05:17am 16 November 2026
NEWS
'ഗുരുതര കേസ് വരുമ്പോൾ ഭായ് ഭായ് കളിച്ചിട്ട് കാര്യമില്ല.' ഹൈക്കോടതി പ്രകടിപ്പിച്ചത് ജനങ്ങളുടെ വികാരം
15/11/2026  09:15 AM IST
ഗുരുതര കേസ് വരുമ്പോൾ ഭായ് ഭായ് കളിച്ചിട്ട് കാര്യമില്ല. ഹൈക്കോടതി പ്രകടിപ്പിച്ചത് ജനങ്ങളുടെ വികാരം

 

പി.എസ്.സി നിയമനക്രമക്കേടുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോൾ ഹൈക്കോടതി ജഡ്ജി എ. ബദറുദ്ദീൻ സർക്കാരിനെ വിമർശിച്ചത് ഇങ്ങനെ 'ഗുരുതര കേസ് വരുമ്പോൾ 'ഭായ് ഭായ് കളിച്ചിട്ടൊന്നും കാര്യമില്ല. എതിർപക്ഷത്തുള്ള രണ്ടുപേരും ഭായ് ഭായ് ആയാൽ എന്താ സംഭവിക്കുക എന്നറിയുമോ? ജനങ്ങൾ വേറെ വഴി നോക്കും. ഈ മനോഭാവം കാരണം അതാണ് കേരളത്തിൽ സംഭവിക്കുന്നത്. ജനങ്ങളുടെ വികാരം മനസ്സിലാക്കാൻ ശ്രമിക്കൂ.' കോടതി പ്രകടിപ്പിച്ചത് അമിത കക്ഷിരാഷ്ട്രീയ വിധേയത്തമില്ലാത്ത മുഴുവൻ മലയാളിയുടെയും വികാരമാണ് എന്നതിൽ സംശയമില്ല.

സുതാര്യമായ സർക്കാരും ഭരണവും ജനങ്ങളുടെ അടിസ്ഥാന അവകാശമാണ്. ഒരു ജനാധിപത്യവ്യവസ്ഥയുടെ ജീവനാഡിതന്നെ ഭരണപമായ സുതാര്യതയും ഉത്തരവാദിത്തവുമാണ്. അഴിമതി ആരോപണങ്ങളിൽ രാഷ്ട്രീയ ഒത്തുതീർപ്പുകൾ ഉണ്ടാക്കുന്നത് നിയമവ്യവസ്ഥയോടുള്ള പൊതുജനങ്ങളുടെ വിശ്വാസം തകർക്കും. അഴിമതി വിരുദ്ധ നടപടികൾ രാഷ്ട്രീയ എതിരാളികളെ പ്രതിരോധത്തിലാക്കാനുള്ള ആയുധമായി ദുരുപയോഗം ചെയ്യാതെ അഴിമതിയും ക്രമക്കേടും നടത്തിയവർ ഏത് പാർട്ടിയിൽപ്പെട്ടവരായാലും അവർക്കെതിരെ നിഷ്പക്ഷവും കർശനവുമായ നിയമനടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

വിഷ്വൽ മീഡിയ-ഡിജിറ്റൽ മീഡിയ അതിപ്രസരവും കിടമത്സരവും ഉള്ള പുതിയ കാലത്ത് ഓരോ നിക്ഷിപ്ത താൽപ്പര്യങ്ങളുടെ ഭാഗമായി ആർക്കെതിരേയും എന്ത്  ആരോപണവും യാതൊരടിസ്ഥാനമില്ലാതെയും ഉന്നയിക്കപ്പെടാം. അഴിമതിയുടെ ചെളിയിൽ പുതഞ്ഞുനിൽക്കുന്നവർ മറ്റുള്ളവരുടെ മേലും ചെളിതെറിപ്പിക്കാൻ ശ്രമിച്ചെന്നും വരാം. എന്നാൽ മടിയിൽ കനമില്ലാത്തവർക്ക് ഇതിനെയൊന്നും ഭയപ്പെടേണ്ട കാര്യമില്ല. വിശ്വാസ്യതയുള്ള സത്യസന്ധമായ അന്വേഷണങ്ങൾക്ക് അവസരം ഉണ്ടാകണം.

