10:09pm 12 November 2026
NEWS
മാർ താഴത്തിൻറെ വെളിപ്പെടുത്തലുകളെ സാധൂകരിക്കുന്ന വ്യക്തമായ സൂചനകളുണ്ട്
വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ്.

06/02/2026  06:32 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മാർ താഴത്തിൻറെ വെളിപ്പെടുത്തലുകളെ  സാധൂകരിക്കുന്ന വ്യക്തമായ സൂചനകളുണ്ട് വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ്.

കൊച്ചി: ഏകീകൃത കുർബാന വിരോധികൾ നടത്തിയ സഭാ വിരുദ്ധ സമര    പരിപാടികൾക്ക്  പുറത്തുനിന്നും ആളും പണവും വേണ്ടുവോളം ലഭിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നതിന് പൊതുജനം  സാക്ഷിയാണെന്നു വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

സിബിസിഐ പ്രസിഡൻറ് പറഞ്ഞതുപോലെ അതിരൂപതയിലെ ഏതാനും വിമത വൈദീകരും അൽമായ സംഘടനയും ചില നിരോധിത തീവ്രവാദി ഗ്രൂപ്പുകളുടെ പണിയാളുകളായി പ്രവർത്തിക്കുന്നുണ്ടെന്ന് ഇവരുടെ പ്രസ്താവനകളും ഇടപെടലുകളും സമര രീതികളും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആർക്കും  മനസ്സിലാകും. മേലധികാരികളെ അനുസരിക്കാതെ   തീവ്രവാദി സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്ന ചില വൈദീകർ അതിരൂപതയിലുണ്ട്. ഇതിന് ഉദാഹരണമാണ് അടുത്തിടെ  വികാരി സ്ഥാനം ഉപേക്ഷിച്ച് ഇടവക വിട്ടുപോയൊരു വൈദീകൻ. സഭയിലെ ലിറ്റർജി തർക്കം വർഷങ്ങളായി നിലവിലുണ്ടെന്ന് സമരക്കാർ തന്നെ സമ്മതിക്കുന്നുണ്ട്.  കുർബാന ക്രമത്തിലും മറ്റ് ആരാധന രീതികളിലും കാലാകാലങ്ങളിൽ നിരവധി മാറ്റങ്ങൾ സഭ വരുത്തിയിട്ടുണ്ട്. അക്കാലങ്ങളിൽ  ഉണ്ടാകാറുള്ള വിയോജിപ്പുകൾ സഭാതലകളിൽ തന്നെ ചർച്ച ചെയ്ത് പരിഹാരം കാണുകയാണ് പതിവ്. ഇതൊന്നും വിശ്വാസികൾക്കിടയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നില്ല. കാരണം,ആരാധനക്രമ രീതികൾ തീരുമാനിക്കുന്നതിൽ അൽമായർക്കോ  സംഘടനകൾക്കോ സഭാ നിയമപ്രകാരം ഒരു അവകാശവുമില്ല. എന്നാൽ, എന്തുകൊണ്ടാണ് എറണാകുളത്ത് മാത്രം ഇത്ര വലിയ പ്രതിസന്ധി  ഉണ്ടായതെന്ന അന്വേഷണത്തിൻറെ ചില ഉത്തരമാണ് മാർ ആൻഡ്രൂസ് താഴത്ത് ആദ്യം രഹസ്യമായും ഇപ്പോൾ പരസ്യമായും തുറന്നു പറയാൻ ധൈര്യം കാണിച്ച കാര്യങ്ങളിലേക്ക് എത്തിയിരിക്കുന്നത്.

