05:34am 10 November 2026
NEWS
ഭയം ലെവലേശമില്ല ഇസ്രായേലിലെ സുരക്ഷയിൽ വിശ്വാസമർപ്പിച്ച മലയാളി സമൂഹം
20/06/2025  06:03 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഭയം ലെവലേശമില്ല ഇസ്രായേലിലെ സുരക്ഷയിൽ വിശ്വാസമർപ്പിച്ച മലയാളി സമൂഹം
HIGHLIGHTS

റ്റിൻസ് ജെയിംസ് ( വലത്ത്)ബങ്കറിനുള്ളിൽ

ലോകത്തെ ആശങ്കയുടെ നിഴലിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുമ്പോൾ മെച്ചപ്പെട്ട ജീവിത സാഹചര്യമൊരുക്കാൻ തൊഴിൽ തേടി ഇസ്രായേലിലേക്ക് പോയ ആയിരക്കണക്കിന് മലയാളികളുടെ കുടുംബങ്ങളിൽ ഭയത്തിന്റെ ലാഞ്ചന പടരുകയാണ്. എന്നാൽ യുദ്ധത്തിന്റെ ഭീതി തങ്ങളെ ബാധിക്കുന്നില്ല എന്നാണ് ഇസ്രായേലിൽ ജോലിചെയ്യുന്ന ബഹുഭൂരിപക്ഷം മലയാളികളും പറയുന്നത്. ഇസ്രായേലിന്റെ ആധുനിക പ്രതിരോധ മികവും യുദ്ധരംഗത്തെ പ്രഹരശേഷിയും അതിലുപരി സുസജ്ജമായ സുരക്ഷാസംവിധാനങ്ങളും രാജ്യത്തെ പൗരന്മാർക്കും വിവിധ ദേശങ്ങളിൽ നിന്നെത്തി ജോലി ചെയ്യുന്നവർക്കും ഒരുപോലെ സുരക്ഷാ കവചം ഒരുക്കുന്നു എന്നാണ് ഇസ്രായേലിലെ മലയാളികളുടെ വാക്കുകളിൽ കാണാനാകു ന്നത്. തങ്ങൾ സുരക്ഷിതരാണെന്നും ഇസ്രായേൽ സർക്കാർ തങ്ങളുടെ ജീവൻ കാത്തു പരിപാലിക്കുന്നതിൽ അർപ്പണബോധത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും ഇസ്രായേലിൽ പണിയെടുക്കുന്ന മലയാളികൾ പുറത്തുവിടുന്ന സാമൂഹിക മാധ്യമ പോസ്റ്റുകളിൽ ഭയാശങ്കകൾ ഇല്ലാതെയാണ് അവർ വ്യക്തമാക്കുന്നത്. യുദ്ധത്തിന് ശക്തി ഏറിയിട്ടും ഫോണുകളിലേക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ പ്രവഹിക്കുമ്പോഴും അപായ സൈറണുകൾ നിരന്തരം മുഴങ്ങുമ്പോഴും പേടിച്ച് ജന്മനാട്ടിലേക്ക് മടങ്ങാൻ മുതിരാതെ ഇസ്രായേലിൽ തന്നെ ജോലിയിൽ തുടരുവാൻ മലയാളികൾ കാട്ടുന്ന താല്പര്യ അവരുടെ സുരക്ഷാ ബോധത്തിന്റെ പ്രകടനം ആവുകയാണ്. 25000 ത്തോളം മലയാളികൾ ഇസ്രായേലിൽ ജോലി ചെയ്യുന്നുവെ ന്നാണ് കണക്ക്. ഇതുവരെ മലയാളികൾ ആരും നാട്ടിലേക്ക് മടങ്ങണമെന്ന് ഔദ്യോഗികമായി അഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തങ്ങൾ സുരക്ഷിതരാണെന്ന് അവർ കുടുംബാംഗങ്ങളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളിൽ ഇടുക്കി സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം ഉണ്ടായത് താൻ പരിപാലിച്ചുകൊണ്ടിരിക്കുന്ന വയോധികയെ സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യഥാസമയം സുരക്ഷിത താവളമായ ബാങ്കറിലേക്ക് എത്തിക്കാൻ കഴിയാത്തതിനാൽ ആയിരുന്നു.