04:12am 18 August 2026
NEWS
'രാജന്' 50 വയസ്സ്; ഭരണകൂട ഭീകരതയുടെ ജ്വലിക്കുന്ന പ്രതീകമായി നിലനിൽക്കുമ്പോഴും, ആ ചെറുപ്പക്കാരൻ ഇപ്പോഴും മഴയത്തുതന്നെ നിൽക്കുന്നു; എന്തുകൊണ്ട് ?
15/02/2026  04:42 PM IST
ആർ. പവിത്രൻ
രാജന് 50 വയസ്സ്; ഭരണകൂട ഭീകരതയുടെ ജ്വലിക്കുന്ന പ്രതീകമായി നിലനിൽക്കുമ്പോഴും, ആ ചെറുപ്പക്കാരൻ ഇപ്പോഴും  മഴയത്തുതന്നെ നിൽക്കുന്നു;  എന്തുകൊണ്ട് ?

1976 ഫെബ്രുവരി 29 ന് അതിരാവിലെയായിരുന്നു രാജനെ ക്രൈംബ്രാഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. രാജനന്ന് കോഴിക്കോട് ചാത്തമംഗലത്തെ റീജിയണൽ എൻജിനീയറിംഗ് കോളേജിൽ(ആർ.ഇ.സി. ഇപ്പോൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) അവസാന വർഷ സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു. പഠനത്തിൽ മാത്രമല്ല നാടകം, പാട്ട്, അഭിനയം, മിമിക്രി തുടങ്ങി പാഠ്യേതര മേഖലകളിലും മിടുക്കൻ. കോളേജിലെ ഹീറോ. 

ഫാറൂഖ് കോളേജിൽ നടന്ന യൂണിവേഴ്‌സിറ്റി യൂത്ത്  ഫെസ്റ്റിവലിൽ പങ്കെടുത്തശേഷം, രാജനും സഹപാഠികളും പുലർച്ചെ ഹോസ്റ്റലിന് മുന്നിൽ കോളേജ് ബസ്സിൽ വന്നിറങ്ങുമ്പോൾ, മറഞ്ഞുനിന്നിരുന്ന പോലീസ് സംഘം ചാടിവീണു പിടികൂടുകയായിരുന്നു. സമീപത്തെ കായണ്ണ പോലീസ് സ്റ്റേഷന് നേരെ തലേദിവസം രാത്രിയിൽ നടന്ന നക്‌സലൈറ്റ് ആക്രമണത്തിൽ രാജനും പങ്കെടുത്തിരുന്നു എന്ന കുറ്റം ചുമത്തിയായിരുന്നു കസ്റ്റഡിയിലെടുപ്പ്. (യഥാർത്ഥത്തിൽ ആ സമയം രാജൻ യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കുകയായിരുന്നു). 
രാജനേയും സഹപാഠികളേയും ആദ്യം കോഴിക്കോട്ടേക്കും, പിന്നീട് കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണത്തിന്റെ അന്വേഷണത്തിനായി കക്കയത്ത് സ്ഥാപിച്ച പീഡന ക്യാമ്പിലേക്കും കൊണ്ടുപോയി.(ഇലക്ട്രിസിറ്റി ബോർഡിന്റെ ഒരു താൽക്കാലിക ഓഫീസായിരുന്നു, കേരളചരിത്രത്തിൽ ഇടം നേടിയ ഷീറ്റ് മേഞ്ഞ ആ ഷെഡ്).

