06:03pm 21 September 2026
NEWS
ബത്തേരി പൊലീസ് സ്റ്റേഷനിൽ തൊണ്ടിമുതൽ മോഷണം: സി.സി.പി.ഒ സസ്പെൻഷനിൽ; സ്റ്റേഷനിൽ കൂട്ട സ്ഥലംമാറ്റം
20/09/2026  11:59 AM IST
ന്യൂസ് ബ്യൂറോ
ബത്തേരി പൊലീസ് സ്റ്റേഷനിൽ തൊണ്ടിമുതൽ മോഷണം: സി.സി.പി.ഒ സസ്പെൻഷനിൽ; സ്റ്റേഷനിൽ കൂട്ട സ്ഥലംമാറ്റം

സുൽത്താൻ ബത്തേരി: ലഹരിക്കെതിരെയുള്ള പൊലീസിന്റെ സംസ്ഥാനവ്യാപക 'ഓപ്പറേഷൻ തൂഫാൻ' മിഷൻ ശക്തമായി തുടരുന്നതിനിടയിൽ, വയനാട് സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് കോടതി തൊണ്ടിമുതലായ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. ബത്തേരി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ (സി.സി.പി.ഒ) ടി. സബിത്തിനെതിരെയാണ് ജില്ലാ പൊലീസ് മേധാവി എസ്. ദേവ മനോഹർ വകുപ്പുതല നടപടി സ്വീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെ എസ്.ഐമാർ ഉൾപ്പെടെ 21 പൊലീസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റുകയും ചെയ്തു.  
​സംഭവത്തിന്റെ പശ്ചാത്തലം:
കഴിഞ്ഞ ജൂൺ 26-ന് സുൽത്താൻ ബത്തേരി ദൊട്ടപ്പൻകുളത്തെ ഒരു വീട്ടിൽ നിന്ന് പിടികൂടി, കോടതിയുടെ നിർദ്ദേശപ്രകാരം സ്റ്റേഷനിൽ സൂക്ഷിക്കാൻ ഏൽപ്പിച്ച 7 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളാണ് (ഹാൻസ്) സ്റ്റോർ മുറിയിൽ നിന്ന് കാണാതായത്. തുടർന്ന് നടത്തിയ പരിശോധനയിൽ, കഴിഞ്ഞ ജൂലൈ 19-ന് പുലർച്ചെ ജി.ഡി ചാർജിലുണ്ടായിരുന്ന സബിത്ത് തന്റെ കാറിൽ ഈ ചാക്കുകൾ കയറ്റി കടത്തിക്കൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
​ഒളിവില്‍ കഴിഞ്ഞുളള പ്രതിയുടെ വാദം തള്ളി പൊലീസ്:
വിവരം പുറത്തറിഞ്ഞതുമുതൽ ഒളിവിലായ സബിത്ത്, പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ എത്തി താൻ നിരപരാധിയാണെന്നും ചാക്കുകളിൽ നിന്ന് രൂക്ഷമായ ഗന്ധം വന്നതുകൊണ്ട് മാറ്റിവെക്കുക മാത്രമാണ് ചെയ്തതെന്നുമുള്ള വിചിത്ര വാദവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ പ്രതിയുടെ ഈ വാദം രക്ഷപ്പെടാനുള്ള തന്ത്രം മാത്രമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി വ്യക്തമാക്കുകയുണ്ടായി. സബിത്ത് ഒളിവിലാണെന്നും ഇയാൾക്കായുള്ള അന്വേഷണം കേരളത്തിലുടനീളം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സ്റ്റേഷന്റെ സൽപേരിന് കളങ്കം വരുത്തിയ ഈ സംഭവത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img