കിറുകൃത്യമായ മുന്നറിയിപ്പുകളും സുരക്ഷാക്രമീകരണങ്ങളും ആണ് ഇസ്രായേലിൽ ഉള്ളതെന്ന്  ഇടുക്കി വാഴത്തോപ്പ് സ്വദേശിയും മലയാളം തമിഴ് സിനിമകളിലെ സംഘട്ടന സംവിധായകനും നടനുമായ ടിൻസ് ജെയിംസ് കേരളശബ്ദത്തോട് പറഞ്ഞു. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ഓശാന എന്ന സിനിമയിലെ പ്രധാന വില്ലനായി അഭ്രപാളിയിലെത്തിയ റ്റിൻസ്, ചിത്രം റിലീസ് ചെയ്യുമ്പോഴേക്കും ജോലി തേടി ഇസ്രായേലിലേക്ക് എത്തിയിരുന്നു.  ജീവിത പ്രാരാബ്ധങ്ങളാണ് ഇദ്ദേഹം ഉൾപ്പെടെയുള്ള മലയാളികളെ ഇസ്രായേലിലേക്ക് എത്താൻ പ്രേരിപ്പിച്ചത്. ഹമാസ്- ഇസ്രായേൽ യുദ്ധം ശക്തി പ്രാപിച്ച സമയത്ത് അഗ്രികൾച്ചർ ജോലികൾക്കായാണ് ഇസ്രായേലിലേക്ക് തിരിച്ചത്. അവിടെയെത്തിയത് മുതൽ ഗാസ അതിർത്തി മേഖലയോട് ചേർന്ന് ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നീട് ടെൽ അവീവിലേക്ക് ജോലികിട്ടി മാറുകയും പുതിയ സ്ഥാപനത്തിൽ ജോലി ആരംഭിക്കുകയും ചെയ്തപ്പോഴാണ് അപ്രതീക്ഷിതമായി ഇറാൻ- ഇസ്രായേൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. അടുത്ത ഡിസംബറിൽ നാട്ടിലേക്ക് തിരികെയെത്താൻ തീരുമാനിച്ചിരിക്കുമ്പോഴാണ് യുദ്ധത്തിന്റെ ആകസ്മിക വരവ്. ഇതേ തുടർന്ന് ഇസ്രായേലിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജോലിസ്ഥലങ്ങൾ പ്രവർത്തനരഹിതമാവുകയും ചെയ്തത് റ്റിൻസ് അടക്കം നിരവധി മലയാളികൾക്ക് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇറാൻ തൊടുത്തു വിടുന്ന മിസൈലുകൾ അയൺ ഡോം സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഇസ്രായേൽ തടയുന്നുണ്ടെങ്കിലും ചിലതൊക്കെ ജനവാസ മേഖലകളിൽ പതിക്കാറുണ്ട്.  17 ൽ അധികം തരത്തിലുള്ള മിസൈലുകളാണ് ഇറാൻ പ്രയോഗിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. മിസൈലുകൾ ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെടുമ്പോൾ തന്നെ വ്യക്തമായ വിവരം ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ഇസ്രായേൽ മനസ്സിലാക്കുകയും ഫോണിലൂടെ ജനങ്ങൾക്ക് സന്ദേശം യഥാസമയം കൈമാറുന്നുണ്ടെന്നും റ്റിൻസ് പറഞ്ഞു.  