
സംശുദ്ധ രാഷ്ട്രീയത്തിന്റെ പകരംവയ്ക്കാനില്ലാത്ത നേതാവ്, കോൺഗ്രസ് പാർട്ടിക്കുവേണ്ടി ജീവിച്ചയാൾ, കോൺഗ്രസിന്റെ സൗമ്യമുഖം, ശാന്തതയുടെയും ലാളിത്യത്തിന്റെയും വിനയത്തിന്റെയും പര്യായം, ഗ്രൂപ്പ് രാഷ്ട്രീയത്തിനതീതമായി പ്രവർത്തിച്ച പക്വതയാർന്ന നേതൃത്വം......
ഇതൊക്കെയായിരുന്നു നമ്മെ വിട്ടുപിരിഞ്ഞ തെന്നല ജി.ബാലകൃഷ്ണപിള്ള.
കുന്നത്തൂർതാലൂക്കിലെ ശൂരനാട് ഗ്രാമത്തിൽ തെന്നല എന്ന ജന്മികുടുംബത്തിലായിരുന്നു ബാലകൃഷ്ണപിള്ളയുടെ ജനനം. എൻ.ഗോവിന്ദപിള്ളയുടെയും ഈശ്വരി അമ്മയുടെയും മകനായി 1931 മാർച്ച് 11-നായിരുന്നു ജനനം. കോൺഗ്രസ് കുടുംബമായിരുന്നു തെന്നലയുടേത്. ഇന്റർമീഡിയറ്റ് പാസ്സായ ശേഷം തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബിരുദം നേടി. പഠന കാലത്തിനുശേഷം നാട്ടിലെത്തി കോൺഗ്രസ് പ്രവർത്തകനായി. ശൂരനാട് പുലിക്കുളം വാർഡ് കോൺഗ്രസ് പ്രസിഡന്റായി തുടക്കം. പിന്നീട് കോൺഗ്രസ് ശൂരനാട് മണ്ഡലം കമ്മിറ്റിയുടെയും കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെയും പ്രസിഡന്റായി. 1972 ൽ കൊല്ലം ഡിസിസി പ്രസിഡന്റായി. 1977 വരെ ഈ പദവി തുടർന്നു. 1977 ലും 1982 ലും ശൂരനാട് ഉൾപ്പെടുന്ന അടൂർ നിയോജക മണ്ഡലത്തിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് എം.എൽ.എ. ആയി. 1965 ൽ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കാൻ പാർട്ടി നിർദേശിച്ചപ്പോൾ , പാർട്ടിയിൽ തന്നെക്കാൾ മുതിർന്ന നേതാവ് കെ.എസ്. പരമേശ്വരൻപിള്ളയ്ക്ക് മത്സരിക്കാനുള്ള ആഗ്രഹം തിരിച്ചറിഞ്ഞു സ്വയം പിന്മാറിയതു മുതൽ പാർട്ടിയിൽ തെന്നലയുടെ ത്യാഗം തുടങ്ങുകയായിരുന്നു. പിന്നീട് കരുണാകരൻ മന്ത്രിസഭയിൽ സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങാൻ നിർദേശം ഉണ്ടായെങ്കിലും രമേശ് ചെന്നിത്തലയ്ക്കു വേണ്ടി തെന്നല വഴി മാറുകയായിരുന്നു.
2009 ൽ കൊല്ലം ലോക്‌സസഭാ സീറ്റിൽ മത്സരിക്കണമെന്ന് രമേശ് ചെന്നിത്തല വീട്ടിലെത്തി അഭ്യർഥിച്ചപ്പോൾ തിരഞ്ഞെടുപ്പു രംഗത്തു തന്റെ കാലം കഴിഞ്ഞെന്നു പറഞ്ഞൊഴിഞ്ഞു. നല്ലൊരു സഹകാരികൂടിയായിരുന്ന തെന്നല കൊല്ലം ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായും, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായും പ്രവർത്തിച്ചു 1981 മുതൽ 1992 വരെ കെ.പി.സി.സി. ജനറൽ സെക്രട്ടറിയായിരുന്നു.1998 മുതൽ 2001 വരെയും, 2004 മുതൽ 2005 വരെയും കെ.പി.സി.സി. പ്രസിഡന്റായി പ്രവർത്തിച്ചു. 1998 ൽ വയലാർ രവി സ്ഥാനമൊഴിഞ്ഞപ്പോഴാണ് ആദ്യമായി തെന്നല കെ.പി.സി.സി. പ്രസിഡന്റാകുന്നത്. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റ് നേടി (കഴക്കൂട്ടത്ത് റിബലായി മത്സരിച്ചു വിജയിച്ച എം.എ.