
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ 13 പവൻ സ്വർണം മോഷണം പോയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതം. സ്വർണം കാണാതായതിന് പിന്നിൽ ക്ഷേത്രവുമായി ബന്ധപ്പെട്ടവർ തന്നെയെന്ന നിഗമനത്തിലാണ് പൊലീസ്. ക്ഷേത്രഭരണസമിതിയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 13 പവൻ സ്വർണമാണ് മോഷണം പോയതെന്നും നിലവറകളിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണവുമായി മോഷണത്തിന് ബന്ധമില്ലെന്നും ഫോർട്ട് പൊലീസ് വ്യക്തമാക്കുന്നു. അതേസമയം, ലോക്കർ പൊളിച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മോഷണവുമായി ബന്ധപ്പെട്ട് നിർണായക സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സ്വർണത്തകിട് വിളക്കിച്ചേർക്കാനുള്ള കാഡ്മിയം ചേർന്ന സ്വർണദണ്ഡാണ് കാണാതായത്. ശ്രീകോവിലിന് മുന്നിലെ വാതിലിൽ പഴയ സ്വർണത്തകിട് മാറ്റി പുതിയത് പൊതിയുന്ന ജോലികൾ നടക്കുകയാണ്. ബുധനാഴ്ച തത്കാലത്തേക്ക് നിർത്തിവച്ച ജോലി കഴിഞ്ഞ ദിവസം പുനരാരംഭിച്ചപ്പോഴാണ് സ്വർണ ദണ്ഡുകളിലൊന്ന് കാണാതായത് ശ്രദ്ധയിൽപ്പെട്ടത്. പൊലീസും ക്ഷേത്രസുരക്ഷാ ഉദ്യോഗസ്ഥരും പകൽ മുഴുവനും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ക്ഷേത്രത്തിലെ നിർമ്മാണാവശ്യത്തിനുള്ള സ്വർണം സ്‌ട്രോംഗ് റൂമിലാണ് സൂക്ഷിക്കുന്നത്. പണിക്കായി പുറത്തെടുക്കുമ്പോഴും തിരികെ വയ്ക്കുമ്പോഴും സ്വർണം തൂക്കി തിട്ടപ്പെടുത്തുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ ബി.മഹേഷ് പറഞ്ഞു.
ശ്രീകോവിലിലെ അനന്തശയന വിഗ്രഹത്തിനു മുന്നിൽ ശിരസ്, ഉടൽ,പാദം എന്നിവ തൊഴാൻ മൂന്നു വാതിലുകളാണുള്ളത്. ഇവയിൽ ആദ്യത്തെ നടയിലെ വാതിലിന്റെ പഴയസ്വർണത്തകിട് മാറ്റി പുതിയ സ്വർണത്തകിട് ചേർക്കുന്ന ജോലിയാണ് നടക്കുന്നത്. ഇതിനായി സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണം പുറത്തെടുത്തിരുന്നു. ബുധനാഴ്ചത്തെ ജോലിക്കു ശേഷം സ്വർണം തൂക്കി മുറിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാവിലെ ജോലി തുടരാനായി പുറത്തെടുത്ത സ്വർണം തൂക്കിനോക്കി കണക്കെടുത്തപ്പോഴാണ് ദണ്ഡ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ശ്രീകോവിലിനു മുന്നിലെ ഒറ്റക്കൽ മണ്ഡപത്തിലാണ് വാതിലിന്റെ ജോലികൾ നടത്തിയിരുന്നത്. ജോലി നടക്കുന്ന സ്ഥലമുൾപ്പെടെ ക്ഷേത്രപരിസരം സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്.










