
ദോഹ: രാജ്യത്തെ പൊതുസാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സിവിൽ ഡിഫൻസ് കൗൺസിൽ ചേർന്ന ഉന്നതതല യോഗം ഖത്തറിലെ പരിസ്ഥിതി നില സുസ്ഥിരമാണെന്ന് പ്രഖ്യാപിച്ചു. പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ ജനറലും സിവിൽ ഡിഫൻസ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ മേജർ ജനറൽ മുഹമ്മദ് ജാസിം അൽ സുലൈത്തിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ട് യോഗം വിശദമായി വിലയിരുത്തി. രാജ്യത്തെ വായുവിലോ കടലിലോ യാതൊരുവിധ മലിനീകരണ ലക്ഷണങ്ങളും (Air or Marine Pollution) കണ്ടെത്തിയിട്ടില്ലെന്നും നിലവിലെ സാഹചര്യം പൂർണ്ണമായും സുരക്ഷിതമാണെന്നും റിപ്പോർട്ട് സ്ഥിരീകരിച്ചു.
രാജ്യത്തെ പരിസ്ഥിതി നിലവാരം ഉറപ്പാക്കാൻ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരും.ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള തയ്യാറെടുപ്പുകൾ യോഗം വിലയിരുത്തി. സുപ്രധാന മേഖലകളിലെ സുരക്ഷാ സജ്ജീകരണങ്ങളിൽ കൗൺസിൽ സംതൃപ്തി രേഖപ്പെടുത്തി.പരിസ്ഥിതി സംരക്ഷണത്തിലൂടെ പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ എല്ലാ അതോറിറ്റികളും ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് കൗൺസിൽ ആവർത്തിച്ചു.നിലവിലെ പ്രാദേശിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾക്കിടയിലുള്ള ആശങ്കകൾ അകറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ഔദ്യോഗിക റിപ്പോർട്ട്.











