
തിരുവനന്തപുരം: കേരളത്തിൽ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നില്ലെന്നും എക്സിറ്റ് പോളുകളിൽ പങ്കെടുത്ത ഭൂരിഭാഗം വോട്ടർമാരും മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണ മികവിനെ അംഗീകരിച്ചതായും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. എക്സിറ്റ് പോൾ സർവേകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പേർ പിണറായി വിജയനെ പിന്തുണച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"എൽ.ഡി.എഫ് ഗവൺമെന്റിന് നേതൃത്വം കൊടുത്ത സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമായ പരിണിതപ്രജ്ഞനായ മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിവുകളെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും വോട്ടർമാർ അംഗീകരിച്ചു എന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രിക്കെതിരെ പലരും ആസൂത്രിതമായി വളരെ നിലവാരം താണ ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിച്ചിരുന്നു. എന്നാൽ ഇതൊന്നും വോട്ടർമാരെ ബാധിച്ചിട്ടില്ലെന്ന് എക്സിറ്റ് പോളുകൾ തെളിയിക്കുന്നു," എം.എ. ബേബി പറഞ്ഞു.
കേരളത്തിലെ പ്രവചനങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
കേരളം: യുഡിഎഫിന് മുൻതൂക്കം, നേരിയ മുൻതൂക്കം, ഇഞ്ചോടിഞ്ച് എന്നിങ്ങനെ മൂന്ന് തരത്തിലാണ് പ്രവചനങ്ങൾ. ചാണക്യയുടെ നിരീക്ഷണം ഇഞ്ചോടിഞ്ച് പോരാട്ടം എന്നാണ്.
തമിഴ്നാട്: ഡിഎംകെ മുന്നണി ജയിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ നടൻ വിജയിയുടെ നേതൃത്വത്തിലുള്ള പുതിയ പാർട്ടിക്ക് ഭൂരിപക്ഷം പ്രവചിക്കുന്ന സർവേകളും അവിടെയുണ്ട്.
മറ്റ് സംസ്ഥാനങ്ങൾ: ബംഗാളിൽ ടിഎംസിയും ബിജെപിയും തമ്മിൽ കടുത്ത മത്സരമാണ്. അസം, പുതുച്ചേരി എന്നിവിടങ്ങളിൽ വലിയ വ്യത്യാസമില്ലാത്ത നിരീക്ഷണങ്ങളാണ് പുറത്തുവരുന്നത്.
മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയും വികസന കാഴ്ചപ്പാടുകളും ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും രാഷ്ട്രീയമായ ആരോപണങ്ങൾ വോട്ടിംഗിനെ കാര്യമായി ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