എറണാകുളം വഞ്ചി സ്ക്വയർ മുതൽ ബസിലിക്ക, അരമന തുടങ്ങി ഏറ്റവും അവസാനം ഉദയംപേരൂർ പള്ളിയിൽവരെ നടന്ന  സമരങ്ങളിൽ ചില പ്രത്യേക വിഭാഗം ആളുകളുടെ സാന്നിധ്യവും, അരമനയും ബസിലിക്കയും  പിടിച്ചെടുക്കൽ സമരത്തിന് എത്തിയവരുടെ വാഹനങ്ങൾ പുറത്തെടുക്കാൻ കഴിയാതെ ബസിലിക്കയുടെ ഗേറ്റുകൾ പോലീസ്  പൂട്ടിയപ്പോൾ ചില നിരോധിത സംഘടനകളുടെ ശക്തി കേന്ദ്രങ്ങളായ പ്രദേശങ്ങളിലെ രജിസ്ട്രേഷനുള്ള 4 ടെമ്പോ ട്രാവലറുകൾ കണ്ടെത്തിയതും, ലക്ഷങ്ങളും കോടികളും മുടക്കി വത്തിക്കാനിലേക്കുവരെ പ്രതിനിധികളെ അയയ്ക്കുക,  സമര മാമാങ്കങ്ങൾ നടത്തുക, കോടികളുടെ സാമ്പത്തിക ബാധ്യതമൂലം സ്വന്തം വീട് വരെ ബാങ്ക് ജപ്തിയിലായിരുന്ന വിമത  അൽമായ സംഘടന നേതാവിൻറെ കടങ്ങൾ ദിവസങ്ങൾക്കുള്ളിൽ  തീർക്കുക, സംഘടനയിലെ മുൻനിര നേതാക്കൾക്ക് പൊടുന്നനെയുണ്ടായ സാമ്പത്തിക വളർച്ച, വൈദീകരുൾപ്പെടെയുള്ള മുൻനിര  സമരക്കാർ ചുരുങ്ങിയ കാലത്തിനുള്ളിൽ പുതിയ മുന്തിയ ബ്രാൻഡ് വാഹനങ്ങൾ സ്വന്തമാക്കിയതിൻ്റെയെല്ലാം  സാമ്പത്തിക സ്രോതസ്സ്  വിരൽചൂണ്ടുന്നത് ആൻഡ്രൂസ് മെത്രാൻ പറഞ്ഞുവച്ചതുപോലെ  സഭയെ തകർക്കാൻ ലക്ഷ്യമിടുന്ന തീവ്രവാദി ഗ്രൂപ്പുകളിലേക്ക് തന്നെയാണ്. 

സഭാ പിതാക്കന്മാരെ ശാരീരികമായി ഉപദ്രവിക്കുക, കുർബാനയും ബലിപീഠവും സമരവേദിയാക്കുക, കുർബാന അർപ്പിക്കുന്നതിനിടെ വൈദികരെ ആക്രമിച്ച് പരിക്കേൽപ്പിക്കുക, കർദ്ദിനാളിൻ്റേയും ന്യൂൺഷോയുടെയും കോലം കത്തിക്കുക, മാർപാപ്പയുടെ പ്രതിനിധിയെ ആൾക്കൂട്ടത്തെ നിരത്തി  തടഞ്ഞു കുപ്പിയെറിയുക,  അരമനയുടെ ഗേറ്റ് തകർക്കുക തുടങ്ങിയ രീതിയിലുള്ള സഭാവിരുദ്ധ പ്രവർത്തനങ്ങളൊന്നും ചെയ്യാൻ സാധാരണ വിശ്വാസികൾക്ക് കഴിയില്ല. ഇതെല്ലാം പുറത്തു നിന്നുള്ള പരിചയസമ്പന്നരുടെ കൃത്യമായ പരിശീലനത്തിലൂടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രം നടക്കുന്ന കാര്യങ്ങളാണെന്ന് വ്യക്തം. 

