
ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തെ ലോകം അംഗീകരിക്കുന്നതിന്റെ തെളിവാണ് അന്താരാഷ്ട്രയോഗാ ദിനം ലോക വ്യാപകമായി ആചരിക്കുന്നതെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗാ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.സംഘർഷഭരിതമായ ഒരു ലോകത്താണ് നാം ജീവിക്കുന്നത്.രാജ്യങ്ങൾ,വർഗ്ഗങ്ങൾ,തുടങ്ങി കുടുംബത്തിൽ വരെ ആശ്വാസ്യമില്ലാത്തവിധം സംഘർഷങ്ങൾ ഉണ്ടാകുന്നു.ഇതിന് വ്യക്തമായ പ്രതിവിധി യോഗ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
2015 ൽ ഐക്യരാഷ്ട്ര സംഘടന ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത് ഐക്യകണ്ഠേനയായിരുന്നു എന്ന് മാത്രമല്ല ഇന്ന് 128 രാജ്യങ്ങളിൽ യോഗാദിനാനുചരണവും യോഗ പരിശീലനവും നടക്കുന്നു എന്നതും യോഗയ്ക്ക് ലോകം കൊടുക്കുന്ന പ്രാധാന്യത്തെ വ്യക്തമാക്കുന്നതായി അദ്ദേഹം സൂചിപ്പിച്ചു.
കലൂർ പാവക്കുളം ക്ഷേത്ര ആഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബി ജെ പി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു.നാഷണലിസ്റ്റ് കോൺഗ്രസ്സ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യുസ്, ബി ജെ പി സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, ജില്ലാ ജന.സെക്രട്ടറിമാരായ അഡ്വ. പ്രിയ പ്രശാന്ത്, ശ്രീക്കുട്ടൻ തുണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.യോഗാചാര്യ ഡോ. ജലജ ആചാര്യ പരിശീലനത്തിന് നേതൃത്വം നൽകി.