അതിന്റെയടിസ്ഥാനത്തിൽ തെറ്റ് ബോധ്യപ്പെട്ടാൽ പിന്നെ വിട്ടുവീഴ്ചയ്ക്കും ഒത്തുതീർപ്പുകൾക്കും നിൽക്കരുത്. കിഫ്ബി പുനഃസംഘടന പഠിക്കാൻ കേരള സർക്കാർ നിയമിച്ച സുധാപിള്ള അധ്യക്ഷയായ അഞ്ചംഗസമിതിയുടെ യോഗ്യതയെക്കുറിച്ചും നിഷ്പക്ഷതയെക്കുറിച്ചും കാര്യവിവരമുള്ള ആർക്കും തർക്കമുണ്ടാകാനിടയില്ല. സമിതി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ കിഫ് ബിയുടെ നിയമവിരുദ്ധ നടപടികളും ദുരൂഹ ഇടപാടുകളും ധൂർത്തുമെല്ലാം വിശദമായി വ്യക്തമാക്കിയിരുന്നു.

കിഫ്ബിയുടെ 33-ാമത് യോഗം പാലക്കാട്ട് 470 ഏക്കറും കണ്ണൂരിൽ 4,896 ഏക്കറും ഉൾപ്പെടെ 5,336 ഏക്കർ ഭൂമി 12,710 കോടി ചെലവഴിച്ച് ഏറ്റെടുക്കാൻ അംഗീകാരം നൽകിയിരുന്നു. ഏറ്റെടുക്കാൻ ഉദ്ദേശിച്ച വിപുലമായ ഭൂവിസ്തൃതിയുടെ ആവശ്യകതയും സാമ്പത്തിക പ്രായോഗികതയും ന്യായീകരിക്കുന്ന സമഗ്ര ചെലവ്- നേട്ട വിശകലനമോ വ്യക്തവും ലാഭകരവുമായ വാണിജ്യപദ്ധതികളോ ഇല്ലാതെ കിൻഫ്ര സമർപ്പിച്ച കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്.

ഈ ഭൂമിയിൽ പിന്നീട് ഒന്നും ചെയ്യുകയുണ്ടായില്ല. വിപണി വിലയേക്കാൾ അഞ്ചുമടങ്ങ് ഉയർന്ന തുക നൽകിയാണ് ഭൂമി ഏറ്റെടുത്തതെന്നു മുഖ്യമന്ത്രിയും നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. പൊതുഖജനാവിന് വൻ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്ന തരത്തിൽ, വ്യക്തമായ ഒരു വാണിജ്യ പ്രായോഗിക പദ്ധതിപോലും ഇവിടെ മുൻമുഖ്യമന്ത്രിക്കോ, വ്യവസായ മന്ത്രിക്കോ ചൂണ്ടിക്കാണിക്കാനില്ലാതിരിക്കെ അവരുടെ മുഖം രക്ഷിക്കാനെത്തിയത് ഇപ്പോഴത്തെ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണെന്നത് കക്ഷിരാഷ്ട്രീയത്തിനതീതമായ ചില അന്തർധാരകളിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്.

വിവാദമായ സ്ഥലത്ത് പനയത്താംപറമ്പിലുള്ള 447 ഏക്കറിൽ വ്യവസായകേന്ദ്രം സ്ഥാപിക്കുമെന്നും വിമാനത്താവളത്തിന് സമീപം കിൻഫ്ര ഏറ്റെടുത്ത 475 ഏക്കർ കേന്ദ്ര സർക്കാരിന്റെ ഭാരത് ഔദ്യോഗിക് വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്താൻ ഡിപ്പാർട്ടുമെന്റ് ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പറഞ്ഞു. പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ എഴുന്നേറ്റുനിന്ന് ഒന്നിനും കൊള്ളാത്ത ഭൂമിയല്ല ഏറ്റെടുത്തതെന്ന് വ്യവസായമന്ത്രി സമ്മതിച്ചതിൽ നന്ദിയുണ്ടെന്ന് മാത്രം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORIAL
img