01:43am 12 November 2026
NEWS
എസ് ഐ ആർ നടപടിക്രമങ്ങൾ നീട്ടിവെച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകും മുഹമ്മദ്‌ ഷിയാസ്
29/11/2025  09:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എസ് ഐ ആർ നടപടിക്രമങ്ങൾ നീട്ടിവെച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകും മുഹമ്മദ്‌ ഷിയാസ്

കൊച്ചി: വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി നടക്കുന്ന എസ് ഐ ആർ പ്രക്രിയ നീട്ടി വെച്ചില്ലെങ്കിൽ ജനാധിപത്യം തന്നെ അട്ടിമറിക്കപ്പെടുമെന്ന് ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ് ഷിയാസ്. എറണാകുളം ജില്ലയിൽ പ്രത്യേകിച്ച് എറണാകുളം , കൊച്ചി , തൃപ്പൂണിത്തുറ , കളമശ്ശേരി, ആലുവ, തൃക്കാക്കര തുടങ്ങിയ പ്രദേശങ്ങളിൽ വിതരണം ചെയ്ത ഫോമുകൾ ഭൂരിഭാഗവും ഇനിയും തിരിച്ചുവരാൻ ഉണ്ട്. ജനങ്ങൾക്ക് ഈ ഫോം എങ്ങനെ പൂരിപ്പിക്കണമെന്ന് അറിയാത്ത സ്ഥിതിയാണ്. ഭൂരിഭാഗം പേർക്കും 2002ലെ വിവരങ്ങൾ ലഭിക്കാത്തത് കൊണ്ട് ഫോം തിരികെ നൽകാതെ വീട്ടിൽ വച്ചുകൊണ്ടിരിക്കുകയാണ്. ഇതിനൊരു പ്രതിവിധി കാണാൻ ജില്ലാ ഭരണകൂടത്തിന് സാധിക്കുന്നില്ല. എസ് ഐ ആർ ക്യാമ്പുകളിൽ ബിഎൽഒമാർ മാത്രമാണുള്ളത് ഇവരെ സഹായിക്കാൻ റവന്യൂ ഉദ്യോഗസ്ഥരെ ആരേയും നിയോഗിച്ചിട്ടില്ല. കൊണ്ടുവരുന്ന ഫോമുകൾ വാങ്ങി വയ്ക്കുക എന്നതിനപ്പുറം വരുന്നവർക്ക് ഇത് പൂരിപ്പിച്ചു കൊടുക്കുകയെന്നത് ബിഎൽഒ മാരെ സംബന്ധിച്ചിടത്തോളം അസാധ്യമായ കാര്യമാണ്. അപൂർണമായ ഫോമുകൾ തിരികെ വാങ്ങുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും. ഏതെങ്കിലും തരത്തിൽ ഫോം റദ്ദ് ചെയ്യപ്പെട്ടാൽ അവർക്ക് വോട്ട് നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. ഇത്തരം പ്രശ്നങ്ങളിൽ കൃത്യമായ സമയത്ത് ജില്ലാ ഭരണകൂടം ഇടപെടാഞ്ഞതാണ് എസ് ഐആർ നടപടിക്രമങ്ങൾ ജില്ലയിൽ പാളി പോകാനുള്ള കാരണം.മറ്റൊന്ന് കൊച്ചി നഗരത്തിലും അതിനോട് ചേർന്ന് പ്രദേശങ്ങളിലും ഫ്ലോട്ടിങ് പോപ്പുലേഷൻ ആണ്. ഈ വോട്ടർമാരെ കണ്ടെത്താനാവാതെ ബിഎൽഒമാർ  വിഷമിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ വിതരണം ചെയ്ത ഫോമുകളിൽ ഭൂരിഭാഗത്തിലും കൃത്യമായ മേൽവിലാസം ഇല്ലാത്തതും പ്രതിസന്ധിയാണ്. എല്ലാത്തിലും ഉപരി വിതരണം ചെയ്ത ഫോമുകൾ തിരിച്ചു കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യണമെന്ന നിർദ്ദേശം ജില്ലാ കളക്ടർ നൽകിയിട്ടുമില്ല. ഇന്നലത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് ആറു ലക്ഷത്തിലധികം വോട്ടർമാർ ഇപ്പോഴേ പട്ടികയിൽ നിന്ന് പുറത്തായി കഴിഞ്ഞു. എറണാകുളം ജില്ലയിൽ ആയിരിക്കും ഏറ്റവും അധികം പേർ പുറത്തുപോവുക. ഫ്ലാറ്റ് സംസ്കാരം വരുന്നത് തന്നെ 2002ന് ശേഷമാണ്. സ്വാഭാവികമായും ഫ്ലാറ്റുകളിൽ കഴിയുന്നവർ എസ് ഐ ആർ നടപടികളുമായി വലിയ പ്രതിസന്ധിയിലായിട്ടുണ്ട്. എസ്ഐആർ നടപടിക്രമങ്ങൾ നീട്ടിവെക്കൽ അല്ലാതെ ഇതിന് മറ്റൊരു പരിഹാരമില്ലെന്നും ജനാധിപത്യത്തെ അട്ടിമറിക്കുന്ന സമീപനത്തിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്നോട്ടുപോകണമെന്നും മുഹമ്മദ്‌ ഷിയാസ് പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img