
ശബരിമല ഡ്യൂട്ടികളിൽ പോലീസുകാർക്ക് മതിയായ വിശ്രമം ഉറപ്പാക്കണമെന്ന ആവിശ്യം ശക്തമാകുമ്പോൾ വിഷയം പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി. സമിതിയെ നിയോഗിച്ച് സമഗ്ര ഇടപെടൽ നടത്തി മതിയായ വിശ്രമം പോലീസുകാർക്ക് ഉറപ്പാക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നൽകിയ പരാതി പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറി. മതിയായ വിശ്രമം ഡ്യൂട്ടിയിൽ ഇല്ലാത്തതിനാൽ ബഹുഭൂരിപക്ഷം പോലീസുകാരും മാനസിക സംഘർഷത്തിൽ ആകുന്നത് ഒഴിവാക്കേണ്ടതാണ്. ശബരിമല, തെരെഞ്ഞെടുപ്പ് ഡ്യൂട്ടികളിൽ പലപ്പോഴും മതിയായ വിശ്രമം പോലീസുകാർക്ക് ലഭിക്കാറില്ല. അച്ചടക്കമുള്ള സേന എന്ന നിലയിൽ ഇത്തരത്തിലുള്ള വിഷയങ്ങളിൽ പലരും പരാതികൾ ഉന്നയിക്കുകയോ ആക്ഷേപം പറയുകയോ ചെയാറില്ല. ക്ഷേമ രാഷ്ട്രത്തിൽ ആഭ്യന്തര സുരക്ഷ വളരെ പ്രധാനപ്പെട്ടതും ഇവരുടെ ആഭ്യന്തര ക്ഷേമം സുതാര്യമായി ഉറപ്പാക്കേണ്ടതാണ്. ഗർഭിണികളായ വനിതാ പോലീസുകാർക്ക് പോലും മതിയായ വിശ്രമം ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പോലീസുകാരുടെ മാനസിക സംഘർഷം പരിഹരിക്കുന്നതിന് ഡ്യൂട്ടിയിൽ മതിയായ വിശ്രമം ഉറപ്പ് വരുത്തുന്നതോടൊപ്പം മാനസിക സംഘർഷം ലഘൂകരിക്കുന്നതിന് മാനസിക ശാരീരിക പരിശീലന ക്‌ളാസ്സുകളും കൗൺസിലിങ്ങുകളും പോലീസുകാർക്ക് ഉറപ്പാക്കേണ്ടതാണ്.ഇത്തരം കാര്യങ്ങളിൽ പ്രമുഖ ഡോക്ടർമാർ അടക്കം നിരവധി പ്രമുഖർ നൽകിയ ശുപാർശകൾ പരിഗണിക്കപ്പെട്ടിട്ടില്ല. അതിനാൽ ഇത്തരം വിഷയങ്ങളിൽ സമിതിയെ നിയോഗിച്ച് സമഗ്ര ഇടപെടൽ നടത്തണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെടുന്നത്.
Photo Courtesy - Google








