
ദോഹ:ഹോർമുസ് കടലിടുക്കിലെ ഇൻ്റർനെറ്റ് കേബിളുകൾ ലക്ഷ്യമിടുമെന്ന തരത്തിലുള്ള ഭീഷണികൾക്കിടയിൽ, ഇറാൻ തങ്ങളുടെ കണക്കുകൂട്ടലുകൾ പുനഃപരിശോധിക്കണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഇബ്രാഹിം ബിൻ സുൽത്താൻ അൽ ഹാഷിമി ആവശ്യപ്പെട്ടു. ആശയവിനിമയങ്ങൾ തടസ്സപ്പെടുകയോ മേഖലയിലെ സമുദ്രഗതാഗതവും അന്താരാഷ്ട്ര വ്യാപാരവും തകരുകയോ ചെയ്താൽ ഏറ്റവും വലിയ നഷ്ടം സഹിക്കേണ്ടി വരുന്നത് ആരാണെന്ന് ഇറാൻ ചിന്തിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.പ്രശ്നപരിഹാരത്തിനായി ബന്ധപ്പെട്ട കക്ഷികൾ തമ്മിലുള്ള ആശയവിനിമയങ്ങളും സന്ദേശ കൈമാറ്റങ്ങളും തുടരുന്നുണ്ടെന്ന് അൽ ഹാഷിമി വ്യക്തമാക്കി. ചർച്ചകൾ സ്തംഭിച്ചിട്ടും മധ്യസ്ഥൻ എന്ന നിലയിൽ ഖത്തർ ശ്രമങ്ങൾ തുടരുന്നുണ്ട്. വാഷിംഗ്ടണും ടെഹ്റാനും തമ്മിൽ സമവായത്തിലെത്താനും മേഖലയുടെ സ്ഥിരത നിലനിർത്താനും ലക്ഷ്യമിട്ടുള്ള നയപരമായ ഇടപെടലുകൾ തുടരുമെന്നും അദ്ദേഹം അൽ ജസീറ വെബ്സൈറ്റിന് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കി.
വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിവാര മാധ്യമ ബ്രീഫിംഗിനിടയിൽ സംസാരിക്കവെ, ഈ പ്രതിസന്ധിക്ക് സൈനിക പരിഹാരം സാധ്യമല്ലെന്ന് അൽ ഹാഷിമി ഊന്നിപ്പറഞ്ഞു. സംഘർഷം നീണ്ടുപോയാൽ അത് മേഖലയ്ക്കും ലോകത്തിനും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും, ഊർമ്പ്രസ്രോതസ്സുകളെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ ഏറ്റുമുട്ടലുകൾ അവസാനിപ്പിച്ച് നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യം വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ നിർദ്ദേശങ്ങളിലെ ഭേദഗതികളോട് ഇറാൻ മറുപടി നൽകാൻ വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ സമയപരിധി പറയാൻ കഴിയില്ലെങ്കിലും ഉടൻ പരിഹാരത്തിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അൽ ഹാഷിമി വ്യക്തമാക്കി. ബന്ധപ്പെട്ട കക്ഷികളുമായി ചേർന്ന് അശ്രാന്ത പരിശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടലിടുക്കിലെ ജലസുരക്ഷ മേഖലയുടെ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കുടിവെള്ള ഉൽപ്പാദനത്തിനും സമുദ്രഗതാഗതത്തിനും മത്സ്യസമ്പത്ത് സംരക്ഷണത്തിനുമായി ഈ കടലിടുക്കിനെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് ഇതിനുണ്ടാകുന്ന ഏതൊരു ഭീഷണിയും വലിയ തിരിച്ചടിയാകുമെന്നും, ഹോർമുസ് കടലിടുക്കിനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക് നേരിട്ടുള്ള ഭീഷണിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സമുദ്രജലത്തിന്റെ സുരക്ഷ ഉറപ്പാക്കാനും അന്താരാഷ്ട്ര നിയമങ്ങളും കപ്പൽ ഗതാഗത സ്വാതന്ത്ര്യവും പാലിക്കാനുമുള്ള ഉത്തരവാദിത്തം ഇറാനാണെന്ന് ഓർമ്മിപ്പിച്ച അൽ ഹാഷിമി, സമുദ്ര പരിസ്ഥിതിക്ക് ഹാനികരമായ എണ്ണച്ചോർച്ചയും മറ്റ് അപകടകരമായ നീക്കങ്ങളും ഉടൻ നിർത്തണമെന്നും ആവശ്യപ്പെട്ടു. ഗതാഗത പ്രതിസന്ധി തുടരുന്നത് പ്രാദേശികവും അന്താരാഷ്ട്രവുമായ അപകടസാധ്യതകൾ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.











