03:54am 16 September 2026
NEWS
വി.എസ്സിനെ മുസ്ലീംവിരുദ്ധനാക്കാൻ ഗൂഢാലോചന നടന്നു...
01/08/2025  03:15 PM IST
പ്രദീപ് ഉഷസ്സ്
വി.എസ്സിനെ മുസ്ലീംവിരുദ്ധനാക്കാൻ ഗൂഢാലോചന നടന്നു...
HIGHLIGHTS

പത്രസമ്മേളനത്തിലെ പരാമർശങ്ങൾ വളച്ചൊടിച്ചു..

വി.എസ്. അച്യുതാനന്ദനെ മുസ്ലീം സമുദായ വിരുദ്ധനായി ചിത്രീകരിക്കാൻ ചില
കേന്ദ്രങ്ങൾ ആസൂത്രിതമായി നടത്തിയ നീക്കങ്ങൾക്ക് വർഷങ്ങളുടെ
പഴക്കമാണുള്ളത്. മലപ്പുറത്തുകാർ ഒന്നടങ്കം തീവ്രവാദികൾ ആണെന്നും,
മലപ്പുറത്തെ വിദ്യാർത്ഥികൾ ജയിക്കുന്നത് കോപ്പിയടിച്ചാണെന്നും വി.എസ്
പറഞ്ഞതായി സ്ഥാപിച്ചെടുക്കാൻ ആസൂത്രിത നീക്കങ്ങളാണ് നടന്നത്. തീവ്ര
ഇസ്ലാമിക ബോധം പേറുന്ന പല സംഘടനകളും, ആവർത്തിച്ച്, ആവർത്തിച്ച് അത്
സ്ഥാപിച്ചെടുക്കാൻ തന്ത്രപരമായ ശ്രമങ്ങൾ പലകുറി നടത്തുകയുമുണ്ടായി.
അതേസമയം, വി.എസിന്റെ വാക്കുകളെ വളച്ചൊടിച്ച് തങ്ങൾക്കുള്ള
ഇന്ധനമാക്കി മാറ്റാൻ പല ഹൈന്ദവ സംഘടനകളും ശ്രമിക്കുകയും ചെയ്തു.
ജീവിതത്തിൽ ഉടനീളം മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചിരുന്ന ഒരു
ജനകീയ നേതാവിനെയാണ് ഈവിധത്തിൽ മുസ്ലീംവിരുദ്ധനായി ചിത്രീകരിക്കാൻ,
ചിലർ അണിയറനീക്കങ്ങൾ നടത്തിയത്.

മുഖ്യമന്ത്രിയായിരിക്കെ വി.എസ്. അച്യുതാനന്ദൻ ഡെൽഹിയിൽ നടത്തിയ
പത്രസമ്മേളനത്തിലെ ചില പരാമർശങ്ങൾ ആണ് മുസ്ലീം സമുദായത്തിനെതിരെ
വി.എസ്. അത്യന്തം ഹീനമായ നിലയിൽ പ്രതികരിച്ചു എന്ന നിലയിൽ ചില
കേന്ദ്രങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചത്. അന്നത്തെ പരാമർശങ്ങളെ വളച്ചൊടിച്ച്
വി.എസ്. അച്യുതാനന്ദൻ മുസ്ലീം വിരുദ്ധനും, വർഗ്ഗീയ പരാമർശം നടത്തുന്ന
വ്യക്തിയുമാണെന്ന വിധത്തിൽ ചിലർ വിദഗ്ദ്ധമായി സ്ഥാപിച്ചെടുക്കാൻ ശ്രമിച്ചു.
ഇപ്പോൾ വി.എസിന്റെ അന്ത്യയാത്രാവേളയിൽ പോലും,
സോഷ്യൽമീഡിയയിലൂടെ വി.എസിനെ കടന്നാക്രമിക്കാൻ മതതീവ്രവാദം പേറുന്ന
ചിലർ ശ്രമിച്ചതും ഈവിധം പരാമർശങ്ങളെ വീണ്ടുമുയർത്തിയാണ്. എന്നാൽ
ഡെൽഹിയിൽ നടന്ന പത്രസമ്മേളനത്തിൽ, വി.എസിന്റെ പരാമർശങ്ങളെ
ബോധപൂർവ്വം വളച്ചൊടിച്ച് വിവാദങ്ങൾ സൃഷ്ടിച്ചതിന് പിന്നിൽ, ചില നാടകീയ സംഭവവികാസങ്ങൾ അരങ്ങേറിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി
മാധ്യമപ്രവർത്തകൻ എം.സി.എ. നാസർ രംഗത്ത് വന്നിട്ടുണ്ട്.

