10:50pm 07 November 2026
NEWS
മൊബൈൽ ഫോണിൽ ഒരിക്കലും ചെയ്തുകൂടാത്ത കാര്യങ്ങൾ ഇവയാണ്..
11/06/2025  07:46 PM IST
nila
മൊബൈൽ ഫോണിൽ ഒരിക്കലും ചെയ്തുകൂടാത്ത കാര്യങ്ങൾ ഇവയാണ്..

ഇന്ന് മൊബൈൽ ഫോൺ സർവസാധാരണമാണ്. ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവരും മൊബൈൽ ഫോണുകൾ ഉപയോ​ഗിക്കുന്നുമുണ്ട്. ചിലർ ഒന്നിലേറെ മൊബൈൽ ഫോൺ ഉള്ളവരാണ്. മിക്ക മൊബൈൽ ഉടമകളുടെയും പ്രധാന പ്രശ്നങ്ങളാണ് ഫോൺ താഴെവീണ് ഡിസ്പ്ലേ പൊട്ടുന്നതും ഫോണിൽ വെള്ളം കയറുന്നതും. ഡിസ്പ്ലേ പൊട്ടിയാൽ ഫോൺ നന്നാക്കുന്ന കടയിൽ കൊണ്ടുപോയി ശരിയാക്കാം. നല്ലൊരു സംഖ്യ ചിലവാകും എന്നു മാത്രം. എന്നാൽ, ഫോണിൽ വെള്ളം കയറിയാലോ? നമ്മുടെ കയ്യിൽ ചില പൊടിക്കൈക‍ൾ ഒക്കെയുണ്ട് എന്നല്ലേ പറയാൻ പോകുന്നത്? അതിന്റെ ദോഷങ്ങളെ കുറിച്ച് പിന്നാലെ പറയാം. ഫോൺ നനഞ്ഞാൽ എന്താണ് ചെയ്യേണ്ടത് എന്ന് ആദ്യം പറഞ്ഞുതരാം കേട്ടോ..

പല കാരണങ്ങളാൽ നമ്മുടെ മൊബൈൽ ഫോൺ നനയാറുണ്ട്. കയ്യിൽ നിന്നും അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴാം. പലപ്പോഴും കുളത്തിലോ മറ്റോ ഇറങ്ങി കൈകാലുകളും മുഖവും കഴുകുമ്പോഴാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ഷർട്ടിന്റെ പോക്കറ്റിലോ കയ്യിലോ സൂക്ഷിച്ചിക്കുന്ന ഫോൺ പെട്ടെന്ന് വെള്ളത്തിൽ വീഴാം. ഫോണുമായി ടോയ്ലെറ്റിൽ പോകുമ്പോഴും ഇതേ അവസ്ഥയുണ്ടാകാറുണ്ട്. മഴക്കാലം തുടങ്ങിയാൽ ഫോൺ നനയാൻ പ്രത്യേകിച്ച് കാരണം വേണ്ടല്ലോ എന്ന് പറയുന്നവരുമുണ്ട്. വെള്ളം കിടക്കുന്ന പ്രതലങ്ങളിൽ അറിയാതെ ഫോൺ വെക്കുന്ന സംഭവങ്ങളുമുണ്ട്. 

എങ്ങനെയോക്കെയോ ഒരു തവണയെങ്കിലും ഫോൺ നനയാത്തവരായി ആരും കാണില്ല എന്ന് ചുരുക്കം. അതുകൊണ്ട് തന്നെ ഫോൺ ഉടമകൾ വെള്ളത്തോട് വലിയ ജാ​ഗ്രത പുലർത്തേണ്ടതുണ്ട്. എന്താണ് ഫോൺ വെള്ളത്തിൽ വീണാൽ നിങ്ങൾ ആദ്യം ചെയ്യുന്നത്. പഴയ നോക്കിയ ഫോണിന്റെ കാലം മുതലേ മലയാളികൾക്ക് ഒരു ആചാരമുണ്ട്. ഫോൺ നനഞ്ഞാൽ ഉടനെതന്നെ ആ ഫോണെടുത്ത് അരിക്കലത്തിലിടും. നമ്മുടെ അടുക്കളയിൽ അരി സൂക്ഷിച്ചുവെക്കുന്ന പാത്രത്തിന്റെ കാര്യം തന്നെ. അങ്ങനെ ചെയ്യാത്ത മലയാളികൾ കുറവാകും. പഴയ നോക്കിയ ഫോണിൽ നിന്നും സ്മാർട്ട് ഫോണിലേക്കും ഐഫോണിലേക്കുമൊക്കെ മാറിയെങ്കിലും മലയാളി ആ പഴയ ആചാരം മറന്നിട്ടില്ല. 

