09:51am 17 September 2025
NEWS
വന്യമൃഗങ്ങൾ നാട്ടിലെത്തുന്നത് തടയാൻ ശാസ്ത്രീയമായ നടപടികളുണ്ടാവണം
04/06/2025  07:41 PM IST
വന്യമൃഗങ്ങൾ നാട്ടിലെത്തുന്നത് തടയാൻ ശാസ്ത്രീയമായ നടപടികളുണ്ടാവണം

കേരളത്തിലെ വനാതിർത്തി ഗ്രാമങ്ങളിൽ, വന്യജീവികൾ സൃഷ്ടിക്കുന്ന സംഘർഷങ്ങൾ അസാധാരണമാംവിധം വർദ്ധിച്ചിരിക്കുന്നു. ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി കാടുവിട്ടിറങ്ങുന്ന വന്യമൃഗങ്ങളാണ് മനുഷ്യന്റെ ജീവനും വസ്തുവകകൾക്കും ഭീഷണിയാവുന്നത്. ഇക്കഴിഞ്ഞ മാർച്ച് 31 വരെയുള്ള 5 വർഷം കടുവ, പുലി, കാട്ടുപോത്ത്, കാട്ടുപന്നി എന്നിവയുൾപ്പെടെ കാട്ടാന ഒഴിച്ചുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 382 പേരാണ്. 111 പേർ കാട്ടാനകളുടെ ആക്രമണത്തിലും 20 പേർ നാട്ടാനകളുടെ ആക്രമണത്തിലും കൊല്ലപ്പെട്ടു.
മനുഷ്യജീവനോളം വലുതല്ല വന്യമൃഗങ്ങളുടേത് എന്ന അഭിപ്രായത്തിന് അനുദിനം പിന്തുണ വർദ്ധിക്കുന്നത് മനുഷ്യജീവനും വീടിനും കൃഷിക്കുമെല്ലാം നാശം വർദ്ധിക്കുന്നതുകൊണ്ടാണ്. എങ്കിലും പ്രകൃതി മനുഷ്യനുമാത്രം ജീവിക്കാനുള്ളതല്ല എന്ന യാഥാർത്ഥ്യം വിസ്മൃതിയിലാകാൻ പാടില്ല. കാടും കാട്ടുജീവികളും നമ്മുടെ ആവാസവ്യവസ്ഥയിൽ അനിവാര്യമാണെന്നത് ശാസ്ത്രീയമായ വസ്തുതയാണ്.
അതുകൊണ്ടുതന്നെയാണ് 1962 ലെ കേരള വനം നിയമത്തിലും, 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണനിയമത്തിലും വന്യജീവികളുടെ സംരക്ഷണനിയമത്തിനായി വളരെ ശക്തമായ വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന വന്യമൃഗങ്ങളെ നാട്ടിൽവെച്ച് കൊല്ലുന്നതിന് നിയമപരിരക്ഷ ഉറപ്പാക്കും വിധമുള്ള നിയമഭേദഗതിയോ, നിയമനിർമ്മാണമോ നടത്തുന്നതിന് രാഷ്ട്രീയ കക്ഷികളെല്ലാം ഏകാഭിപ്രായത്തിലാണ്.

വനാതിർത്തി ഗ്രാമങ്ങളിലെ വോട്ടവകാശമുള്ള ജനങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്നതിനാൽ രാഷ്ട്രീയകക്ഷികൾ അങ്ങനെയൊരു നിലപാട് സ്വീകരിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. എന്നാൽ വന്യമൃഗങ്ങൾ നാട്ടിലിറങ്ങിയാലുടൻ വെടിവെച്ചു കൊല്ലുന്നത് മാത്രമാണ് ഏക പരിഹാരം എന്ന് കാണുന്നത് മൗഢ്യമാണ്.

വനവിസ്തൃതിയുടെ കുറവ്, കാലാവസ്ഥാവ്യതിയാനം, അതിർത്തി ഗ്രാമങ്ങളിലെ കൂടുന്ന ജനസാന്ദ്രത, സഞ്ചാരസൗകര്യം കുറയൽ, ഭക്ഷണദൗർലഭ്യം, ജലക്ഷാമം, അശാസ്ത്രീയമായ മരം മുറിക്കൽ, തടിമോഷണം, കാട്ടുതീ, വനത്തിൽ കയറിയുള്ള മൃഗവേട്ട, ഖനനം, യൂക്കാലിപ്റ്റസ്, തേക്ക് എന്നീ ഏകവിള തോട്ടങ്ങളുടെ വർദ്ധനവ്, അണക്കെട്ട് നിർമ്മാണം ഇവയെല്ലാം മൂലം വന്യജീവികളുടെ അതിജീവനത്തിന് ആവശ്യമായ ആവാസവ്യവസ്ഥകൾ പരിമിതപ്പെടുകയാണ്. അപ്പോൾ അവ സ്വന്തം ആവാസകേന്ദ്രം ഉപേക്ഷിച്ച് മറ്റൊരിടം കണ്ടെത്താൻ നിർബന്ധിക്കപ്പെടുന്നു എന്നുള്ളതല്ലേ വസ്തുത.

വന്യജീവികൾ വരുത്തുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതോ, അത് വർദ്ധിപ്പിക്കുന്നതോ ശാശ്വത പരിഹാരം അല്ല. കേന്ദ്ര  സർക്കാർ വന്യജീവി ആക്രമണം നിയന്ത്രിക്കാനായി പണം അനുവദിക്കാറുണ്ട്. കേരളത്തിലെ പ്രത്യേകസാഹചര്യം പരിഗണിച്ച് വലിയ തുക അനുവദിക്കാൻ സംസ്ഥാനം ഏകകണ്ഠമായി കേന്ദ്രത്തിനുമേൽ സമ്മർദ്ദം ചെലുത്തണം.

കേരളത്തിൽ വനം വകുപ്പിന് കാര്യശേഷിയുള്ള നേതൃത്വം ഇല്ലാത്തതിന്റെ എല്ലാ പോരായ്മകളും വളരെ പ്രകടമാണ്. 'സോളാർ ഫെൻസിംഗ്' കുറേയൊക്കെ ഫലപ്രദമാണെങ്കിലും അത് പ്രാവർത്തികമാക്കുന്നതിൽ ഗുരുതരമായ അനാസ്ഥയുണ്ട്. ജനവാസ മേഖലയോടുചേർന്നുള്ള വനപ്രദേശത്തെ അടിക്കാടുകൾ വെട്ടിത്തെളിക്കാനുള്ള 'വിസ്ത ക്ലിയറൻസ്' പദ്ധതി ആരംഭിക്കുന്നതിലും അമാന്തമാണെന്നാണറിയുന്നത്. വന്യമൃഗങ്ങൾ കാട്ടിൽ നിന്ന് നാട്ടിലെത്തുന്നത് തടയാൻ ദീർഘവീക്ഷണത്തോടുകൂടിയുള്ള ശാസ്ത്രീയമായ നടപടികളാണ് ആവിഷ്‌ക്കരിക്കേണ്ടത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.