വി.എസ്. അച്യുതാനന്ദൻ വിട വാങ്ങിയ വേളയിലാണ്, മുസ്ലീം വിരുദ്ധനായി
വി.എസിനെ മുദ്ര കുത്താനിടയാക്കിയ പത്രസമ്മേളനത്തെക്കുറിച്ച്, നാസർ
തുറന്നെഴുതിയത്. ഇപ്പോൾ മീഡിയാവൺ മിഡിൽ ഈസ്റ്റ് ന്യൂസ് റിപ്പോർട്ടറായ
നാസർ അന്ന് മാധ്യമം പത്രത്തിന്റെ ഡെൽഹി റിപ്പോർട്ടറായിരുന്നു.

വി.എസിന്റെ വാക്കുകൾവളച്ചൊടിച്ചു

2010 ജൂലൈ 24 ന് നടന്ന പത്രസമ്മേളനത്തെക്കുറിച്ച്, എം.സി.എ. നാസർ നടത്തുന്ന
തുറന്നുപറച്ചിലുകൾ ഈ വിധത്തിലാണ്:

''ഡെൽഹിയിലെ കേരളഹൗസിൽ വൈകിട്ടായിരുന്നു മുഖ്യമന്ത്രി വി.എസ്.
അച്യുതാനന്ദന്റെ പത്രസമ്മേളനം. വളരെയധികം ഉന്മേഷഭരിതനായാണ്
വി.എസ് വന്നുകയറിയത്. ഡെൽഹിയിൽ വന്നതിന്റെ ഔദ്യോഗിക വിവരങ്ങളും
മറ്റും ആദ്യം പങ്കുവച്ചു. തുടർന്നായിരുന്നു ചോദ്യങ്ങൾക്കുള്ള സമയം.
ആഗസ്റ്റ് 15, സ്വാതന്ത്ര്യദിനത്തിന് കേരളത്തിൽ എൻ.ഡി.എഫ്‌ പ്രഖ്യാപിച്ച
പരേഡും, അതിനെതിരായ പ്രതികരണങ്ങളും അന്ന് വലിയ വാർത്തയായിരുന്നു.
അത് മുൻനിർത്തിയാണ് ഞാൻ വി.എസിനോട് ചോദ്യങ്ങൾ ചോദിച്ചത്.
എൻ.ഡി.എഫ്‌നടത്തുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ
വിശദീകരിച്ചുകൊണ്ടാണ് വി.എസ് അന്നതിന് മറുപടി നൽകിയത്. എന്റെ
ചോദ്യത്തോട് വളരെ വിശദമായി വി.എസ്. പ്രതികരിക്കുമെന്ന്, ഞാൻ ഒരിക്കലും
കരുതിയിരുന്നില്ല. അന്ന് ആഭ്യന്തര വകുപ്പിന്റെ തലപ്പത്തുള്ള
സംഘ്താൽപര്യമുള്ള ഉദ്യോഗസ്ഥർ കൈമാറിയ വിവരങ്ങൾ
കൂടിചേർത്തായിരിക്കണം വി.എസ് വിശദമായി മറുപടി പറഞ്ഞത്.
ഒരുപക്ഷേ, ആ മറുപടികൾ സംഘ്പരിവാറുകാർ, മറ്റ് വിധത്തിൽ ദുരുപയോഗം
ചെയ്‌തേക്കുമോ എന്ന ആശങ്ക അന്ന് തിരികെ, ഓഫീസിലേക്ക് മടങ്ങുമ്പോൾ
ഉള്ളിൽ ഉണ്ടായിരുന്നു. പേടിച്ചതുതന്നെ സംഭവിച്ചു. വി.എസ് പറഞ്ഞതിന്റെ
ആദ്യഭാഗം ഒഴിവാക്കി, തീവ്ര വലതുപക്ഷം അത് വ്യാപകമായി
പ്രചരിപ്പിക്കുന്നതാണ് പിന്നീട് കണ്ടത്. വി.എസിനെ മുസ്ലീം വിരുദ്ധനാക്കി
ചിത്രീകരിക്കാൻ ഇപ്പുറത്തുള്ളവരും അതൊരു ആയുധമാക്കി. വി.എസിനോട്
വിയോജിപ്പുകൾ ഉണ്ടാകാം. പക്ഷേ, ആ വാർത്താസമ്മേളനത്തിൽ
എൽ.ഡി.എഫിനെക്കുറിച്ചുള്ള എന്റെ ചോദ്യത്തിന് നൽകിയ മറുപടിയിൽ ഒരു

