
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനപ്രകാരം ഇന്ന് കേരളത്തിലെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
മഴ മുന്നറിയിപ്പ് വരും ദിവസങ്ങളിലും തുടരും. ഒക്ടോബർ 9ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തീരദേശത്തും ആശങ്ക
അതിനിടെ, കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് തിരുവനന്തപുരം തീരത്തും ജാഗ്രതാ നിർദേശം. കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരപ്രദേശങ്ങളിൽ ഇന്ന് വൈകിട്ട് 5.30 മുതൽ നാളെ രാത്രി 11.30 വരെ 0.8 മുതൽ 1.1 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി കടലാക്രമണത്തിനും സാധ്യതയുണ്ട്.
കന്യാകുമാരി തീരത്തും ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. നാളെ രാത്രി 8.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. തീരദേശ മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും കടലിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.










