
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി വരും ദിവസങ്ങളിലും തുടരുമെന്നും, ജനങ്ങൾ നേരിടുന്ന ദുരിതത്തിനു പെട്ടെന്നുള്ള പരിഹാരം കെ.എസ്.ഇ.ബിക്ക് മുന്നിലില്ലെന്നും മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. വൈദ്യുതി മുടക്കം സംബന്ധിച്ച് ജനം നേരിടുന്ന പ്രതിഷേധങ്ങൾക്കിടയിലാണ് മന്ത്രിയുടെ ഈ പ്രതികരണം. മുന്നറിയിപ്പില്ലാതെയുള്ള വൈദ്യുതി മുടക്കത്തിനു പകരം ഇനി മുതൽ കട്ട് മുൻകൂട്ടി അറിയിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്താകെ വൈദ്യുതിക്ക് രൂക്ഷമായ ക്ഷാമമുണ്ടെന്നും ഉയർന്ന വില നൽകിയാലും വൈദ്യുതി കിട്ടാനില്ലാത്ത അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു. യൂണിറ്റിനു 16 രൂപവരെയാണ് ചോദിക്കുന്നത്. പുതിയ ദീർഘകാല കരാറുകൾക്ക് ആരും മുന്നോട്ടുവരുന്നില്ല. ജനങ്ങളുടെ പ്രയാസത്തിൽ ഖേദമുണ്ടെന്നും, പ്രശ്നം പരിഹരിക്കാൻ അത്ഭുതപ്രവർത്തികളൊന്നും മുന്നിലില്ലെന്നും മനുഷ്യസാദ്ധ്യമായ എല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാത്രിയിൽ ഇ.വി വാഹനങ്ങൾ ചാർജ് ചെയ്യുന്നത് വർദ്ധിച്ചതും വൈദ്യുതി ആവശ്യകത വർദ്ധിപ്പിച്ചിട്ടുണ്ട്.
പ്രധാന തീരുമാനങ്ങളും പ്രതിരോധ നടപടികളും:
ദീർഘകാല കരാറുകൾ പുനഃസ്ഥാപിക്കാൻ സുപ്രീംകോടതിയിൽ നിയമപോരാട്ടം തുടരും.
ബാറ്ററി എനർജി സ്റ്റോറേജുകളുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കും.
ബ്രഹ്മപുരത്തെ ബെസ് പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഉടൻ നടക്കും.
എൻ.ടി.പി.സിയുമായി ചർച്ച നടത്തി കൂടുതൽ വൈദ്യുതി ലഭ്യമാക്കാൻ ശ്രമം തുടരുന്നു.
ഫ്ളോട്ടിംഗ് സോളാർ പദ്ധതി ഉൾപ്പെടെ വ്യാപിപ്പിച്ച് ആഭ്യന്തര വൈദ്യുതി ഉത്പാദനം കൂട്ടാൻ നടപടികൾ സ്വീകരിക്കും.
സോളാർ, കാറ്റാടി, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ പ്രോത്സാഹിപ്പിക്കും.
നിർമ്മാണത്തിലുള്ള ജലവൈദ്യുത പദ്ധതികൾ വേഗത്തിലാക്കും; ഇടുക്കി രണ്ടാംഘട്ടവും സജീവപരിഗണനയിലാണ്.
ഭൂതത്താൻകെട്ട് ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ഉണ്ടാകും.
അതിനിടെ, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി 15നകം പരിഹരിക്കുമെന്നും തോന്നുംപോലുള്ള പവർകട്ട് നിറുത്താൻ കെ.എസ്.ഇ.ബി.ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചു. എന്നാൽ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം എൽ.ഡി.എഫ് സർക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.