കേരള പോലീസ് ചരിത്രത്തിൽ കിരാതമായ മർദ്ദനമുറകൾക്കും, കേരളത്തിലെ ഗൃഹങ്ങളിൽ ഒരു അടുക്കളവസ്തു മാത്രമായിരുന്ന ഉലക്കയെ ഉരുട്ടൽ എന്ന പുതിയ ഭേദ്യ ഉപകരണമാക്കി പരീക്ഷിക്കുകയും ചെയ്ത സാഡിസ്റ്റും ക്രൂരനുമായ ജയറാം പടിക്കൽ എന്ന ഐപി.എസുകാരനായിരുന്നു ക്രൈംബ്രാഞ്ച് മേധാവി. ആഭ്യന്തരമന്ത്രിയും സർവ്വപ്രതാപിയുമായിരുന്ന കെ. കരുണാകരന്റെ ഇഷ്ടക്കാരനായിരുന്നതിനാൽ, ഇയാളെ നിയന്ത്രിക്കാനോ മൂക്കുകയറിടാനോ ആരുമുണ്ടായിരുന്നില്ല. രാജ്യത്ത് അടിയന്തിരാവസ്ഥയായിരുന്നതിനാലും, മൗലികാവകാശങ്ങൾ റദ്ദ് ചെയ്യപ്പെട്ടതിനാലും കോടതിയിൽ ചോദ്യം ചെയ്യാനോ, പത്രങ്ങളിൽ വാർത്ത വരുത്താനോ ആകുമായിരുന്നില്ല. ഇരുമ്പുമറയിട്ട ആ ഇരുണ്ട നാളുകളിൽ പോലീസിന് എന്തും ആകുമായിരുന്നു. അതിന്റെ മറവിൽ നക്‌സലൈറ്റ് എന്ന മുദ്രകുത്തി ഒരുപാട് ചെറുപ്പക്കാരെ തടവിലാക്കി അതിക്രൂരമായി മർദ്ദിക്കുകയും ജീവച്ഛവങ്ങളാക്കി മാറ്റുകയും ചെയ്തു. പലരും പുറം ലോകം കാണാതെ പൊലിയുകയും ചെയ്തു. നഗ്നരായി കിടത്തി കാൽമുട്ടിന് മുകളിൽ തുടകളിൽ ഉലക്കവച്ചശേഷം, രണ്ട് പോലീസുകാർ ഉത്തരത്തിൽ കെട്ടിയ കയറുകളിൽ പിടിച്ചുനിന്ന് ഉലക്ക ഉരുട്ടി മസിലുകൾ തകർക്കുക, കൈനഖങ്ങളിൽ മൊട്ടുസൂചി കേറ്റുക, ലിംഗത്തിൽ പച്ച ഈർക്കിൽ കയറ്റുക, കണ്ണുകളിൽ മുളകുപൊടി വിതറുക,  വെള്ളം കൊടുക്കാതെ ദിവസങ്ങളോളം തളർത്തിക്കിടത്തുക തുടങ്ങിയവയായിരുന്നു കാക്കിയിട്ട ഈ ചെകുത്താന്റെ ക്രിയാവിനോദങ്ങൾ. കേരളം കണ്ട ഏറ്റവും ക്രൂരനായ ഈ പോലീസ് മേധാവി 1993-94 കാലഘട്ടത്തിൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്(ഡി.ജി.പി) ആകുകയും, വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയെടുക്കുകയും ചെയ്തു. 

ലോകപ്രശസ്ത കുറ്റാന്വേഷണ പരിശീലന കേന്ദ്രമായ സ്‌കോട്ട്‌ലൻഡ് യാർഡിൽ ഒരു വർഷത്തെ ട്രെയിനിംഗ് നടത്തിയ കേരളത്തിലെ ആദ്യ പോലീസ് ഉദ്യോഗസ്ഥനും ഇയാളായിരുന്നു. എം.ബി.ബി.എസിന് ശേഷമാണ് ഇയാൾ ഐ.പി.എസ്. നേടിയത്. റിട്ടയർ ചെയ്തശേഷം ആരും തിരിഞ്ഞുനോക്കാതെ ഒറ്റപ്പെട്ട ജീവിതം നയിച്ച ഇയാളുടെ കുടുംബജീവിതം ദുരന്തമായിരുന്നു. രോഗിയായിരുന്ന ഭാര്യയും മാനസിക വൈകല്യമുള്ള ഏകമകനും മരിച്ചശേഷം ഇയാൾ തിരുവനന്തപുരത്ത് ഉള്ളൂരിനും, കേശവദാസപുരത്തിനുമിടയിൽ തോടിന്റെ കരയിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ആരും തിരിഞ്ഞുനോക്കിയിരുന്നില്ല (അകാലത്തിൽ അന്തരിച്ച കൊല്ലത്തെ ഒരു യൂത്ത് കോൺഗ്രസ് നേതാവ് ഇടയ്ക്കിടെ വിസ്‌കിയും കശുവണ്ടിപ്പരിപ്പും കൊണ്ടുപോയി കൊടുത്തിരുന്നതായി കേട്ടിരുന്നു). 

