
ബംഗളുരു: കോൺഗ്രസ്സിന്റെ ഉരുക്കുകോട്ടയായിരുന്ന കർണാടകത്തിൽ ബിജെപി ശക്തിപ്പെട്ടതോടെയാണ് സമൂഹത്തിൽ വർഗീയ വേർതിരിവ് വ്യാപകമാവുകയും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സംഘർഷാത്മക സാഹചര്യം സംജാതമാവുകയും ചെയ്തത്. ബിജെപിയും കോൺഗ്രസ്സും മാറിമാറി ഭരിക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. ബിജെപി ഭരിക്കുമ്പോൾ തീവ്ര ഹിന്ദുത്വ ശക്തികളും കോൺഗ്രസ്സ് ഭരണത്തിലെത്തുമ്പോൾ തീവ്ര ഇസ്ലാമിക ശക്തികളും തലപൊക്കുന്നു. രാഷ്ട്രീയ സ്വാധീനമുള്ള വിഭാഗം മറുപക്ഷവുമായി ഉരസുമ്പോഴാണ് വർഗീയ സംഘട്ടനങ്ങൾ ഉണ്ടാവുകയും ചോരപ്പുഴകൾ ഒഴുകുകയും ചെയ്യുന്നത്. സംസ്ഥാനം കോൺഗ്രസ്സും കേന്ദ്രം ബിജെപിയും ഭരിക്കുന്ന നിലവിലെ സാഹചര്യത്തിൽ തീവ്രഹിന്ദുത്വ ശക്തികളും തീവ്ര ഇസ്ലാമിക ശക്തികളും ഒരുപോലെ തലപൊക്കുകയും പരസ്പരം പോരടിക്കുകയും ചെയ്യുന്നു. സംഘർഷങ്ങൾ പോർവിളികളും ക്രൂര കൊലപാതകങ്ങളുമായി മാറുമ്പോൾ നാടിന്റെ സ്വൈര്യവും സമാധാനവും നഷ്ടപ്പെടുന്നു. വർഗീയ വേർതിരിവ് ആഴത്തിൽ വേരോടിയിട്ടുള്ളത് ദക്ഷിണ കന്നഡ, ഉഡുപ്പി എന്നീ തീരദേശ ജില്ലകളിലാണ്. ഈ ജില്ലകളിലെ പല പ്രദേശങ്ങളും സദാ അസ്വസ്ഥമാണ്. പ്രതികാരക്കൊലകൾ ഇടയ്ക്കിടെ അരങ്ങേറുന്നു. സ്ഥിതിഗതികൾ വഷളാവുന്ന സാഹചര്യത്തിലാണ് ഈ ജില്ലകളിൽ പോലീസ് വകുപ്പിന് കീഴിൽ വർഗീയ വിരുദ്ധസേന (ആന്റി കമ്മ്യുണൽ ടാസ്ക് ഫോഴ്സ്- എസിടിഎഫ്) രൂപീകരിക്കാൻ ഗവണ്മെന്റ് തീരുമാനിച്ചത്. ആന്റി നക്സൽ ഫോഴ്സ്( എഎൻഎഫ്) സംസ്ഥാനത്ത് നിലവിലുണ്ടായിരുന്നു. നക്സലിസം അഥവാ മാവോയിസം സംസ്ഥാനത്ത് ഏതാണ്ട് ഇല്ലാതായതിനാൽ എഎൻഎഫ് ഈയിടെയായി നിർജ്ജീവമാണ്. എഎൻ എഫിലെ പരിശീലനം സിദ്ധിച്ച ഓഫീസര്മാരെയും ഭടന്മാരെയും ഉൾപ്പെടുത്തിയാണ് എ സി ടി എഫ് രൂപീകരിക്കുന്നത്. " രണ്ടു ജില്ലയിൽ മാത്രം വർഗീയ വിരുദ്ധസേന രൂപീകരിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. മറ്റുചില ജില്ലകളിലും പ്രശ്നങ്ങളുണ്ട്. അതിനാൽ സംസ്ഥാനതലത്തിൽ വർഗീയ വിരുദ്ധസേന രൂപീകരിക്കണമെന്ന നിർദ്ദേശം വന്നിട്ടുണ്ട്. അക്കാര്യം ഗവണ്മെന്റ് ഗൗരവമായി പരിഗണിച്ചുവരികയാണ് " ആഭ്യന്തരമന്ത്രി ഡോക്ടർ ജി പരമേശ്വര വ്യക്തമാക്കി. നിലവിലെ രാഷ്ട്രീയ ബലപരീക്ഷണവും സാമൂഹിക സാഹചര്യവും പരിഗണിക്കുമ്പോൾ സംസ്ഥാനതലത്തിൽ തന്നെ വർഗീയവിരുദ്ധസേന രൂപീകരിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്.
Photo Courtesy - Google











