
ദാമ്പത്യകാര്യങ്ങളിൽ സ്ത്രീകളുടെ സങ്കൽപ്പങ്ങളിലും ചിന്തയിലും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ പുരുഷന്മാരിൽ അതിനനുസൃതമായിട്ടുള്ള രീതിയിൽ വ്യക്തത ഉണ്ടാവാത്തതിനാൽ പുരുഷന്മാരിൽ മിക്കവരും ഇപ്പോഴും ഇക്കാര്യത്തിൽ പഴയ ചിന്താഗതിക്കാരായി വർത്തിക്കുന്നു എന്നാണ് അടുത്തകാലത്ത് നടന്ന നവീനകാല ദാമ്പത്യ നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നതത്രെ. 'ഇൻഡ്യാക്കാരുടെ ദാമ്പത്യ ജീവിത പ്രതീക്ഷകൾ' എന്ന ഈ അഭിപ്രായ ശേഖരണ വേളയിൽ രസകരമായ പല കാര്യങ്ങളും വെളിപ്പെടുകയുണ്ടായത്രേ.
* താൻ പറയുന്നത് അനുസരിച്ച് ഭാര്യ പ്രവർത്തിക്കണം എന്ന് എഴുപത്തിരണ്ട് ശതമാനം പുരുഷന്മാരും പ്രതീക്ഷിക്കുന്നു. അതിന് മുൻപ് ഈ ചിന്താഗതിക്കാരായ പുരുഷന്മാരുടെ എണ്ണം ഇതിലും എത്രയോ അധികമായിരുന്നു എന്നതും ശ്രദ്ധേയമാണ്.
* ഭൂരിഭാഗം പുരുഷന്മാരും ഭാര്യമാർ തങ്ങളെ കുട്ടികളെപ്പോലെ പരിചരിച്ച് സ്നേഹം ചൊരിയണമെന്ന് പ്രതീക്ഷിക്കുന്നവരാണ്. അതിൽ അറുപത് ശതമാനം പുരുഷന്മാരുടേയും ആ ആഗ്രഹം നിറവേറുന്നതായി പറയുന്നു.
* ഉന്നത വിദ്യാഭ്യാസവും അധികം ശമ്പളത്തോട് കൂടിയ ജോലിയും സ്ത്രീകൾക്ക് ലഭിച്ചിട്ടുണ്ടായിരിക്കാം എങ്കിലും അവർക്ക് അർഹമായ പൂർണ്ണ അംഗീകാരം ലഭിച്ചിട്ടില്ല എന്നതാണ് ഇരുപത്തിരണ്ട് ശതമാനം പുരുഷന്മാരുടെയും അഭിപ്രായം.
* എട്ട് ശതമാനം പുരുഷന്മാരും ജോലിക്കാരിയായ തങ്ങളുടെ ഭാര്യ സുഹൃത്തുക്കളുടെ പാർട്ടികളിൽ പങ്കെടുക്കുന്നത് തങ്ങൾക്ക് സ്വീകാര്യമാണെന്ന് പറയുന്നു.
* ഭാര്യയുടെ ഓഫീസ് സുഹൃത്തുക്കൾ വീടുതേടി വന്ന് അവരുമായി സംസാരിച്ചിട്ട് മടങ്ങുന്നത് സന്തോഷകരമായ വിഷയമാണെന്ന് അമ്പത്തിരണ്ട് ശതമാനം പുരുഷന്മാർ അഭിപ്രായപ്പെട്ടു.
* ഭാര്യയോട് അത്യധികം സ്നേഹമുണ്ടെങ്കിലും മാസത്തിൽ രണ്ടോ മൂന്നോ ദിവസം ഭാര്യയിൽ നിന്നും അകന്നുകഴിയുന്നത് സ്നേഹം വർദ്ധിക്കുവാൻ സഹായകരമാകും എന്നാണ് എഴുപത് ശതമാനം പുരുഷന്മാരുടേയും അഭിപ്രായം. അതേസമയം അത് ശരിയായ തീരുമാനമാണെന്ന് നാൽപ്പത്തിയെട്ട് ശതമാനം സ്ത്രീകളും സമ്മതിക്കുന്നു. അതായത് സ്ത്രീകളിൽ ഭൂരിഭാഗം പേരും ഭർത്താവ് തങ്ങളിൽ നിന്നും ഏതാനും ദിവസം അകന്നിരിക്കുവാൻ പാടില്ല എന്നാണ് ഇപ്പോഴും ആഗ്രഹിക്കുന്നത്.
* സിനിമയിലെ നായകനെപ്പോലെയോ, കഥകളിൽ വരുന്ന കഥാപാത്രങ്ങളെ പോലെയോ ആയിരിക്കണം തങ്ങളുടെ ഭർത്താവ് എന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നത് വാസ്തവമാണെന്നും ഇപ്പോൾ അത്തരത്തിലുള്ള സ്വപ്നങ്ങൾ കാണാറില്ല എന്നും, ശരാശരി പുരുഷന്മാരെ തന്നെയാണ് ഭർത്താവായി കിട്ടാൻ ആഗ്രഹിക്കുന്നതെന്നുമാണ് എൺപതിലധികം ശതമാനം സ്ത്രീകളും പറഞ്ഞത്.
* ലൈംഗിക കാര്യങ്ങളിൽ തങ്ങൾക്ക് പൂർണ്ണസംതൃപ്തി ലഭിക്കുന്നുവെന്ന് മുപ്പത്തിയെട്ട് ശതമാനം സ്ത്രീകൾ അഭിപ്രായം പങ്കുവച്ചു. എന്നാൽ ഇക്കാര്യത്തിൽ ഭർത്താവ് തങ്ങളുടെ അഭിപ്രായം ആരായാറില്ല എന്ന് നാൽപ്പത്തിയെട്ട് ശതമാനം സ്ത്രീകൾ നിരാശപ്പെട്ടു.
* ദാമ്പത്യജീവിതം വിജയകരമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആണും പെണ്ണും വെവ്വേറെ അന്തരീക്ഷങ്ങളിൽ വളർന്ന് ഭാര്യയും ഭർത്താവുമായി ജീവിതത്തിൽ പ്രവേശിക്കുന്നു. അതുകൊണ്ട് ഒറ്റയടിക്ക് അവർ തമ്മിൽ ഐക്യം ഉണ്ടാവുകയില്ല. അത് മനസ്സിലാക്കി പടിപടിയായി അടുപ്പം വർദ്ധിപ്പിച്ചെടുക്കാൻ പരസ്പരം മുന്നോട്ടുവരണം. അതിന് സ്നേഹവും വിശ്വാസവും പ്രകടിപ്പിക്കേണ്ടതോടൊപ്പം പരസ്പരം ബഹുമാനിക്കേണ്ടതും ദാമ്പത്യവിജയത്തിന് അത്യന്താപേക്ഷിതമാണ്.