രാജൻ പോലീസ് പിടിയിലാകുമ്പോൾ, പിതാവ് ടി.വി. ഈച്ചരവാരിയർ കോഴിക്കോട് ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജിൽ ഹിന്ദി പ്രൊഫസറായിരുന്നു. മുതലക്കുളത്തിനടുത്തു ജനറൽ ആശുപത്രിയുടെ എതിർവശത്തുള്ള കേരളഭവൻ ലോഡ്ജിലായിരുന്നു സഹപ്രവർത്തകനായ പ്രൊഫ. സി.ആർ. ഓമനക്കുട്ടനുമൊത്തു അദ്ദേഹം താമസിച്ചിരുന്നത്. പിതാവിൽ നിന്ന് പണം വാങ്ങാനായി കൂടെക്കൂടെ അവിടെ ചെല്ലുമായിരുന്ന രാജൻ ഏറ്റവും അവസാനം ചെന്നത് 1976 ഫെബ്രുവരി 26 ന് രാത്രി ഏഴുമണി കഴിഞ്ഞായിരുന്നു. പഠനാവധിക്ക് വീട്ടിൽ വരണമെന്ന പിതാവിന്റെ നിർദ്ദേശം തലകുലുക്കി സമ്മതിച്ച് രാജൻ യാത്ര പറഞ്ഞുപോയി പിന്നെ ആ പിതാവ് മകനെ കാണുകയോ, ജഡമായിപ്പോലും അവന്റെ ഭൗതികശരീരം ഒരു നോക്ക് കാണുകയോ ചെയ്തില്ല.

'ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ' എന്ന പുസ്തകത്തിൽ പ്രൊഫ. ടി.വി. ഈച്ചരവാരിയർ എഴുതുന്നത് ഇങ്ങനെയാണ്:

''കക്കയം ക്യാമ്പിൽ പോയിട്ട് കാര്യമില്ലെന്നാണ് വിവരമെങ്കിലും അവനെ തിരഞ്ഞ് ഞാൻ കക്കയത്തേക്ക് പോയി. ക്യാമ്പിന് മുന്നിൽ തടാകം പോലെയുള്ള ഒരു ജലാശയമുണ്ടായിരുന്നു. ഈ ജലാശയത്തിന് മുകളിലൂടെ ഒരു മരപ്പാലമിട്ട് ക്യാമ്പ് കരയുമായി ബന്ധിപ്പിച്ചിരുന്നു. തോക്ക് മുകളിലേക്കുയർത്തിപ്പിടിച്ച ഒരു പോലീസുകാരൻ ഇവിടെ സദാ ജാഗരൂകനായി നിലകൊണ്ടിരുന്നു.
ഞാൻ ആ കാവൽക്കാരനോട് നേരെചെന്ന് വന്ന കാര്യം പറഞ്ഞു. അയാൾ വലിയ ഗൗരവത്തിലായിരുന്നു. പക്ഷേ എന്നോട് മോശമായ ഒരു വാക്കും പറഞ്ഞില്ല. നേരെ അയാൾ ക്യാമ്പിലേക്ക് പോയി. ക്യാമ്പിന്റെ സർവ്വാധിപതി ജയറാം പടിക്കലായിരുന്നു. തിരിച്ചുവന്ന പോലീസുകാരൻ ക്യാമ്പിലേയ്ക്ക് പോകാൻ എനിക്ക് അനുവാദമില്ലെന്നും, എന്റെ മകൻ രാജൻ ക്യാമ്പിൽ സുഖമായി ഇരിക്കുന്നുവെന്നും എന്നെ അറിയിച്ചു. പെട്ടെന്ന് മനസ്സിൽ കുളിർമ്മ പരന്നു. അടുത്തനിമിഷം ഞാൻ പറഞ്ഞു: 'എനിക്ക് എന്റെ മോനെ കാണണം.' അയാൾ മലപോലെ മുമ്പിൽ നിൽക്കുകയാണ്. തീർത്തും ഏകനായി നിന്ന് ഞാൻ ഒച്ചവെച്ചു. എന്റെ ശബ്ദം വല്ലാത്ത ഉച്ചത്തിലായിരുന്നു.

'എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല.' ഗാർഡ് പറഞ്ഞു. അയാളുടെ മുഖം എന്തുകൊണ്ടോ വിവർണ്ണമായിരുന്നു എന്ന് എനിക്ക് തോന്നി...
'എങ്കിൽ ജയറാം പടിക്കലിനെയെങ്കിലും കാണാൻ എന്നെ അനുവദിക്കുക.' ഞാൻ വാശിപിടിച്ചു. ഒരു കുട്ടിയുടേതുപോലുള്ള എന്റെ ശാഠ്യം പടിക്കൽ ജലാശയത്തിന്റെ പ്രതലങ്ങളിൽ തട്ടി നേർത്ത ഒരിരമ്പലോടെ പ്രതിധ്വനിച്ചു. ഏറെനേരം ഞാൻ ഗാർഡിന് മുന്നിൽ നിശ്ചേഷ്ടനായി നിന്നു. അയാളുടെ മുകളിലേയ്ക്കുയർത്തിപ്പിടിച്ച തോക്കുമാത്രം ഇടയ്ക്ക് വശങ്ങളിലേക്കാക്കി. ഞാൻ പറയുന്നത് ശ്രദ്ധിക്കാതിരിക്കാൻ അയാൾ ശ്രമിച്ചുകൊണ്ടിരുന്നു. ഏകാന്തമായ കാത്തിരിപ്പിനിടയിൽ ഒരു കരച്ചിൽ എന്റെ തൊണ്ടയിൽ കുരുങ്ങി. കക്കയം ക്യാമ്പിന്റെ അകത്തളങ്ങളിലെ തടവുമുറിയുടെ സുഷിരങ്ങളിൽ നിന്ന് മകന്റെ 'അച്ഛാ' എന്ന വിളി ഉയരുന്നുണ്ടെന്ന് ഞാൻ സംശയിച്ചു. കുറെ കഴിഞ്ഞ് തളർന്ന് ഞാൻ തിരിഞ്ഞുനടക്കാൻ തുടങ്ങി. ഒരിക്കൽക്കൂടി ക്യാമ്പിലേക്ക് തിരിഞ്ഞുനോക്കി. ആ പോലീസുകാരൻ എന്നെത്തന്നെ നോക്കിനിൽക്കുകയാണ്... പെട്ടെന്നയാൾ കുന്നിലെ പച്ചപ്പിലേക്ക് കണ്ണുതിരിച്ചു.

എഞ്ചിനീയറിംഗ് കോളേജിന്റെ പ്രിൻസിപ്പൽ പ്രൊഫ. വഹാബുദ്ദീനും വേറൊരു പ്രൊഫസറും കക്കയം ക്യാമ്പ് സന്ദർശിച്ചിരുന്നു. ജയറാം പടിക്കൽ ഏറെ നീചമായാണ് ഈ സ്‌നേഹനിധികളായ അധ്യാപകരോട് പെരുമാറിയത്. തങ്ങളുടെ പ്രിൻസിപ്പൽ വന്നിട്ടുണ്ടെന്നറിഞ്ഞ് കസ്റ്റഡിയിലുള്ള വിദ്യാർത്ഥികൾ അദ്ദേഹത്തെ ജനലിലൂടെ എത്തിനോക്കി. എന്നാൽ രാജന്റെ മുഖം മാത്രം അദ്ദേഹം കണ്ടില്ല.
രാജൻ വരുമെന്നുതന്നെ ഞാൻ ഉറച്ചുവിശ്വസിച്ചു. രാത്രി എപ്പോഴും ഒരിലച്ചോറ് കരുതിവയ്ക്കാൻ ഞാൻ ഭാര്യയോട് പറഞ്ഞുകൊണ്ടിരുന്നു. അവനെപ്പോഴും വരാം. പട്ടിണികിടന്ന് വിശന്ന വയറോടെ ചടച്ച ശരീരത്തോടെ അവൻ വരുമ്പോൾ അവനുവേണ്ടി ചോറ് കരുതിവെച്ചിരിക്കണം. അവന് വരാതിരിക്കാനാവില്ല.

പട്ടികൾ അകാരണമായി കുരയ്ക്കുകയും ഓളിയിടുകയും ചെയ്ത രാത്രികളിൽ ഉമ്മറവാതിൽ തുറന്ന് 'അച്ഛാ'എന്ന വിളി ഉയരുന്നുണ്ടോയെന്ന് ഇരുട്ടിലേയ്ക്ക് ചെവി കൂർപ്പിച്ചു പലതവണ ഞാൻ നിന്നു. പിന്നെ വാതിലടയ്ക്കാതെ കിടക്കയിലേയ്ക്ക് വീണു. 'കുഞ്ഞിമോനേ' എന്ന കരച്ചിൽ എന്റെ നെഞ്ചിലെ ഗദ്ഗദത്തിൽ കുരുങ്ങി. എന്റെ കണ്ണിൽ നിന്ന് കണ്ണീരടരുന്നതും എനിക്ക് തടയേണ്ടതുണ്ടായിരുന്നു. അവന്റെ അമ്മ രാധ ഇതൊന്നും അറിഞ്ഞുകൂടാ...

