
നിലവിൽ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം എന്നീ പ്രദേശങ്ങൾ പരിമിതമായ അധികാരങ്ങളോടെ പാലസ്തീൻ അതോറിറ്റിയാണ് ഭരിക്കുന്നത്.
പാലസ്തീൻകാരെ മുഴുവൻ ഇല്ലായ്മ ചെയ്യുക എന്ന ഉദ്ദേശത്തടെ ഇസ്രയേൽ ഗാസയിൽ വംശഹത്യ നടത്തുകയാണെന്ന് യു.എൻ. ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ കമ്മീഷൻ ഓഫ് ഇൻക്വയറി(സി.ഒ.ഐ) സെപ്റ്റംബർ 16 ന് പ്രഖ്യാപിച്ചതിനെ ലോകരാഷ്ട്രങ്ങൾ അതീവഗൗരവത്തോടെ കാണുന്നു എന്ന സൂചനകളാണ് വരുന്നത്. 1948 ലെ വംശഹത്യയെക്കുറിച്ചുള്ള ഉടമ്പടിയിൽ പറയുന്ന അഞ്ചുകാര്യങ്ങൾ 2023 ഒക്‌ടോബർ മുതൽ ഇസ്രയേൽ ഗാസയിൽ നടത്തുന്നുണ്ടെന്ന് സി.ഒ.ഐ ചൂണ്ടിക്കാട്ടിയിരുന്നു. വംശഹത്യയ്ക്ക് ഉത്തരവാദി ഇസ്രയേലാണെന്നും, പ്രധാനമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമാണ് ഇതിന് പ്രേരിപ്പിക്കുന്നതെന്നും സി.ഒ.ഐ മേധാവി നവിപിള്ളൈ കുറ്റപ്പെടുത്തുകയുണ്ടായി.
കഴിഞ്ഞ 23 മാസത്തിനിടെ മാത്രം 21,000 കുഞ്ഞുങ്ങളടക്കം 65,000 പേർ ഗാസയിൽ മരിച്ചുവീണു. 90 ശതമാനം വീടുകളും 94 ശതമാനം ആശുപത്രികളും 97 ശതമാനം സ്‌ക്കൂളുകളും തകർക്കപ്പെട്ടു. ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും ഇസ്രായേൽ- പാലസ്തീൻ പ്രശ്‌നത്തിന് ദ്വിരാഷ്ട്ര പരിഹാരം ഉടൻ ഉണ്ടാകണമെന്നും യു.എൻ. പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയം പത്തിനെതിരേ 142 വോട്ടുകൾക്കാണ് പാസായത്.
എന്നാൽ ലോകവികാരത്തെ മാനിക്കാതെ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസാ മുനമ്പിൽ നിന്നു പലസ്തീനികളെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ കരയാക്രമണം ഉൾപ്പെടെ നടത്തി ഗാസായുദ്ധത്തിന് ശക്തികൂട്ടുകയാണ് ഇസ്രയേൽ ചെയ്തത്.
ഗാസയിലെ സുപ്രധാന കേന്ദ്രമായ ഗാസസിറ്റിയിലെ പത്തുലക്ഷത്തോളം ജനങ്ങളിൽ പകുതിയോളംപേർ ഇതിനോടകം പലായനം ചെയ്തുകഴിഞ്ഞു. എന്നാൽ ഒഴിഞ്ഞുപോകാൻ തയ്യാറായില്ലെങ്കിൽ ഒരാളെയും ബാക്കി വയ്ക്കില്ലെന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ് ഇസ്രയേൽ. ഭക്ഷണമോ, മരുന്നോ, ശുദ്ധജലമോ ഒന്നും ലഭിക്കാതെ അർദ്ധപ്രാണനുമായി ദിവസങ്ങൾ തള്ളിനീക്കുന്ന നിസ്സഹായരായ ജനങ്ങളെയാണ് ബെന്യാമിൻ നെതന്യാഹുവിന്റെ സൈന്യം നിഷ്ഠൂരമായി കൊന്നൊടുക്കുന്നത്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപല്ലാതെ പ്രധാനപ്പെട്ട ഒരു ലോകനേതാവും ഇസ്രയേലിന്റെ ചെയ്തികളെ പിന്തുണയ്ക്കുന്നില്ല.
ഗാസയിൽ ഇസ്രയേൽ നടത്തിവരുന്ന യുദ്ധം അങ്ങേയറ്റം മനുഷ്യത്വരഹിതമായതുകൊണ്ട് തന്നെയാവണം ഒട്ടേറെ പാശ്ചാത്യരാജ്യങ്ങൾ പരമ്പരാഗതമായി ഇസ്രായേലിനോടുണ്ടായിരുന്ന അനുഭാവം ഉപേക്ഷിച്ച് പാലസ്തീന് അനുകൂലനയം മാറ്റത്തിന് സമീപദിവസങ്ങളിൽ തയ്യാറായത്. നിലവിൽ യു.എന്നിലെ 193 ൽ 157 അംഗരാജ്യങ്ങളും പാലസ്തീന് രാഷ്ട്രപദവി അംഗീകരിച്ചിട്ടുണ്ട്.
2023 ഒക്‌ടോബറിൽ ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ യു.എൻ. പൊതുസഭയും പാലസ്തീനെ പിന്തുണയ്ക്കുന്ന ഒട്ടേറെ രാജ്യങ്ങളും അപലപിച്ചിട്ടുണ്ട്. യുദ്ധം അവസാനിച്ച് പാലസ്തീൻ രാഷ്ട്രത്തിന് അംഗീകാരമാവുമ്പോൾ ഹമാസ് ആയുധം ഉപേക്ഷിച്ച് ഗാസയെ പാലസ്തീൻ അതോറിറ്റിക്ക് വിട്ടുകൊടുക്കണമെന്നതാണ് യു.എൻ നിലപാട്.
നിലവിൽ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം എന്നീ പ്രദേശങ്ങൾ പരിമിതമായ അധികാരങ്ങളോടെ പാലസ്തീൻ അതോറിറ്റിയാണ് ഭരിക്കുന്നത്. ഹമാസ് പാലസ്തീനെ പ്രതിനിധീകരിക്കുന്നില്ലെന്നാണ് പാലസ്തീൻ അതോറിറ്റി പ്രസിഡന്റ് മുഹ്മൂദ് അബ്ബാസ് അവകാശപ്പെട്ടത്. എന്നാൽ ഹമാസ് യുദ്ധത്തിൽ പൂർണ്ണമായി പരാജയപ്പെട്ടു കീഴടങ്ങിയല്ലാതെ സമാധാനപൂർണ്ണമായി പാലസ്തീൻ അതോറിറ്റിക്ക് ഗാസയുടെ ഭരണംകൂടി ഏറ്റെടുക്കാനാവില്ല. ഗാസയിലെ മനുഷ്യക്കുരുതി ഒരു നിമിഷം മുമ്പ് അവസാനിപ്പിക്കുകയാണ് പ്രധാനം. അമേരിക്കയുടെ പിന്തുണയാണ് ഇസ്രയേലിന്റെ ധിക്കാരത്തിന്റെ പ്രധാന കാരണം. ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കാൻ ഇസ്രയേലിന്റെയും അമേരിക്കയുടെയും മേൽ സമ്മർദ്ദം ചെലുത്താൻ ലോകരാജ്യങ്ങൾക്കൊപ്പം കൈകോർക്കാൻ ഇന്ത്യയും ഉണ്ടാകണം.











