10:51pm 16 June 2026
NEWS
ഇന്ധനക്ഷാമമില്ല ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ
16/06/2026  06:27 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഇന്ധനക്ഷാമമില്ല ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ
HIGHLIGHTS

(മുകളിൽ) ക്യാനുകളിൽ ഡീസൽ ലഭിക്കുന്നില്ലെന്ന ബേക്കറി, ഹോട്ടൽ അസോസിയേഷനുകൾ, ചെറുകിട നിർമാണ മേഖലയിലെ ജെസിബി-ഹിറ്റാച്ചി ഉടമകൾ, ആശുപത്രി പ്രതിനിധികൾ, ഫിഷറീസ് ബോട്ട് ഓണേഴ്സ് എന്നിവരുടെ പരാതികളെ തുടർന്ന്  ചേർന്ന അടിയന്തര യോഗത്തിൽ ജില്ലാ കളക്ടർ ജി പ്രിയങ്ക സംസാരിക്കുന്നു. ശേഷം വിളിച്ചുചേർത്ത വാർത്താസമ്മേളനം

ജില്ലയിൽ പെട്രോൾ, ഡീസൽ എന്നിവക്ക് യാതൊരുവിധ ക്ഷാമവുമില്ലെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ കളക്ടർ ജി പ്രിയങ്ക അറിയിച്ചു. 

കേന്ദ്ര സർക്കാരിന്റെ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നിലവിൽ വന്നതുമായി ബന്ധപ്പെട്ടുണ്ടായ ചില ആശയക്കുഴപ്പങ്ങളാണ് നിലവിലെ താല്ക്കാലിക പ്രതിസന്ധിക്ക് കാരണമെന്നും അവർ പറഞ്ഞു. 

​ക്യാനുകളിൽ ഡീസൽ ലഭിക്കുന്നില്ലെന്ന ബേക്കറി, ഹോട്ടൽ അസോസിയേഷനുകൾ, ചെറുകിട നിർമാണ മേഖലയിലെ ജെസിബി-ഹിറ്റാച്ചി ഉടമകൾ, ആശുപത്രി പ്രതിനിധികൾ, ഫിഷറീസ് ബോട്ട് ഓണേഴ്സ് എന്നിവരുടെ പരാതികളെ തുടർന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിനുശേഷം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. 

ജൂൺ 11-ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്ന് 200 ലിറ്ററിൽ കൂടുതൽ ഇന്ധനം വാങ്ങുന്ന ബൾക്ക് കൺസ്യൂമേഴ്സിന് മാത്രമാണ് നിയന്ത്രണമുള്ളത്.  ചെറുകിട ആവശ്യക്കാർക്കോ വ്യക്തികൾക്കോ വാഹനങ്ങൾക്കോ പ്രതിദിനം 200 ലിറ്റർ വരെ ഇന്ധനം വാങ്ങുന്നതിന് യാതൊരുവിധ വിലക്കുമില്ലെന്ന് ജില്ലാ കളക്ടർ കൂട്ടിച്ചേർത്തു. 

​സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ ) അംഗീകരിച്ച പ്രത്യേക കണ്ടെയ്നറുകളിൽ മാത്രമേ ഇന്ധനം നൽകാവൂ എന്ന് കർശന നിർദ്ദേശമുണ്ട്. മുൻപും ഈ നിയമം ഉണ്ടായിരുന്നുവെങ്കിലും പുതിയ ഉത്തരവോടെ ഇത് നിർബന്ധമാക്കിയിരിക്കുകയാണ്. പ്ലാസ്റ്റിക് കുപ്പികളിലോ സാധാരണ ക്യാനുകളിലോ ഇന്ധനം കൊണ്ടുപോകുന്നത് സുരക്ഷാ ഭീഷണിയായതിനാലാണ് പെസോ അംഗീകൃത കണ്ടെയ്നറുകൾ വേണമെന്ന് നിഷ്കർഷിക്കുന്നത്.

​നിലവിൽ ഇത്തരം ക്യാനുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ പെട്രോൾ പമ്പുകളിൽ തന്നെ ഇവ വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാൻ ഓയിൽ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 
​അടുത്ത മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ക്യാനുകളുടെ ലഭ്യത ഉറപ്പാക്കി ഇന്ധന വിതരണം പൂർണ്ണമായും സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ കളക്ടർ പറഞ്ഞു. 

വ്യാജ പ്രചാരണങ്ങളിൽ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img