നനഞ്ഞ ഫോൺ അരി പാത്രത്തിൽ ഇട്ടാൽ അതിലെ വെള്ളം അരിമണികൾ പെട്ടെന്ന് വലിച്ചെടുക്കുമെന്നാണ് മലയാളികളുടെ പൊതുവേയുള്ള വിശ്വാസം. എന്നാൽ അത് തെറ്റാണെന്ന് വിദഗ്ധർ പറയുന്നു. ഇത്തരത്തിൽ ഫോൺ അരിയിൽ ഇട്ടാൽ കൂടുതൽ പ്രശ്നമായേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അരി പാത്രത്തിലെ പൊടി ഫോണിൽ കയറിയാൽ അത് ഫോണിന് കൂടുതൽ കേടുപാടുകൾ വരുത്തിയേക്കാമെന്നാണ് ഈ മേഖലയിലെ വിദ​ഗ്ധർ പറയുന്നത്. 

ഇനിയൊരു കൂട്ടരുണ്ട്. അവർ ഇക്കാര്യത്തിൽ കുറച്ച് പരിഷ്കാരികളാണ് കേട്ടോ. ഫോൺ നനഞ്ഞാൽ ഇക്കൂട്ടർ ആദ്യം ചെയ്യുന്നത് ഹെയർ ഡ്രയർ ഉപയോഗിച്ച് ഇത് ഉണക്കാൻ ശ്രമിക്കുന്നു എന്നതാണ്. അതായത്, മുടി ഉണക്കാനുള്ള സൂത്രം ഉപയോ​ഗിച്ച് ഫോണിനുള്ളിൽ കയറിയ വെള്ളത്തെ ഇല്ലാതാക്കാം എന്നതാണ് ഇവരുടെ തിയറി. ഇതും വെളുക്കാൻ തേച്ചത് പാണ്ഡാകും എന്ന അവസ്ഥയിലേക്കേ കാര്യങ്ങൾ കൊണ്ടെത്തിക്കൂ. ഹെയർ ഡ്രയർ ഉപയോഗിച്ചാൽ വെള്ളം കൂടുതൽ ഫോണിനുള്ളിലേക്ക് പോകാൻ കാരണമാകും. 

 പലരും വെള്ളം കളയാൻ ഫോൺ കുലുക്കാറുണ്ട്. എന്നാൽ അത് വെള്ളം ഫോണിനുള്ളിൽ കൂടുതൽ സ്ഥലത്തേക്ക് എത്താൻ കാരണമാകും. അതുകൊണ്ട് ഫോൺ നനഞ്ഞാൽ നാം ശീലിച്ചുവെച്ചിരിക്കുന്ന ആ കുലുക്കൽ ഇനിയങ്ങ് നിർത്തിയേക്കണം. അല്ലെങ്കിൽ അതും പണിയാകും എന്നർത്ഥം. ഇനി ഫോൺ നനഞ്ഞാൽ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം..

ഫോൺ വെള്ളത്തിൽ വീണാലോ നനഞ്ഞലോ ആദ്യം നിങ്ങൾ ഡിവെെസ് സ്വിച്ച് ഓഫ് ചെയ്യണം. ഫോണിനകത്ത് വെള്ളം കയറിയിട്ടും ഫോൺ ഓൺ ചെയ്ത് വച്ചാൽ കേടുപാടുകൾ കൂടാൻ സാധ്യതയുണ്ട്. അതിനാൽ എത്ര അത്യാവശ്യമുണ്ടെങ്കിലും നനഞ്ഞ ഫോൺ സ്വച്ചോഫ് ചെയ്യാൻ മടിക്കരുത്. ഫോണിൽ നിന്നും സിം നീക്കം ചെയ്യാനും മറക്കരുത്.

വെള്ളത്തിൽ വീണാൽ ആദ്യം ഫോൺ ഓഫാക്കിയശേഷം ഒരു തുണി ഉപയോഗിച്ച് ഫോൺ നല്ലതു പോലെ തുടയ്ക്കണം. തുണി നന്നായി ഉണങ്ങിയതും ഈർപ്പം വലിച്ചെടുക്കുന്ന തരത്തിലുള്ളതും ആയിരിക്കണം എന്ന് പ്രത്യേകം ഓർക്കണേ. രണ്ട് ദിവസം ഫോൺ ഉപയോഗിക്കരുത്. ചാർജ് ചെയ്യാനും പാടില്ല. 

ഇതെല്ലാം ഫോൺ വെള്ളത്തിൽ വീണാൽ ആദ്യം ചെയ്യാനുള്ള ടിപ്സ് മാത്രമാണ്. ഇവ എപ്പോഴും പ്രാവർത്തികമാകണം എന്നില്ല. അതിനാൽ ഫോൺ വെള്ളത്തിൽ വീണാൽ വിദഗ്ധരുടെ നിർദേശം കൂടി സ്വീകരിക്കാൻ മറക്കരുത് കേട്ടോ. എന്നുവച്ചാൽ, നിങ്ങളുടെ ഫോൺ നന്നായി നനഞ്ഞിട്ടുണ്ട് എന്ന് ബോധ്യമായാൽ ഫോൺ ശരിയാക്കുന്ന ഏതെങ്കിലും കടയിൽ കൊണ്ടുപോയി കാണിച്ചാൽ അവർ അതിന് വേണ്ട പ്രതിവിധി ചെയ്തു തരും. സ്വയം ചികിത്സിച്ച് ഫോണിനെ കൊല്ലരുതെന്ന് അർത്ഥം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img