07:28am 25 October 2026
NEWS
ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ പിസിസി അധ്യക്ഷപദവിയിൽ നിന്ന് മാറ്റാൻ വീണ്ടും സമ്മർദ്ദമേറുന്നു.
12/02/2025  12:37 PM IST
വിഷ്ണുമംഗലം കുമാർ
ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ പിസിസി അധ്യക്ഷപദവിയിൽ നിന്ന് മാറ്റാൻ വീണ്ടും സമ്മർദ്ദമേറുന്നു

കർണാടകത്തിലെ കോൺഗ്രസ്സിലും ഗവണ്മെന്റിലും ഏറ്റവും ശക്തനാണ് ഡി കെ ശിവകുമാർ. ഹൈക്കമാണ്ടിൽ നിർണ്ണായക സ്വാധീനമുള്ള നേതാവും അദ്ദേഹമാണ്. അതുകൊണ്ടാണ് ഉപമുഖ്യമന്ത്രി സ്ഥാനവും പിസിസി അധ്യക്ഷപദവിയും അദ്ദേഹത്തിന് ഒന്നിച്ചുകൊണ്ടുപോകാൻ സാധിക്കുന്നത്. മുഖ്യമന്ത്രിക്കസേരയാണ് അദ്ദേഹത്തിന്റെ ആത്യന്തികലക്ഷ്യം. ശിവകുമാർ രണ്ടു സുപ്രധാന പദവികൾ ഒന്നിച്ചുവഹിച്ച് കരുത്തനായി നീങ്ങുന്നതിൽ പാർട്ടിയ്ക്കകത്ത് ശക്തമായ എതിർപ്പുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രധാന ശക്തിസ്രോതസ്സായ ന്യുനപക്ഷ,പിന്നോക്ക വിഭാഗ, ദളിത്‌ കൂട്ടായ്മ- അഹിന്ദ- യുടെ നേതാക്കളാണ് ശിവകുമാറിന്റെ അധീശത്വതിനെതിരായ സമ്മർദ്ദം ശക്തിപ്പെടുത്തുന്നത്. പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി ഡൽഹിയിലെത്തി എ ഐ സിസി നേതാക്കളായ മല്ലികാർജ്ജുന ഖാർഗെ, കെ സി വേണുഗോപാൽ എന്നിവരെകണ്ട് ഈ ആവശ്യം വീണ്ടും ഉന്നയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വർഷാവസാനം നടക്കും. അതിന് പാർട്ടിയെ സന്നദ്ധമാക്കുന്നതിനായി പുതിയ അധ്യക്ഷനെ കണ്ടെത്തിയേ തീരൂ എന്ന് ജാർക്കിഹോളി നേതൃത്വത്തെ ധരിപ്പിച്ചതായറിയുന്നു. സമൂഹത്തിലെ മറ്റു വിഭാഗങ്ങളെ തൃപ്തിപ്പെടുത്തുന്നതിനായി മൂന്ന് ഉപമുഖ്യമന്ത്രിമാരെ കൂടി നിയോഗിക്കണമെന്ന ആവശ്യവും ജാർക്കിഹോളി മുന്നോട്ടുവെച്ചിട്ടുണ്ട്. മുപ്പതിലേറെ എം എൽ എ മാരുടെ പിന്തുണ അവകാശപ്പെടുന്ന ജാർക്കിഹോളി വടക്കൻ കർണാടകയിൽ നിന്നുള്ള പ്രമുഖ ദളിത്‌ നേതാവാണ്. ഒന്നിലേറെ ഉപമുഖ്യമന്ത്രിമാർ വരികയും പിസിസി അധ്യക്ഷ പദവി നഷ്ടപ്പെടുകയും ചെയ്താൽ ശിവകുമാർ ദുർബ്ബലനാകും. ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വരയും സഹകരണമന്ത്രി കെ എൻ രാജണ്ണയും ഡൽഹിയിലെത്തി ദേശീയ നേതാക്കളോട് ഇതേ കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് നേതാക്കളും മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അടുപ്പമുള്ളവരും ശിവകുമാർ ശക്തനാകുന്നത് തടയാൻ ശ്രമിക്കുന്നവരുമാണ്. വനംമന്ത്രി ഈശ്വർ ഖന്ദ്രെയും ഡൽഹിയിലെത്തി ദേശീയനേതാക്കളുമായി ചർച്ച നടത്തി. അധ്യക്ഷസ്ഥാനമോ ഉപമുഖ്യമന്ത്രി പദവിയോ ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന നേതാവാണ് ഖന്ദ്രെ. കർണാടകത്തിലെ കോൺഗ്രസ്സിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് എതിരായുള്ള അടിയൊഴുക്ക് ശക്തമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img