ഭാഗം കട്ട് ചെയ്‌തെടുത്ത് വി.എസിനെ തികഞ്ഞ മുസ്ലീം വിരുദ്ധനായി
ചിത്രീകരിക്കുന്നത് ഒട്ടും നീതീകരിക്കാനാവില്ല..''

ഈ വിധത്തിലാണ് എം.സി.എ. നാസറിന്റെ തുറന്നുപറച്ചിലുകൾ. ഡെൽഹിയിൽ
അന്ന് വി.എസ് നടത്തിയ പരാമർശങ്ങൾ ബോധപൂർവ്വം വളച്ചൊടിച്ചതാണെന്ന്
ഈ അനുഭവ സാക്ഷ്യത്തിൽ നിന്ന് വളരെയധികം വ്യക്തമാണ്. മുസ്ലീംതീവ്രവാദ
നിലപാടുകൾ ഉയർത്തിപ്പിടിച്ചിരുന്ന എൻ.ഡി.എഫിനെതിരെ അതിശക്തമായാണ്
പ്രസംഗവേദികളിൽ വി.എസ് അക്കാലത്ത് കടന്നാക്രമിച്ചിരുന്നത്.
അതിനോടൊപ്പം, ആഭ്യന്തര വകുപ്പിലെ സംഘപരിവാർ അനുകൂലികൾ നൽകിയ
വിവരങ്ങൾ കൂടി മുഖവിലക്കെടുത്ത് വി.എസ് സംസാരിക്കുമ്പോൾ
സ്വാഭാവികമായും അതിന് തീവ്രതയേറും. എൻ.ഡി.എഫിനെതിരെ നടത്തിയ
തീവ്രപ്രതികരണങ്ങളെ മുസ്ലീം സമൂഹത്തിനെതിരായി വി.എസ്
പ്രതികരിച്ചുവെന്ന വിധത്തിൽ സംഘ്പരിവാർ അനുകൂലകേന്ദ്രങ്ങൾ
ബോധപൂർവ്വം വളച്ചൊടിച്ചതായും, ചില ഭാഗങ്ങൾ ഒഴിവാക്കിയതായുമാണ്
നാസർ വിശദമാക്കിയിരിക്കുന്നത്. സംഘ്പരിവാർ ഇത് വിവാദമാക്കിയപ്പോൾ,
മുസ്ലീം അനുകൂല കേന്ദ്രങ്ങളും അവർക്കനുകൂലമായി സംഭവവികാസങ്ങളെ
മാറ്റിയെടുത്തു. വി.എസ്സിനെ മുസ്ലീം വിരുദ്ധനായി ചിത്രീകരിച്ച്, രാഷ്ട്രീയനേട്ടം
കൊയ്യാനുള്ള നീക്കമാണ് ചിലർ അന്ന് ആസൂത്രിതമായി നടത്തിയത്. ഒരു
നാണയത്തിന്റെ ഇരുവശങ്ങൾ എന്നതുപോലെ ഹൈന്ദവ- മുസ്ലീം തീവ്രവാദ
സംഘങ്ങൾ ഒരുമിച്ച് നടത്തിയ ഗൂഢാലോചന തന്നെയായിരുന്നു അന്ന്
അരങ്ങേറിയത്. അത് വലിയ അളവോളം വിജയിക്കുകയും ചെയ്തു.

മാധ്യമപ്രവർത്തകരുടേത് കുറ്റകരമായ മൗനം

അതേസമയം, എം.സി.എ. നാസർ നടത്തിയ തുറന്ന് പറച്ചിലിൽ അൽപ്പംപോലും
ആത്മാർത്ഥതയില്ല എന്ന അഭിപ്രായവും ശക്തമായി ഉയർന്നിട്ടുണ്ട്. മുസ്ലീം
വിരുദ്ധൻ എന്ന് മുദ്രകുത്തി വി.എസിനെ ആസൂത്രിതമായി
വേട്ടയാടിയപ്പോഴൊന്നും ഈവിധമൊരു തുറന്നുപറച്ചിൽ നടത്താൻ നാസറിന്
തോന്നിയതേയില്ല. വൈകിയുദിച്ച ഈ വിവേകത്തിന് പിറകിലെ
അടിയൊഴുക്കുകൾ എന്താകും?

