
കൊച്ചി: കേരളത്തിൻ്റെ വികസന കാര്യത്തിൽ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടാണെന്നും സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ പൂർണ്ണമായി പിന്തുണയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആഗോള നിക്ഷേപക സംഗമത്തിൽ ആശംസാ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വ്യവസായ വികസനത്തിന് സാഹചര്യമൊരുക്കുകയാണ് ആവശ്യം.
" കഴിഞ്ഞ നാല് കൊല്ലത്തിനിടെ ഒരു ഹർത്താൽ പോലും പ്രതിപക്ഷം നടത്തിയിട്ടില്ല.ഇപ്പോൾ ഭരണപക്ഷത്തിരിക്കുന്നവർ നാളെ പ്രതിപക്ഷത്താകുമ്പോഴും ഇതേ നയം തുടരുമെന്ന് കരുതുന്നു." - സതീശൻ പറഞ്ഞു.
" ഒരു കാലത്ത് കേരളം ട്രെയ്ഡ് യൂണിയൻ മിലിറ്റൻസിക്ക് കുപ്രസിദ്ധമായിരുന്നു. എന്നാൽ കേരളത്തിലിപ്പോൾ അത്തരമൊരു മിലിറ്റൻസി ഇല്ലെന്ന് പറയാം. ഞാനും മന്ത്രി പി. രാജീവുമൊക്കെ ട്രെയ്ഡ് യൂണിയനുകളുടെ നേതാക്കളാണ്. നിങ്ങൾ ജോലിയെടുക്കുന്ന സ്ഥാപനം ലാഭകരമാക്കാൻ പരമാവധി അധ്വാനിക്കു എന്നാണ് തൊഴിലാളികളോട് പറയാനുള്ളത്. ലാഭത്തിൽ നിന്ന് തൊഴിലാളികൾക്ക് അർഹമായത് ചോദിച്ചു വാങ്ങാൻ ഞങ്ങൾ തയാറാണ്. കേരളത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി സമരങ്ങളും ലോക്കൗട്ടുകളും ഇല്ല.'' ' - സതീശൻ ചൂണ്ടിക്കാട്ടി. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങൾ ശക്തിപ്പെടുത്തണമെന്നും സംസ്ഥാനം ഒരു നിർണ്ണായക ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ തുടങ്ങിയ ദ്വിദിന നിക്ഷേപക സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.