വ്യക്തികളുടെയും സംഘടനകളുടെയും പേരെടുത്ത് പറയാതെ ഇവിടത്തെ ചില അപകടകരമായ കാര്യങ്ങൾ സൂചിപ്പിക്കുക മാത്രമാണ് മാർ താഴത്ത് ചെയ്തത്.എന്നിട്ടും വിമതരുടെ സംഘടന നേതാക്കൾ കൊലവിളിയുമായി അദ്ദേഹത്തിനെതിരെ ഇറങ്ങിയിരിക്കുന്നത് അവർ കുറ്റക്കാർ ആയതുകൊണ്ടാണ്. പള്ളികളിലെ സ്വർണം അപഹരിക്കുക, ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടുകൾ നടത്തുക, പോക്സോ കേസുകളിൽ പ്രതികളാകുക, പള്ളിമേടകളിൽ പോലും സ്ത്രീകളെ രഹസ്യമായി താമസിപ്പിച്ചും അല്ലാതെയും ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുക, സഭാ നിയമങ്ങൾ ലംഘിക്കുക എന്നിവക്കു പിടിക്കപ്പെട്ട നിരവധി വൈദികർ അതിരൂപതയിലുണ്ട്. ഇവരാരും ഇതുവരെയും ശിക്ഷിക്കപ്പെട്ടിട്ടില്ല. വൈദീക സമിതി,  അതിരൂപത സംരക്ഷണ സമിതി  തുടങ്ങിയ വൈദീക സംഘടനകളുടെ ശക്തിക്കു മുന്നിൽ ആർക്കും ഇവരെ തൊടാനാകില്ല. ഇതിനെതിരെയൊന്നും ഒരു ചെറു ശബ്ദംപോലും ഉയർത്താത്തവരാണ് അതിരൂപത സ്നേഹവും പറഞ്ഞ് രംഗത്തിറങ്ങിയിരിക്കുന്നത്.  വൈദികരുടെ എല്ലാ വൃത്തികേടുകൾക്കും  കൂട്ടുനിൽക്കുന്ന ഒരു അൽമായ സംഘടനയെ ഇവർ തന്നെ സൃഷ്ടിച്ചെടുത്തു അതിരൂപതയുടെ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. വൈദീകരെ നിയന്ത്രിക്കാനും അവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കാനും ധൈര്യം കാണിക്കുന്ന മെത്രാന്മാരെ ഇല്ലാതാക്കാനും കുറ്റക്കാരായ വൈദീകരെ സംരക്ഷിക്കലുമാണ് വൈദിക - അൽമായ അവിശുദ്ധ കൂട്ടുകെട്ടിന്റെ അജണ്ട. തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും സഭയിൽ വിലപേശൽ നടത്തുന്നതിനാണ് ഇവർ ചില തീവ്രവാദി ഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിച്ചിരിക്കുന്നത്. ഇരുകൂട്ടരുടെയും ഇoഗീതത്തിനനുസരിച്ച് പ്രവർത്തിക്കുന്ന മെത്രാന്മാരിലെ കൊടും വിമതനായ മാർ ജോസഫ് പാംപ്ലാനി എറണാകുളത്തിൻറെ ചുമതലയിൽ എത്തിയതു മുതൽ സഭാ നിയമങ്ങളുടെ നഗ്നമായ ലംഘനങ്ങൾ മാത്രമാണ് അതിരൂപതയിൽ നടക്കുന്നത്.

ബസിലിക്ക പ്രതിഷേധം:-കോടതി ഉത്തരവിൻറെ ലംഘനത്തിൽ പ്രതിഷേധിച്ച് എറണാകുളം സെൻറ് മേരീസ് ബസിലിക്കയിൽ കഴിഞ്ഞ ഡിസംബർ 10 മുതൽ വിശ്വാസികൾ തുടരുന്ന രാപ്പകൽ പ്രാർത്ഥന കൂട്ടായ്മ 59 ദിവസം പിന്നിട്ട് തുടരുകയാണ്. ഒരു കുർബാനയും നടത്താൻ പാടില്ലെന്ന മുനിസിപ്പ് കോടതി ഉത്തരവ് നടപ്പിലാക്കുമെന്ന് വ്യക്തമായ ഉറപ്പ് ലഭിക്കാതെ വിശ്വാസികൾ ബസിലിക്ക വിട്ടുപോകുന്ന പ്രശ്നമില്ലെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

 പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ:ചീഫ് കോഡിനേറ്റർ - അഡ്വ. മത്തായി മുതിരേന്തി. കോഡിനേറ്റർമാരായ ആൻറണി പുതുശ്ശേരി, ജോസഫ് അമ്പലത്തിങ്കൽ, സീലിയ ആൻറണി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img