07:27pm 11 September 2026
NEWS
റേഷൻ മണ്ണെണ്ണയിലും ക്ഷാമം; ഒക്ടോബർ–ഡിസംബറിലും വിഹിതം തികയില്ല
11/09/2026  06:33 PM IST
nila
റേഷൻ മണ്ണെണ്ണയിലും ക്ഷാമം; ഒക്ടോബർ–ഡിസംബറിലും വിഹിതം തികയില്ല

തിരുവനന്തപുരം: റേഷൻ മണ്ണെണ്ണയുടെ കാര്യത്തിൽ കേരളത്തിന് വീണ്ടും തിരിച്ചടി. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ക്വാർട്ടറിലും ആവശ്യത്തിന് മണ്ണെണ്ണ ലഭിക്കില്ല. കേന്ദ്ര വിഹിതത്തിൽ മാറ്റമില്ലാത്തതിനാൽ ലക്ഷക്കണക്കിന് കാർഡ് ഉടമകൾക്ക് മുഴുവൻ അർഹതപ്പെട്ട അളവ് ലഭിക്കാതെ വരും.

കേരളത്തിന് അനുവദിച്ച മണ്ണെണ്ണ വിഹിതം 4068 കിലോലീറ്ററായി (40.68 ലക്ഷം ലീറ്റർ) തന്നെ നിലനിർത്തുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം സംസ്ഥാനത്തെ അറിയിച്ചു. ഇതുസംബന്ധിച്ച കേന്ദ്ര കത്ത് സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടുണ്ട്. മണ്ണെണ്ണയുടെ വിലയിലും മാറ്റമില്ല. നിലവിലെ ചില്ലറ വിൽപനവില ലീറ്ററിന് 71 രൂപയാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം ഓരോ ക്വാർട്ടറിലും കേരളത്തിന് 5676 കിലോലീറ്റർ മണ്ണെണ്ണയാണ് ലഭിച്ചിരുന്നത്. എന്നാൽ ഈ വർഷം ഏപ്രിൽ മുതൽ വിഹിതം 4068 കിലോലീറ്ററായി കുറച്ചിരുന്നു. ഈ കുറവ് തുടരുന്ന സാഹചര്യത്തിലാണ് പുതിയ ക്വാർട്ടറിലും പ്രതിസന്ധി രൂക്ഷമാകുന്നത്.

സംസ്ഥാനത്ത് 5.94 ലക്ഷം മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലീറ്ററും 89 ലക്ഷത്തിലേറെ വരുന്ന പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾക്ക് അര ലീറ്ററുമാണ് ഒരു ക്വാർട്ടറിൽ അനുവദിച്ചിട്ടുള്ളത്. വൈദ്യുതി കണക്ഷനില്ലാത്ത വീടുകളിലെ കാർഡ് ഉടമകൾക്ക് ആറ് ലീറ്റർ വരെ ലഭിക്കും.

എന്നാൽ നിലവിലെ കേന്ദ്ര വിഹിതം ഉപയോഗിച്ച് അര ലീറ്റർ വീതം ലഭിക്കേണ്ട മുഴുവൻ കാർഡ് ഉടമകൾക്കും മണ്ണെണ്ണ നൽകാൻ കഴിയാത്ത സ്ഥിതിയാണ്. ഇതിനിടെ യന്ത്രം ഘടിപ്പിച്ച മത്സ്യബന്ധന വള്ളങ്ങൾക്കും റേഷൻ വിഹിതത്തിൽനിന്ന് മണ്ണെണ്ണ നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.

മത്സ്യബന്ധന മേഖലയ്ക്ക് മത്സ്യഫെഡ് വഴി വെള്ള മണ്ണെണ്ണ നിലവിൽ വിതരണം ചെയ്യുന്നുണ്ട്. ഇതിന് പുറമേ റേഷൻ വിഹിതത്തിൽനിന്നുള്ള നീല മണ്ണെണ്ണ കൂടി മാറ്റിവയ്ക്കേണ്ടിവരുന്നതോടെ പൊതുവിതരണ മേഖലയിലെ ലഭ്യത വീണ്ടും കുറയാനുള്ള സാധ്യതയാണ് ഉയരുന്നത്.

കേന്ദ്ര വിഹിതം വർധിപ്പിക്കാത്തതോടെ സംസ്ഥാനത്തെ ഏകദേശം 95 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കും ആവശ്യമായ അളവിൽ മണ്ണെണ്ണ ഉറപ്പാക്കുന്നത് കടുത്ത വെല്ലുവിളിയാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img