രാജ്യത്തിന്റെ അതിർത്തിയിലെത്തുന്നതിനു 15 മിനിറ്റ് മുമ്പേ അപായ സൈറൺ മുഴങ്ങും. ഈ സമയത്ത് മുഴുവൻ പേരും വീടുകളിലെ ബങ്കറുകളിലും  പൊതു ഇടങ്ങളിലെ ഷെൽട്ടറുകളിലമായി സുരക്ഷിതരാകും. അയൺ ഡോമുകൾ ഇറാൻ തൊടുക്കുന്ന മിസൈലുകളെ ഭൂമിയിലെത്തും മുമ്പ് തകർക്കുമ്പോഴും ഒന്നിലധികം  പോർമുനകളുമായി എത്തുന്ന മിസൈലുകളിൽ ചിലതെങ്കിലും ജനവാസമേഖലകളിൽ പതിച്ചാണ് അപകടം ഉണ്ടാവുന്നത്. കാർഷിക മേഖലകളിൽ പണിയെടുക്കുന്നവർക്ക് യഥാസമയം ഷെൽട്ടറുകളിൽ എത്താൻ കഴിയാത്തത് കണക്കിലെടുത്ത് പലയിടങ്ങളിലും കൃഷി മേഖല പ്രവർത്തനരഹിതമായത് നിരവധി മലയാളികൾക്ക് ജോലി നഷ്ടത്തിന് ഇടയാക്കിയിട്ടുണ്ട്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത കുങ്ഫു മാസ്റ്റർ എന്ന ചിത്രത്തിലൂടെയാണ് റ്റിൻസ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. അപ്സര, അൻപരശൻ കാതൽ ( തമിഴ്), 1983, ഓശാന എന്നീ ചിത്രങ്ങളിലെ സ്വതന്ത്ര സംഘട്ടന സംവിധായകൻ കൂടിയാണ് ഇദ്ദേഹം. 1999 മുതൽ 2007 വരെ വിവിധ സംസ്ഥാന ദേശീയ മീറ്റുകളിൽ നിരവധി മെഡലുകൾ നടത്ത മത്സരത്തിൽ നേടിയിട്ടുള്ള താരമാണ് റ്റിൻസ്. ജോലിക്കായുള്ള ശ്രമത്തിൽ സ്പോർട്സ് ക്വാട്ട പോലും ലഭിക്കാത്തതിനെത്തുടർന്ന് പ്രാദേശിക മാധ്യമപ്രവർത്തകനായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ചെറുപ്പം മുതൽ സ്വപ്നം കണ്ട് നടന്ന സിനിമാ മേഖലയിലേക്ക് എത്തിയപ്പോൾ ജീവിത പ്രാരാബ്ധങ്ങൾ നിമിത്തം കുറേക്കാലത്തേക്ക് ഈ രംഗത്തുനിന്നും മാറി ഇസ്രായേലിലേക്ക് പോകുവാൻ തയ്യാറാവുകയായിരുന്നു. ചെറുപ്പം മുതൽ കളരി,  കുങ്ഫു ആയോധനകലകൾ അഭ്യസിച്ചിരുന്ന ഇദ്ദേഹം ഇസ്രായേലിലെത്തി അവിടുത്തെ ആയോധനകലയായ ക്രാവ് അഭ്യസിച്ചു വരികയാണ്. തിരികെ നാട്ടിലെത്തി സിനിമയിൽ സജീവമാകണമെന്ന മോഹം പങ്കുവയ്ക്കുമ്പോഴും ഇസ്രായേലിലെ സുരക്ഷിതത്വത്തെ കുറിച്ച് മലയാളി സമൂഹത്തിന് ആശങ്കയില്ലെന്ന് ടിൻസ് അസന്നിഗ്ദ്ധമായി പറയുന്നു. എങ്കിലും എത്രയും പെട്ടെന്ന് യുദ്ധം അവസാനിക്കട്ടെ എന്ന പ്രാർത്ഥനയും പ്രതീക്ഷയുമാണ് ഇദ്ദേഹത്തിന്റെത്. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ ജൂലിയയാണ് റ്റിൻസിന്റെ ഭാര്യ. മൂന്ന് മക്കളുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img