
ന്യൂഡൽഹി: കേരളം പതിറ്റാണ്ടുകളായി കാത്തിരുന്ന പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയും ഏറെ ചർച്ചയായ സിൽവർ ലൈൻ, അതിവേഗ റെയിൽ പദ്ധതികളും ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. ജോൺ ബ്രിട്ടാസ് എം.പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് രാജ്യസഭയിൽ ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് നിലവിലുള്ള റെയിൽവേ കോച്ച് ഫാക്ടറികൾ ആവശ്യത്തിന് ഉത്പാദനം നടത്തുന്നുണ്ടെന്നും അതിനാൽ പുതിയത് ആവശ്യമില്ലെന്നുമാണ് കേന്ദ്ര നിലപാട്. കഞ്ചിക്കോട് ഏറ്റെടുത്ത 228 ഏക്കർ ഭൂമി ഭാവി ആവശ്യങ്ങൾക്കായി മാറ്റിവെക്കും.
സിൽവർ ലൈനും അതിവേഗ പാതയും ഉപേക്ഷിച്ചു: സിൽവർ ലൈനുമായി മുന്നോട്ട് പോകുന്നില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതിനാലാണ് പദ്ധതി ഉപേക്ഷിച്ചത്. ഇ. ശ്രീധരൻ മുന്നോട്ടുവെച്ച ബദൽ അതിവേഗ പാതാ നിർദ്ദേശം നിലവിലെ രീതിയിൽ പ്രായോഗികമല്ലെന്ന് വിദഗ്ദ്ധ സമിതി റിപ്പോർട്ട് നൽകിയതിനെ തുടർന്ന് സംസ്ഥാനം ഇതിൽ നിന്നും പിന്മാറിയതായും മന്ത്രി പറഞ്ഞു.
പകരം കേരളത്തിൽ 873 കിലോമീറ്റർ ദൈർഘ്യം വരുന്ന റെയിൽവേ വികസനവും നാലുവരിപ്പാതയാക്കുന്നതിനുള്ള സർവേ നടപടികളും വേഗത്തിലാക്കും. കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്നതിൽ മുൻഗണന നൽകുമെന്നും റെയിൽവേ അറിയിച്ചു.
44 വർഷത്തെ കാത്തിരിപ്പ് ആവിയായി
1982-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പാലക്കാട് കോട്ടമൈതാനിയിൽ പ്രഖ്യാപിച്ച പദ്ധതിയാണ് കഞ്ചിക്കോട് കോച്ച് ഫാക്ടറി. പിന്നീട് കപൂർത്തലയിലേക്ക് മാറ്റിയ പദ്ധതി 2008-09 കാലഘട്ടത്തിലാണ് വീണ്ടും സജീവമായത്. തുടർന്ന് ഭൂമി ഏറ്റെടുക്കലും തറക്കല്ലിടലും വരെ നടന്നെങ്കിലും പദ്ധതി അന്തിമമായി കേന്ദ്ര സർക്കാർ തള്ളിക്കളയുകയായിരുന്നു.
"ഭൂമി ഏറ്റെടുക്കലിലെ കാലതാമസം വെല്ലുവിളി"
"റെയിൽ പാത വികസനത്തിന് സർവേകൾ ആരംഭിച്ചെങ്കിലും ആവശ്യമായ 618 ഹെക്ടറിൽ 78 ഹെക്ടർ ഭൂമി മാത്രമാണ് സംസ്ഥാനം ഇതുവരെ ഏറ്റെടുത്ത് നൽകിയത്. ഭൂമി ഏറ്റെടുക്കലിനായി 1976 കോടി രൂപ സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ട്."
— അശ്വനി വൈഷ്‌ണവ് (കേന്ദ്ര റെയിൽവേ മന്ത്രി)