2010 ജൂലൈ 24 ന് നടന്ന വാർത്താസമ്മേളനം ഇത്രയധികം അപകടകരമായി
വളച്ചൊടിച്ചിട്ടും, അതിന്റെ യാഥാർത്ഥ്യം ഇത്രയും കാലം ഒളിപ്പിച്ച് വച്ചതെന്തിന്
എന്ന ചോദ്യം ഏറെ പ്രസക്തമാണ്. വി.എസ് നടത്തിയത് മുസ്ലീം
വിരുദ്ധപ്രവർത്തനങ്ങൾ ആണ് എന്ന മുസ്ലീം തീവ്രവാദ സംഘടനകളുടെ
വാദമുഖങ്ങൾക്ക് വലിയ പ്രചാരണം നൽകിയതിൽ നിന്നും മാധ്യമത്തിനോ, മീഡിയാവണ്ണിനോ ഒഴിഞ്ഞുമാറാനാവില്ല. താൻ പ്രവർത്തിച്ചിരുന്ന
മാധ്യമസ്ഥാപനങ്ങളെപ്പോലും, യാഥാർത്ഥ്യം ബോധ്യപ്പെടുത്താൻ
തയ്യാറാകാതിരുന്ന നാസർ വി.എസ്. അച്യുതാനന്ദനെ വേട്ടയാടിയവർക്ക്
ഒത്താശകൾ ചെയ്തുകൊടുക്കുകയായിരുന്നുവെന്ന വിധത്തിലും പ്രതികരണങ്ങൾ
ഉയരുന്നുണ്ട്.

മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ പത്രസമ്മേളനത്തിലായതിനാൽ, അതിന്
സാക്ഷ്യം വഹിച്ച് മറ്റ് മാധ്യമപ്രവർത്തകരും ഉണ്ടായിരുന്നുവല്ലോ. അവരുടെ
ഭാഗത്ത് നിന്ന് ഉണ്ടായതും കുറ്റകരമായ മൗനം തന്നെയല്ലേ. ഇടതുപക്ഷാഭിമുഖ്യം
പുലർത്തുന്ന മാധ്യമസ്ഥാപനങ്ങൾക്കുപോലും അന്ന് നടന്ന സംഭവങ്ങളുടെ
നിജസ്ഥിതി ശക്തമായി പുറത്തുകൊണ്ടുവരാനും, ഹൈന്ദവ- മുസ്ലീം തീവ്രവാദ
സംഘടനകളുടെ അജണ്ടകളെ തുറന്നുകാണിക്കാനും കഴിയാതെ
പോയതെന്തുകൊണ്ടാണെന്ന ചോദ്യവും ശക്തമായി ഉയരുന്നുണ്ട്. വി.എസ്
പറഞ്ഞത് മുസ്ലീം സമുദായത്തിന് എതിരായിട്ടില്ല. എൻ.ഡി.എഫിന്റെ
പ്രവർത്തനശൈലിയെ വിമർശിക്കുകയായിരുന്നുവെന്ന് അന്നുതന്നെ
വ്യക്തമാക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ കേരളരാഷ്ട്രീയത്തിൽ ഇത്രയധികം
കോലാഹലങ്ങൾക്ക് അത് വഴിവെക്കില്ലായിരുന്നു എന്ന വിധത്തിലാണ്
പ്രതികരണങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്നത്.‌

വെല്ലുവിളിച്ച് ഡി.വൈ.എഫ്.ഐ‌

അന്നത്തെ പത്രസമ്മേളനത്തിൽ വി.എസിനോട്, ചോദ്യങ്ങൾ ചോദിച്ച
മാധ്യമപ്രവർത്തകൻ തന്നെ, വിശദീകരണവുമായി രംഗത്തെത്തിയ
സാഹചര്യത്തിൽ, മതതീവ്രവാദ സംഘടനകളെ രൂക്ഷമായി വിമർശിച്ചുകൊണ്ട്
ഡി.വൈ.എഫ്.ഐ രംഗത്ത് വന്നിട്ടുണ്ട്. വി.എസിനെതിരെ നടന്ന വർഗ്ഗീയ
പ്രചരണങ്ങൾക്കെതിരെ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്
സോഷ്യൽമീഡിയയിലൂടെ ശക്തമായ പ്രതികരണമാണുയർത്തുന്നത്. ഇസ്ലാമിക
സംഘ്പരിവാറിനോടുള്ള ചോദ്യങ്ങൾ എന്ന നിലയിലാണ് സനോജ് ചോദ്യങ്ങൾ
ഉയർത്തിയിട്ടുള്ളത്.