രാജനുവേണ്ടി തുടർന്നുള്ള അന്വേഷണം ഞാൻ നടത്തിയത് എം.എസ്. മാസ്റ്ററെയും കൂട്ടിയാണ്. തൃശൂർ ജില്ലയിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് കുടുംബങ്ങളിലൊന്നായിരുന്നു എം.എസ്. മാസ്റ്ററുടേത്. ഇം.എം.എസിന്റേയും അച്യുതമേനോന്റെയും പ്രിയപ്പെട്ട സുഹൃത്തായിരുന്നു അദ്ദേഹം. ചേർപ്പ് ഹൈസ്‌ക്കൂളിൽ നിന്ന് പ്രധാനാധ്യാപകനായി വിരമിച്ച എം.എസ്. മാഷ് നാട്ടുകാർക്ക് മുഴുവൻ അത്താണിയായിരുന്നു....
അച്യുതമേനോനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ ചെന്ന് കണ്ടപ്പോൾത്തന്നെ ഞങ്ങൾ വന്ന കാര്യം മേനോന് മനസ്സിലായി. അദ്ദേഹം രാജന്റെ കാര്യത്തിൽ അന്വേഷിച്ച് വേണ്ടത് ചെയ്യാമെന്ന് ഉടനടി ഉറപ്പുനൽകി. തുടർന്നുള്ള സംഭാഷണത്തിൽ മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചും, കേന്ദ്രത്തിൽ നിന്നുള്ള സമ്മർദ്ദതന്ത്രങ്ങളെക്കുറിച്ചും മേനോൻ സവിസ്തരം പറഞ്ഞു. എന്തോ അദ്ദേഹത്തിന്റെ മുഖം ഒട്ടും പ്രസന്നമായിരുന്നില്ല. അടുത്തയാഴ്ച വീണ്ടും വരാനാവാശ്യപ്പെട്ട് മേനോൻ ഞങ്ങളെ യാത്രയാക്കി. കന്റോൺമെന്റ് ഹൗസിന്റെ പടിയിറങ്ങുമ്പോൾ ഞാൻ ഒരാവശ്യം അദ്ദേഹത്തോടുന്നയിച്ചു. രാജന്റെ കാര്യം ജയറാം പടിക്കലിനോട് അന്വേഷിക്കണം എന്ന അഭ്യർത്ഥനയായിരുന്നു അത്. ക്രൈംബ്രാഞ്ച് ഡി.ഐ.ജി ആയ പടിക്കലിനോട് ചോദിച്ചാൽ മാത്രമേ കാര്യങ്ങൾ വ്യക്തമാവൂ എന്നെനിക്കുറപ്പായിരുന്നു.

'ഞാൻ ജയറാം പടിക്കലിനോടന്വേഷിക്കില്ല. ഐ.ജി. രാജനോടന്വേഷിക്കാം' എന്നായിരുന്നു അച്യുതമേനോന്റെ മറുപടി.
അടിയന്തിരാവസ്ഥയുടെ മത്സരക്കളത്തിൽ ഐ.ജി. രാജന്റെ പദവി വെറും അലങ്കാരം മാത്രമായിരുന്നുവെന്ന് കേരളത്തിലെ കൊച്ചുകുട്ടികൾക്കുവരെ അറിയാമായിരുന്നു. ക്രൈംബ്രാഞ്ച് ഡി.ഐ.ജി ജയറാം പടിക്കൽ കേരളത്തിന്റെ നീതിന്യായ വ്യവസ്ഥയെയാകെ തന്റെ ഉള്ളം കയ്യിലൊതുക്കി അമ്മാനമാടുകയായിരുന്നു അക്കാലത്ത്.

