
തിരുവനന്തപുരം: വാഹനങ്ങളിൽ മോഡിഫിക്കേഷൻ നടത്താൻ കൂടുതൽ ഇളവുകൾ നൽകുന്നതിലേക്കുള്ള നീക്കവുമായി മോട്ടോർ വാഹന വകുപ്പ്. സ്റ്റിക്കറുകൾ, അലങ്കാര ലൈറ്റുകൾ, അധിക സ്പീക്കറുകൾ ഉൾപ്പെടെ 18 തരത്തിലുള്ള മാറ്റങ്ങൾ പ്രത്യേക അനുമതിയില്ലാതെ അനുവദിക്കാമെന്നാണ് ഗതാഗത കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ശുപാർശ.
വാഹനപ്രേമികൾ ഏറെ നാളായി ഉന്നയിച്ചിരുന്ന ആവശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. വാഹനത്തിന്റെ പുറംഭാഗത്ത് ഇഷ്ടാനുസൃത സ്റ്റിക്കറുകൾ പതിക്കാനും, ഉള്ളിൽ വിവിധ നിറങ്ങളിലുള്ള ലൈറ്റുകൾ ഘടിപ്പിക്കാനും അനുമതി നൽകാനാണ് നിർദേശം. എന്നാൽ പൊതുമര്യാദയ്ക്ക് വിരുദ്ധമായ ചിത്രങ്ങളോ സന്ദേശങ്ങളോ ഉപയോഗിക്കാൻ പാടില്ല.
സീറ്റ് കവറുകൾ, ഫ്ലോർ മാറ്റുകൾ, സ്റ്റിയറിംഗ് വീൽ കവറുകൾ, ഡാഷ് ക്യാമറ, റിവേഴ്‌സ് ക്യാമറ, പാർക്കിംഗ് സെൻസർ, ജിപിഎസ് ട്രാക്കർ, റൂഫ് കാരിയർ തുടങ്ങിയവയും അനുമതിയുള്ള മോഡിഫിക്കേഷനുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ 50 ശതമാനം വരെ കാഴ്ച മറയ്ക്കുന്ന സൺഫിലിമുകളും അനുവദിക്കാമെന്നാണ് റിപ്പോർട്ടിലെ നിർദേശം.
അതേസമയം വാഹനത്തിന്റെ നിറം മാറ്റുക, എൻജിൻ മാറ്റം നടത്തുക, ബോഡിയുടെ രൂപഘടനയിൽ മാറ്റം വരുത്തുക, ഇന്ധന സംവിധാനം സിഎൻജിയിലേക്കോ ഇലക്ട്രിക്കിലേക്കോ മാറ്റുക തുടങ്ങിയ പ്രധാന മാറ്റങ്ങൾക്ക് ആർടിഒയുടെ പ്രത്യേക അനുമതി ആവശ്യമായിരിക്കും. നിശ്ചിത ഫീസ് അടച്ച് ആർസി ബുക്കിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയ ശേഷമേ ഇത്തരം മോഡിഫിക്കേഷനുകൾ നടത്താനാകൂ.
വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കാലത്ത് ഉയർന്ന ചർച്ചകൾക്ക് പിന്നാലെയാണ് ഈ നടപടികൾ. എന്നാൽ റിപ്പോർട്ടിലുള്ള പല നിർദേശങ്ങളും നിലവിൽ തന്നെ അനുവദനീയമായവയാണെന്നതിനാൽ വാഹനപ്രേമികൾക്ക് ഇത് എത്രത്തോളം തൃപ്തികരമാകുമെന്നത് കണ്ടറിയണം. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ നിയന്ത്രണങ്ങൾ കാരണം വലിയ രൂപമാറ്റങ്ങൾക്ക് ഇളവ് നൽകുക എളുപ്പമല്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ഗതാഗത കമ്മിഷണറുടെ റിപ്പോർട്ട് സർക്കാർ പരിശോധിച്ചുവരികയാണ്. ഇതിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും നേതൃത്വത്തിലുള്ള സർക്കാരാണ്.










