08:41am 08 May 2026
NEWS
മുഖ്യമന്ത്രിയല്ലാതെ മറ്റൊരു പദവി ഏറ്റെടുക്കുന്ന പ്രശ്നമേ ഇല്ല'; നിലപാട് കടുപ്പിച്ച് വി.ഡി. സതീശൻ
08/05/2026  07:52 AM IST
സുരേഷ് വണ്ടന്നൂർ
മുഖ്യമന്ത്രിയല്ലാതെ മറ്റൊരു പദവി ഏറ്റെടുക്കുന്ന പ്രശ്നമേ ഇല്ല; നിലപാട് കടുപ്പിച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം:​യു.ഡി.എഫ് അധികാരത്തിലെത്തുന്ന സാഹചര്യത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം അതീവ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. മുഖ്യമന്ത്രിയായി പരിഗണിച്ചില്ലെങ്കിൽ മന്ത്രിസഭയിലോ പാർട്ടിയിലോ മറ്റ് യാതൊരു പദവികളും ഏറ്റെടുക്കാനില്ലെന്ന കർക്കശ നിലപാട് വി.ഡി. സതീശൻ സ്വീകരിച്ചതോടെ ഹൈക്കമാൻഡ് വെല്ലുവിളിയിലായിരിക്കുകയാണ്. എ.ഐ.സി.സി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് സതീശൻ തന്റെ നിലപാട് അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയത്. അണികളുടെയും യുവാക്കളുടെയും വികാരം മാനിക്കണമെന്നും ഗ്രൂപ്പ് സമവാക്യങ്ങൾക്കപ്പുറം ജനകീയ തീരുമാനമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
​അതേസമയം, കോൺഗ്രസ് നിയമസഭാ പാർട്ടിയിൽ ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണ കെ.സി. വേണുഗോപാലിനാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ അവകാശപ്പെടുമ്പോൾ, തനിക്കും ശക്തമായ പിന്തുണയുണ്ടെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. ഇതിനിടെ ചെന്നിത്തലയും വേണുഗോപാൽ പക്ഷവും തമ്മിൽ അധികാര കൈമാറ്റ ധാരണയ്ക്കുള്ള നീക്കങ്ങൾ സജീവമാണെന്ന സൂചനകളുമുണ്ട്. എന്നാൽ, മുസ്ലിം ലീഗും കേരള കോൺഗ്രസും സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് നിരീക്ഷകരെ അറിയിച്ചിരിക്കുന്നത്. എം.പിമാർ മുഖ്യമന്ത്രിസ്ഥാനത്തേക്ക് വരുന്നതിലൂടെ ഉണ്ടാകാനിടയുള്ള ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കണമെന്ന നിർദ്ദേശവും ഘടകകക്ഷികൾ മുന്നോട്ടുവെച്ചു.
​സംസ്ഥാനത്തെ നേതാക്കളുടെയും ഘടകകക്ഷികളുടെയും അഭിപ്രായം കേട്ട നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. വരുംദിവസങ്ങളിൽ സതീശനെയും ചെന്നിത്തലയെയും കെ.പി.സി.സി അധ്യക്ഷനെയും ഡൽഹിക്ക് വിളിപ്പിച്ച് ഹൈക്കമാൻഡ് നേരിട്ട് ചർച്ച നടത്തും. സതീശൻ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നത് ഹൈക്കമാൻഡിന് മേൽ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്. പദവികൾക്കായി നേതാക്കൾ നടത്തുന്ന പരസ്യമായ പോര് പൊതുജനങ്ങൾക്കിടയിൽ മോശം പ്രതിച്ഛായ ഉണ്ടാക്കുമെന്ന് ഘടകകക്ഷികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്താൻ ആലോചിക്കുന്ന സാഹചര്യത്തിൽ, വരും മണിക്കൂറുകളിൽ ഡൽഹിയിൽ നിന്നുള്ള പ്രഖ്യാപനം കേരള രാഷ്ട്രീയത്തിൽ നിർണായകമാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img