മേനോന്റെ മറുപടി എന്നെ അൽപ്പം പ്രകോപിപ്പിച്ചു. തന്റെ കീഴിലുള്ള ഒരുദ്യോഗസ്ഥനോട് 'ഞാൻ ചോദിക്കില്ല'എന്നുപറയുന്ന ഒരു മുഖ്യമന്ത്രിയെ എനിക്ക് മേനോനിൽ പ്രതീക്ഷിക്കാനേ ആവുമായിരുന്നില്ല. പുച്ഛത്തിന് പകരം ഒരു വേദന എന്നിലേക്ക് പടർന്നു.
പിറ്റേന്ന് വളരെ പ്രതീക്ഷയോടെ ഞാൻ അച്യുതമേനോന് ഫോൺ ചെയ്തു. എന്നാൽ മേനോൻ പഴയ നിലപാടിൽ തന്നെയായിരുന്നു. 'ജയറാം പടിക്കലിനോട് ചോദിക്കില്ല' എന്ന് അദ്ദേഹം ആവർത്തിച്ചു. അപ്പോൾ കരുണാകരനോട് ഒന്ന് ചോദിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു. 'ക ംശഹഹ ിീ േമസെ വശാ, വല ംശഹഹ ശൊുഹ്യ യഹൗള' (ഞാൻ അയാളോട് ചോദിക്കില്ല. അയാൾ വായെടുത്താൽ നുണയേ പറയൂ) എന്നായിരുന്നു മേനോന്റെ മറുപടി. ഞങ്ങളുടെ ഫോൺ സംഭാഷണം നിലയ്ക്കുന്നതിന് മുമ്പ് എം.എസ്. മാസ്റ്ററോട് കെ.കെ. മാസ്റ്ററെ ഒന്ന് കൊണ്ടുവരണമെന്ന് മേനോൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് കെ.കെ. മാസ്റ്ററെയും കൂട്ടിയായിരുന്നു ഞങ്ങളുടെ അടുത്ത തിരുവനന്തപുരം യാത്ര.
ദിവസങ്ങൾ കടന്നുപോവുകയായിരുന്നു. വേനൽ പതുക്കെ വർഷത്തിന് വഴിമാറിയിരുന്നു. എന്റെ എറണാകുളത്തെ വീട്ടിലെ സ്ഥിതി ഏറെക്കുറെ മോശമായി. രാജന്റെ അമ്മയുടെ മാനസികാരോഗ്യം പാടെ തകർന്നു.
പക്ഷേ അച്യുതമേനോനിലുള്ള പ്രതീക്ഷ അപ്പോഴും ബാക്കി. 

പിറ്റേദിവസം പുലർച്ചയിൽ തിരുവനന്തപുരത്തെത്തി സി.ജി തന്ന പഴയ നമ്പറിൽ കന്റോൺമെന്റ് ഹൗസിലേക്ക് വിളിച്ചു. ഇടനാഴിയിൽ ഫോൺ മുഴങ്ങിക്കൊണ്ടിരുന്നു.
മേനോന്റെ ശബ്ദത്തിനുവേണ്ടി ഞാൻ കാതോർത്തു.
കന്റോൺമെന്റ് ഹൗസിൽ നിന്ന് ഫോണിന്റെ ഇങ്ങേത്തലയ്ക്കൽ അച്യുതമേനോന്റെ നേർത്ത ശബ്ദം ഉയർന്നു. എം.എസ്. മാഷാണ് സംസാരിച്ചത്. 'കഴിഞ്ഞ തവണ പറഞ്ഞതനുസരിച്ച് ഞാൻ കെ.കെയേയും കൂട്ടിക്കൊണ്ട് വന്നിട്ടുണ്ട്. ഞങ്ങൾ അങ്ങോട്ട് വരട്ടെ.' മാസ്റ്റർ ചോദിച്ചു.
'എനിക്ക് കെ.കെയേയും കാണണ്ട ഒരു-നേയും കാണണ്ട.' ഇവിടെ അദ്ദേഹം ഉപയോഗിച്ച പദം അന്നു എനിക്ക് വ്യക്തമായിരുന്നില്ല. എന്തുതന്നെയായാലും മേനോൻ ഒരുപാട് മാറിപ്പോയി എന്നെനിക്ക് തോന്നി. കരുണാകരനെയോ ജയറാം പടിക്കലിനെയോ വിളിച്ചുചോദിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ശുണ്ഠിയെടുത്തു.

