
ഹമാസിനെ വേരോടെ നശിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ ‘ഹമാസ്താൻ’ ഉണ്ടാകാൻ അനുവദിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കി. 60 ദിവസത്തെ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിച്ചെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. ട്രാൻസ് ഇസ്രയേൽ പൈപ്പ്ലൈന് സമ്മേളനത്തിലാണ് ഹമാസിനെ പൂർണമായും ഇല്ലാതാക്കുമെന്ന് നെതന്യാഹു പറഞ്ഞത്
‘അവിടെയൊരു ഹമാസ് ഉണ്ടാകില്ല. ഹമാസ്താനും ഉണ്ടാകില്ല. ഇനി അതിലേക്കൊരു തിരിച്ചുപോക്കില്ല. അത് കഴിഞ്ഞു. നമ്മൾ എല്ലാ ബന്ദികളെയും മോചിപ്പിക്കും. നമുക്ക് മുന്നിലുള്ള അവസരങ്ങൾ വലുതാണ്. അവ നാം നഷ്ടപ്പെടുത്താൻ പോകുന്നില്ല. ശത്രുക്കളെ തോൽപിക്കാനും സാമ്പത്തികമായും ദേശീയമായും രാജ്യാന്തരമായും നമ്മുടെ ഭാവി സുരക്ഷിതമാക്കാനുമുള്ള അവസരങ്ങൾ ഇതിലുൾപ്പെടുന്നുവെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
ഇസ്രയേൽ 60 ദിവസത്തെ വെടിനിർത്തലിനു സമ്മതിച്ചെന്നാണ് ട്രംപ് അവകാശപ്പെട്ടത്. ഇതുസംബന്ധിച്ച് ഇസ്രയേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, ട്രംപ് മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശങ്ങൾ ഹമാസ് പരിശോധിക്കുകയാണ്. യുദ്ധം സ്ഥിരമായി അവസാനിപ്പിക്കുമെങ്കിൽ മാത്രം കരാറിനോടു സഹകരിക്കാമെന്ന നിലപാട് ഹമാസ് ആവർത്തിച്ചിട്ടുണ്ട്.











