപ്പിംഗ് ബോർഡുകൾ നമുക്ക് വലിയ ഉപകാരിയാണ് എന്നല്ലേ നാം കരുതുന്നത്? എന്നാൽ, പ്ലാസ്റ്റികിൽ നിർമിച്ച ഇത്തരം ചോപ്പിംഗ് ബോർഡുകൾ ഒരു കാരണവശാലും ഉപയോഗിക്കാൻ പാടുള്ളതല്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ഇതിൽ നിന്ന് മൈക്രോ പ്ലാസ്റ്റിക് പുറത്തേക്ക് റിലീസ് ചെയ്യുന്നത് കൊണ്ടു തന്നെ അത് ആരോഗ്യത്തിന് വലിയ പ്രശ്‌നം സൃഷ്ടിക്കും. അതിനാൽ പ്ലാസ്റ്റിക് ചോപ്പിംഗ് ബോർഡുകൾക്ക് പകരം തടിയിൽ പണികഴിപ്പിച്ച ചോപ്പിംഗ് ബോർഡുകൾ ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരം.
നമ്മുടെ ആരോഗ്യമാണ് നമ്മുടെ സമ്പത്ത്. അതിനാൽ, ഇത്തരം രോഗങ്ങൾ വരുത്തുന്ന സാധനങ്ങൾ വീട്ടിൽ നിന്നും ഒഴിവാക്കാൻ നിങ്ങൾ ഉറപ്പായും ശ്രമിക്കണം.