'ഞാനിനി തന്റെ മകനെ അന്വേഷിച്ച് ഒരു തോർത്തും തോളത്തിട്ട് കേരളത്തിലങ്ങോളമിങ്ങോളമുള്ള പോലീസ് സ്റ്റേഷൻ കയറി ഇറങ്ങണോ?' അങ്ങനെയായിരുന്നു അച്യുതമേനോന്റെ ആ വാക്കുകൾ.
എനിക്ക് ക്ഷോഭവും കരച്ചിലും വന്നു. പരിഭ്രമം കൂടാതെ ഞാൻ പറഞ്ഞു. 'ഒരു മുഖ്യമന്ത്രിക്ക് തന്റെ കീഴുദ്യോഗസ്ഥനോട് ചോദിച്ച് ഒരു കാര്യമറിയാൻ ഇത്രയേ കഴിവുള്ളൂ എന്ന് എനിക്ക് മനസ്സിലായിരുന്നില്ല. ഇത് മനസ്സിലായിരുന്നുവെങ്കിൽ ഞാൻ താങ്കളെ സമീപിക്കുകയേ ഉണ്ടാവുമായിരുന്നില്ല.'
വേദനയോടെയാണ് ഞാനും എം.എസ്  മാഷും തിരുവനന്തപുരത്തുനിന്നും മടങ്ങിയത്. അധികാരം ഒരു കമ്മ്യൂണിസ്റ്റ് നേതാവിനുണ്ടാക്കിയ മാറ്റം അന്നത്തെ എന്നെ സംബന്ധിച്ചിടത്തോളം വിചിത്രവും അജ്ഞാതവുമായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ വേണ്ടി ഓടിനടന്ന മേനോൻ എന്നെ സംബന്ധിച്ചിടത്തോളം ഏറെ പ്രിയങ്കരനായിരുന്നു. ഞങ്ങളെപ്പോലുള്ളവരുടെ തലമുറ അദ്ദേഹത്തെപ്പോലെ ഒരാളിൽ അർപ്പിച്ച വിശ്വാസം എത്രയെന്ന് ഇന്ന് പലർക്കും ഊഹിക്കാനാവില്ല.

മുഷിഞ്ഞ വസ്ത്രങ്ങളും ശരീരവുമായി രാത്രികളിൽ കുടിലുകളിലേയ്ക്കും വീടുകളിലേയ്ക്കും കയറിവന്ന് അന്നത്തെ നിഷ്‌ക്കളങ്കരായ മനുഷ്യരുടെ ഹൃദയത്തിൽ കൂടുകെട്ടുകയായിരുന്നു മേനോൻ ചെയ്തത്. സ്വന്തം ജീവൻ പോലും ബലിയർപ്പിച്ചുകൊണ്ടാണ് അന്നത്തെ കാക്കിയണിഞ്ഞ രാക്ഷസന്മാർക്ക് വിട്ടുകൊടുക്കാതെ മേനോനെ കേരളജനത കാത്തത്.
നാക്കെടുത്താൽ നുണ മാത്രമേ പറയൂ എന്ന് സ്വയം നല്ല ബോധമുള്ള ഒരു വ്യക്തിയെ മന്ത്രിസഭയിലെ ഒരംഗമായി കൊണ്ടുനടക്കേണ്ട ഗതികേട് ഞാനറിയുന്ന അച്യുതമേനോന് ഉണ്ടായിരുന്നില്ല. ഇതിനെപ്പറ്റി ഞാനെന്റെ ഒരു സി.പി.ഐ സുഹൃത്തിനോട് സംസാരിച്ചപ്പോൾ 'മേനോൻ മുഖ്യമന്ത്രിക്കസേര വിട്ടിറങ്ങിയാൽ വീട്ടിൽ തിരിച്ചെത്തുമായിരുന്നില്ല' എന്നായിരുന്നു മറുപടി.
അച്യുതമേനോനെ സുരക്ഷിതമായി അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കാനുള്ള ചുമതല കേരളജനത വളരെക്കാലം ഏറ്റെടുത്തിട്ടുണ്ട് എന്ന് ഞാനാ സുഹൃത്തിനോട് മറുപടി പറഞ്ഞു. അച്യുതമേനോനെപ്പോലുള്ള ഒരു ധീരപുരുഷൻ കരുണാകരന്റെ ഏറാൻമൂളിയായി അധഃപതിച്ചതിൽ ഞങ്ങളൊക്കെ വളരെ വ്യസനിച്ചിട്ടുണ്ട്.