വാഹിദിനെ കൂടി കൂട്ടുമ്പോൾ 100 സീറ്റ് ) വിജയാഹ്‌ളാദം പങ്കിടുന്നതിനു മുമ്പ് മുഖ്യമന്ത്രിയായി എ.കെ.ആന്റണി സത്യപ്രതിജ്ഞ ചെയ്യണമെങ്കിൽ ലീഡർ കെ.കരുണാകരൻ തന്റെ മകൻ കെ.മുരളീധരനെ കെ.പി.സി.സി. പ്രസിഡന്റാക്കണമെന്നു നിർബന്ധം പിടിച്ചു. ഇക്കാര്യം പറയാനായി ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഗുലാംനബി ആസാദ് തെന്നലയെക്കാണാൻ തൈക്കാട് ഗസ്റ്റ്ഹൗസിൽ എത്തിയിരുന്നു. അന്ന് എൽഡിഎഫിനു കിട്ടിയത് വെറും 40 സീറ്റു മാത്രമായിരുന്നു. കോൺഗ്രസിനു മാത്രം 63 സീറ്റ് കിട്ടി. ഹൈക്കമാൻഡിന്റെ തികച്ചും അപ്രതീക്ഷിതമായ ആ ആവശ്യത്തിനെതിരെ പ്രതിഷേധിക്കാനോ എതിരഭിപ്രായം പറയാനോ പാർട്ടിയെ വൻവിജയത്തിലെത്തിച്ച നേതാവ് തെന്നല ബാലകൃഷ്ണപിള്ള മുതിർന്നില്ല. ഉടനേതന്നെ രാജിക്കത്ത് എത്തിച്ചേക്കാം എന്നു പറഞ്ഞ് നിശ്ശബ്ദനായി അദ്ദേഹം മടങ്ങി. കെ.പി.സി.സി. ഓഫീസിലെത്തി അര മണികൂറിനുള്ളിൽ പാർട്ടി അധ്യക്ഷസ്ഥാനത്തു നിന്നുള്ള രാജിക്കത്ത് എത്തിച്ചു കൊടുക്കുകയും ചെയ്തു.
ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കാൻ താൻ ബാധ്യസ്ഥനാണെന്നു പറഞ്ഞ് കെ.പി.സി.സി. അധ്യക്ഷസ്ഥാനം ഒഴിഞ്ഞു കോൺഗ്രസ് പ്രസ്ഥാനത്തിനു മാതൃക കാട്ടിയ മഹത് വ്യക്തിയായിരുന്നു തെന്നല. 2004 ൽ എ.കെ.ആന്റണി മന്ത്രിസഭയിൽ കെ.മുരളീധരൻ അംഗമായതിനെ തുടർന്ന് അന്നു കെ.പി.സി.സി. താൽക്കാലിക പ്രസിഡന്റായിരുന്ന പി.പി.തങ്കച്ചനെ മാറ്റിയപ്പോൾ തെന്നല വീണ്ടും കെ.പി.സി.സി. പ്രസിഡന്റായി. പിന്നീട് 2005 ൽ ഹൈക്കമാൻഡ് രമേശ് ചെന്നിത്തലയെ പുതിയ കെ.പി.സി.സി. പ്രസിഡന്റായി നിശ്ചയിക്കുന്നതുവരെ തെന്നല ആ സ്ഥാനത്ത് തുടർന്നു.
രാഷ്ട്രീയ പ്രവർത്തനത്തിറങ്ങിയ തെന്നലയ്ക്ക് കടം തീർക്കാനായി കുടുംബവീതമായി ലഭിച്ച 22 ഏക്കർ ഭൂമിയിൽ നിന്നും 17 സെന്റ് ഒഴിച്ച് ബാക്കിയെല്ലാം വിൽക്കേണ്ടിവന്നു. നാലര ഏക്കർ സ്ഥലം വിറ്റത് പാർട്ടിയുടെ മുഖപത്രത്തിനുണ്ടായ 17 ലക്ഷം രൂപയുടെ കടബാധ്യത തീർക്കാനായിരുന്നു. എട്ടുപതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള അഖില ഭാരതീയ അയ്യപ്പ സേവാസംഘം ഏറ്റവും ശക്തമായി പ്രവർത്തിച്ചതു തെന്നല ബാലകൃഷ്ണപിള്ള പ്രസിഡന്റായിരുന്നപ്പോഴായിരുന്നു. ശബരിമല വികസനത്തിൽ സേവാസംഘത്തിന്റെ പങ്കാളിത്തം അദ്ദേഹം ഉറപ്പാക്കി. സംഘത്തിന്റെ ആംബുലൻസ് സർവീസുകൾക്കു തുടക്കമിട്ടു. പമ്പയിലെ ഗണപതി കോവിലിൽ നിന്ന് ത്രിവേണിസംഗമംവരെയുള്ള പാത, അഴുതയിലെ പാലം എന്നിവ അയ്യപ്പ സേവാ സംഘമാണ് നിർമിച്ചത്. പാതയ്ക്കായി എം.പി. ഫണ്ടിൽ നിന്ന് 1.5 കോടി രൂപ തെന്നല നൽകി.
എതിരാളികളെപ്പോലും മിത്രങ്ങളാക്കുന്ന സവിശേഷ സ്വഭാവത്തിനുടമയും കേരള രാഷ്ട്രീയത്തിലെ സമാനതകളില്ലാത്ത നേതാവുമായിരുന്നു എല്ലാവരുടെയും തെന്നല.