മലപ്പുറത്തുകാർ ആകെ തീവ്രവാദികൾ എന്ന് സ: വി.എസ് പറഞ്ഞോ?
വാസ്തവം: ഇല്ല.
മലപ്പുറത്തെ വിദ്യാർത്ഥികൾ കോപ്പി അടിച്ചാണ് പരീക്ഷകളിൽ വിജയിക്കുന്നത്
എന്ന് സ: വി.എസ് പറഞ്ഞോ?
വാസ്തവം: ഇല്ല.

2005 ൽ നാലകത്ത് സൂപ്പി വിദ്യാഭ്യാസമന്ത്രി ആയിരുന്ന കാലത്ത്, എൻട്രൻസ്
പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ്
നടക്കുന്ന സമയത്ത്, മാധ്യമപ്രവർത്തകർ ചോദിച്ച അനേകം ചോദ്യങ്ങളിൽ
ഒന്നിനോട് വി.എസ് നൽകിയ ഉത്തരമായ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അതും
പരിശോധിക്കണം എന്ന മറുപടിയെ ആണ് എൻട്രൻസ് പരീക്ഷയിൽ മലപ്പുറത്തെ
കുട്ടികൾ കോപ്പി അടിക്കുന്നുവെന്ന് വി.എസ് പറഞ്ഞതായി ഇസ്ലാമിക
സംഘ്പരിവാർ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. അല്ല എന്ന് നിങ്ങൾക്ക്
തെളിയിക്കാമോ...; വി.കെ. സനോജ് ഉയർത്തുന്ന ചോദ്യങ്ങൾ ഈവിധത്തിലാണ്.

ഒരു മനുഷ്യായുസ്സ് മുഴുവൻ മതതീവ്രവാദികളോട് ഒരു കോംപ്രമൈസും
ചെയ്യാതെ, ഈ നാടിന്റെ മതനിരപേക്ഷത ഉയർത്തിപ്പിടിക്കാൻ ശ്രമിച്ച ഒരു
മനുഷ്യനെ അന്ത്യനാളുകളിൽ മതമൗലികവാദിയാക്കാൻ ശ്രമിക്കുന്ന
മതതീവ്രവാദികളെ ഈ നാട് തിരിച്ചറിയുന്നുണ്ട്. അതിന് തെളിവാണ് കണ്ണേ,
കരളേ, വീയെസ്സേ... എന്ന് നെഞ്ച് പൊട്ടിക്കരയുന്ന ഇന്നാട്ടിലെ ആബാലവൃദ്ധം
ജനങ്ങൾ... അത് ഈ നാടിന്റെ പരിഛേദമാണ്. മതമൗലികവാദികളെ, നിങ്ങളുടെ
സർട്ടിഫിക്കറ്റ് ആ മനുഷ്യന് ഇന്നേവരെ വേണ്ടിവന്നിട്ടില്ല; ഇനിയുള്ള കാലവും...'
സനോജ് കൂട്ടിച്ചേർക്കുന്നു.

വി.എസ്. അച്യുതാനന്ദനെ മുസ്ലീം വിരുദ്ധനും, വർഗ്ഗീയവാദിയുമായി
ചിത്രീകരിക്കാനും, അത് വൈകാരിക വിഷയമായി പ്രചരിപ്പിക്കാനും,
സംഘ്പരിവാറും, മുസ്ലീം തീവ്രവിഭാഗങ്ങളും നടത്തിയ പ്രവർത്തനങ്ങളാണ്
ഇപ്പോൾ മറനീക്കി പുറത്തെത്തിയിരിക്കുന്നത്. ഈ അടിയൊഴുക്കുകൾ ചൂടേറിയ
രാഷ്ട്രീയചർച്ചകൾക്ക് വരുംദിവസങ്ങളിൽ വഴിയൊരുക്കുമെന്നത് ഉറപ്പാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img