'രാജൻ സംഭവവുമായി ബന്ധപ്പെട്ട് അച്യുതമേനോനിൽ നിന്നുണ്ടായ അനുഭവമാണ് കരുണാകരനിൽ നിന്നുണ്ടായ അനുഭവത്തേക്കാൾ എന്നെ വേദനിപ്പിച്ചത്. കാരണം കരുണാകരനിൽ നിന്ന് ഞാനിത്രയേ പ്രതീക്ഷിച്ചിരുന്നുള്ളൂ. മേനോനിൽ നിന്ന് ഈ അനുഭവം ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല.'

ഒടുവിൽ പ്രൊഫ. ടി.വി. ഈച്ചരവാരിയർക്ക് ആ സത്യം ബോദ്ധ്യമായി. കക്കയം ക്യാമ്പിലെ ഭീകര പീഡനത്തിൽ മകൻ കൊല്ലപ്പെട്ടു. ഉള്ളുപിടച്ചിലോടെ അദ്ദേഹം അതുമായി പൊരുത്തപ്പെടാൻ ശ്രമിച്ചു. പക്ഷേ അപ്പോഴും ഒരു ചോദ്യം ഉത്തരം കിട്ടാതെ അവശേഷിച്ചു. രാജന്റെ മൃതദേഹം എവിടെ അടക്കം ചെയ്തു? പാറക്കെട്ടുകളിലെവിടെയോ ആ ചെറുപ്പക്കാരന്റെ മൃതദേഹം കത്തിച്ചുകളയുകയായിരുന്നു എന്ന് പിന്നീട് പലരും പറഞ്ഞു. അതിപ്പോഴും ചുരുളഴിക്കപ്പെടാതെ കേരളചരിത്രത്തിൽ തറഞ്ഞുകിടക്കുന്നു.

രക്തം കിനിയുന്ന 'ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ' അവസാനിക്കുന്നത് ഇങ്ങനെയാണ്:

'രാജാ, നീ ജീവിച്ചിരുന്നപ്പോൾ നീ പാടിയ, ഞാൻ കേൾക്കാതെ പോയ പാട്ടുകൾക്ക് എന്തൊരു വിഷാദച്ഛവിയാണ്. മരണം ഉപാസിക്കുന്ന എന്തോ ഒന്ന് ഞാനിന്ന് അതിൽ കണ്ടെത്തുകയാണ്. ജീവിതത്തെ നീ ഇത്രകണ്ട് വെറുത്തിരുന്നുവോ കുഞ്ഞേ.
ഞാൻ അവസാനിപ്പിക്കുകയാണ്. ഈ കർക്കിടകത്തിൽ മഴ തകർത്തുപെയ്യുന്നു. പെരുമഴ ശ്രീവിഹാറിന് മുകളിൽ പെയ്തുവീഴുമ്പോഴൊക്കെ ഞാൻ മോനെ ഓർക്കുന്നു. പടിവാതിൽ അടച്ചുപൂട്ടിയാലും ആരോ വന്ന് അത് തുറന്ന് പൂമുഖപ്പടിയിൽ മുട്ടുന്നതുപോലെ. ആത്മാവിന് പൂർവ്വജന്മബന്ധങ്ങളില്ലാ എന്നെഴുതുന്നത് ശരിയാവില്ല.
മഴ പൊഴിയുന്ന ഈ രാത്രിയിൽ ഞാൻ അവന്റെ കാസറ്റിലാക്കിയ പാട്ടുവയ്ക്കുന്നു. മൂളുന്ന ടേപ് റിക്കോർഡിനൊപ്പം കളഞ്ഞുപോയ ഒരു ശബ്ദവീചിയെ ഞാൻ തൊട്ടെടുക്കാൻ ശ്രമിക്കുകയാണ്. പരുക്കനായ ഒരച്ഛനായതുകൊണ്ടുമാത്രം ഞാൻ കേൾക്കാതെ പോയ പാട്ടുകൾക്കൊണ്ട് എന്റെ ഭൂമി നിറയുകയാണ്. പുറത്ത് മഴ നനഞ്ഞ് എന്റെ മകൻ നിൽക്കുന്നു.
പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല. പക്ഷേ, ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിറുത്തിയിരിക്കുന്നത്....
ഞാൻ വാതിലടയ്ക്കുന്നേയില്ല. പെരുമഴ എന്നിലേക്ക് പെയ്തുവീഴട്ടെ. ഒരു കാലത്തും വാതിലുകൾ താഴിടാനാവാത്ത ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ.'

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img