05:28pm 26 April 2025
NEWS
തേൻകെണി വിവാദം: കോൺഗ്രസ്സ് അധ്യക്ഷൻ ഖാർഗെ കർണാടക മുഖ്യമന്ത്രിയെ കണ്ടു
24/03/2025  01:09 PM IST
വിഷ്ണുമംഗലം കുമാർ
തേൻകെണി വിവാദം: കോൺഗ്രസ്സ് അധ്യക്ഷൻ ഖാർഗെ കർണാടക മുഖ്യമന്ത്രിയെ കണ്ടു

ബംഗളുരു: തേൻകെണി വിവാദം  കർണാടകത്തിലെ ഭരണകക്ഷിയായ കോൺഗ്രസിനെ പിടിച്ചുലക്കുകയാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശ്വസ്തനായ മുതിർന്ന നേതാവും സഹകരണമന്ത്രിയുമായ കെ എൻ രാജണ്ണയാണ് "തന്നെ തേൻകെണിയിൽ വീഴ്ത്താൻ ശ്രമുണ്ടായി" എന്ന് നിയമസഭയിൽ തുറന്നടിച്ചത്. അദ്ദേഹത്തിന്റെ മകനും എം എൽ സിയുമായ ആർ. രാജേന്ദ്ര യും തേൻകെണി ഭീഷണിയുണ്ടായതായി പരാതിപ്പെട്ടിട്ടുണ്ട്. സംശയത്തിന്റെ കുന്തമുന പാർട്ടിയിലെ ഒരു 'മഹാനായക'ന് നേരെയാണ് നീളുന്നതെന്ന് രാജേന്ദ്ര പറഞ്ഞിരുന്നു. ഈ സംശയമാണ് കോൺഗ്രസിനെ കുഴപ്പത്തിലാക്കുന്നത്. എ ഐ സിസി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് ഈ പ്രശ്നം ചർച്ച ചെയ്തു. മകനും ഗ്രാമ വികസനമന്ത്രിയുമായ പ്രിയങ്ക് ഖാർഗെയും ഒപ്പമുണ്ടായിരുന്നു. മുട്ടുവേദന മൂലം സിദ്ധരാമയ്യയ്ക്ക് യാത്രചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാലാണ്, വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് ഖാർഗെ ബംഗളുരുവിലെത്തി സിദ്ധരാമയ്യയെ കണ്ടത്. അതിന് മുമ്പ് രാജേന്ദ്ര മുഖ്യമന്ത്രിയെ കണ്ട് സംസാരിക്കുകയും തെളിവുകൾ കൈമാറുകയും ചെയ്തിരുന്നു. ഏതാനും ദിവസം മുമ്പ് അഭിഭാഷകയെന്ന് സ്വയം പരിചയപ്പെടുത്തിയ സുന്ദരിയായ ഒരു സ്ത്രീ മന്ത്രി രാജണ്ണയെ വന്നുകണ്ടിരുന്നു. ബംഗളുരുവിലും തുമക്കൂരുവിലും അവർ രണ്ടുമൂന്നുതവണ മന്ത്രിയെ കാണാനെത്തി. അടുപ്പം സുദൃഢമാക്കാനുള്ള ശ്രമമാണ് അവർ നടത്തിയത്. മന്ത്രിയുടെ ലീഗൽ സെല്ലിൽ ഉൾപ്പെടുത്താൻ അവർ അപേക്ഷിച്ചിരുന്നത്രെ. മൂന്നാം തവണ അവരെത്തിയപ്പോൾ കൂടെ വന്ന യുവാവ് പുറത്ത് നിന്നിരുന്നു. മന്ത്രിയുടെ ആൾക്കാർ അയാളെ തിരിച്ചറിഞ്ഞതോടെയാണ് തേൻകെണി മണത്തത്. നാലുവർഷം മുമ്പ് ഒരു മന്ത്രിയെ തേൻകെണിയിൽ പെടുത്തിയ കേസ്സിൽ പ്രതിയായ മുൻ മാധ്യമപ്രവർത്തകനായിരുന്നു അത്. ഇവരെ മന്ത്രിയുടെ ആൾക്കാർ മുറിയിൽ പൂട്ടിയിട്ട് ചോദ്യം ചെയ്തതായും അതെല്ലാം വിഡിയോയിൽ ചിത്രീകരിച്ചതായും സൂചനയുണ്ട്. ആ വിഡിയോയും മറ്റുതെളിവുകളും രാജേന്ദ്ര മുഖ്യമന്ത്രിയ്ക്ക് കൈമാറിയിട്ടുണ്ടത്രേ. അതിന് പുറമെ തേൻകെണിയെക്കുറിച്ചുള്ള സുപ്രധാന ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിയ്ക്ക് ലഭിച്ചതായും വാർത്തയുണ്ട്. പ്രശ്നം വഷളായി പാർട്ടിയുടെയും ഗവണ്മെന്റിന്റെയും പ്രതിഛായ കളങ്കപ്പെടാൻ ഇടവരുത്താതെ ഉചിതനടപടികൾ ഉടൻ സ്വീകരിക്കാൻ ഖാർഗെ മുഖ്യമന്ത്രിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. രാജണ്ണ പ്രശ്നം നിയമസഭയിൽ വെളിപ്പെടുത്തിയതിൽ ഹൈക്കമാണ്ടിന് അതൃപ്തിയുണ്ടെങ്കിലും അദ്ദേഹത്തെ കുറ്റപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണ്.  രാജണ്ണ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കർണാടകത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൺധീപ് സുർജെവാല എന്നിവരെ കാണുന്നുണ്ട്. നിയമസഭയിൽ ഇന്നും തേൻകെണി വിവാദം ഉയരും. സഭയിൽ നിന്ന് സസ്പെൻഡ്‌ ചെയ്യപ്പെട്ട ബിജെപി എം എൽ എമാർ പുറത്തും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img img