02:33pm 26 June 2026
NEWS
ഞങ്ങൾക്കിടയിൽ ഭിന്നതയില്ല, ഹൈക്കമാണ്ട് നിർദ്ദേശം അനുസരിച്ചുനീങ്ങും: സിദ്ധരാമയ്യയും ശിവകുമാറും
29/11/2025  01:05 PM IST
വിഷ്ണുമംഗലം കുമാർ
ഞങ്ങൾക്കിടയിൽ ഭിന്നതയില്ല, ഹൈക്കമാണ്ട് നിർദ്ദേശം അനുസരിച്ചുനീങ്ങും: സിദ്ധരാമയ്യയും ശിവകുമാറും

 മുഖ്യമന്ത്രിയാക്കണമെന്ന ഡി കെ ശിവകുമാറിന്റെ ആവശ്യം നിരാകരിക്കാനോ മുഖ്യമന്ത്രി സ്ഥാനമൊഴിയാൻ സിദ്ധരാമയ്യയെ നിർബന്ധിക്കാനോ കഴിയാത്ത ധർമ്മസങ്കടത്തിലാണ് കോൺഗ്രസ്സ് ഹൈക്കമാണ്ട്. കർണാടകത്തിലെ കോൺഗ്രസ്സിൽ സ്ഥിതിഗതികൾ രൂപപ്പെട്ട് വികസിച്ചുവന്നത് ആ വിധത്തിലാണ്. ആദ്യത്തെ രണ്ടരവർഷം സിദ്ധരാമയ്യയും അതിനുശേഷം ശിവകുമാറും മുഖ്യമന്ത്രിയാകട്ടെ എന്നൊരു ധാരണ 2023ൽ കോൺഗ്രസ്സിന് അധികാരം കിട്ടിയപ്പോൾ ഉണ്ടാക്കിയിരുന്നത്രെ. എന്നാലത് സിദ്ധരാമയ്യ നിഷേധിച്ചിരുന്നു. അത് നാലഞ്ചുപേർക്ക് മാത്രമറിയാവുന്ന രഹസ്യമാണെന്നാണ് ശിവകുമാർ ഭംഗ്യന്തരേണ സൂചിപ്പിച്ചിരുന്നത് . ഹൈക്കമാണ്ട് ആകട്ടെ അതേപ്പറ്റി ഒരു വിശദീകരണം നൽകിയതുമില്ല. നേതൃമാറ്റ ചർച്ച വഷളായതിനെ തുടർന്നാണ് ശിവകുമാറിനെ പ്രാതൽകൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കാൻ കെ സി വേണുഗോപാൽ സിദ്ധരാമയ്യയ്‌ക്ക് നിർദ്ദേശം നൽകിയത്. ശിവകുമാറിനെയും വിവരമറിയിച്ചു. ഇന്ന് രാവിലെ ശിവകുമാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയിലെത്തി. ഇരുവരും ഒന്നിച്ച് പ്രഭാതഭക്ഷണം കഴിച്ചു. പരസ്പരം ഉള്ളുതുറന്ന് സംസാരിക്കുകയും ചെയ്തു. അതിനുശേഷം ഇരുവരും ഒന്നിച്ചാണ് മാധ്യമങ്ങളെ കണ്ടത്. രണ്ടുനേതാക്കളും സുസ്മേരവദനരായി കാണപ്പെട്ടു. " ഞങ്ങൾക്കിടയിൽ യാതൊരു ഭിന്നതയുമില്ല. മാധ്യമങ്ങളാണ് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത്. 2023 ൽ ഞങ്ങൾ ഒന്നിച്ചുപ്രവർത്തിച്ചാണ് കോൺഗ്രസിനെ അധികാരത്തിലെത്തിച്ചത്. അതേപോലെ 2028 ലും ഒന്നിച്ചുപ്രവർത്തിക്കും. ഹൈക്കമാണ്ട് എന്തു തീരുമാനം കൈക്കൊണ്ടാലും അത് അനുസരിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്" ഇരു നേതാക്കളും വ്യക്തമാക്കി. "നിയമസഭാസമ്മേളനം അടുത്തമാസം 8ന് ബെളഗാവിയിൽ ആരംഭിക്കുകയാണ്. അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നാണ് പ്രതിപക്ഷം പറയുന്നത്. അതൊക്കെ നേരിടാനുള്ള കരുത്ത് ഞങ്ങളുടെ പാർട്ടിയ്ക്കുണ്ട്. ബിജെപിയും ജെഡിഎസ്സും ചേർന്നാൽ 84 പേരെയുള്ളൂ. ഞങ്ങൾ നൂറ്റിനാല്പത് പേരുണ്ട്. അതിനാൽ അവിശ്വാസ പ്രമേയത്തെ കുറിച്ചൊന്നും ഞങ്ങൾക്ക് ഭയമില്ല. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ ഞങ്ങൾ ഒത്തുചേർന്ന് പ്രവർത്തിക്കും" സിദ്ധരാമയ്യയും ശിവകുമാറും വിശദീകരിച്ചു. നേതൃമാറ്റത്തെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് രണ്ടുനേതാക്കളും ഒഴിഞ്ഞുമാറി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img