09:50am 29 April 2026
NEWS
ദുരന്തത്തിൽ കണ്ണീരൊപ്പാൻ ഇന്ത്യക്കൊപ്പം ലോകവും. ഇന്ത്യയെ നടുക്കിയ ആകാശ ദുരന്തത്തിൽ വേദന പങ്കുവച്ച് ലോക നേതാക്കൾ


12/06/2025  07:46 PM IST
സണ്ണി ലുക്കോസ്
ദുരന്തത്തിൽ കണ്ണീരൊപ്പാൻ ഇന്ത്യക്കൊപ്പം ലോകവും. ഇന്ത്യയെ നടുക്കിയ ആകാശ ദുരന്തത്തിൽ വേദന പങ്കുവച്ച് ലോക നേതാക്കൾ

ഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണുണ്ടായ ദുരന്തത്തിൽ കണ്ണീരൊപ്പാൻ ഇന്ത്യക്കൊപ്പം ലോകവും. ഇന്ത്യയെ നടുക്കിയ ആകാശ ദുരന്തത്തിൽ വേദന പങ്കുവച്ച് ലോക നേതാക്കൾ രംഗത്തെത്തി. 242 പേർക്ക് ജീവൻ നഷ്ടമായ വിമാന ദുരന്തത്തിൽ അനുശോചനം അറിയിച്ചും ഇന്ത്യക്ക് പിന്തുണയും ഐക്യദാർഢ്യവുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിൻ, ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, യുക്രൈൻ പ്രസിഡന്‍റ് വ്ലാഡ്മിർ സെലൻസ്കി തുടങ്ങി നിരവധി ലോക നേതാക്കൾ രംഗത്തെത്തി.

ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയുമാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഹൃദയംഗമമായ അനുശോചനം അറിയിച്ചത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമുണ്ടെന്നും അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നതായും പുടിൻ അറിയിച്ചു. വലിയ ദുഃഖത്തിന്റെ ഈ സമയത്ത് റഷ്യയുടെ പിന്തുണയും ഐക്യദാർഢ്യവും ഇന്ത്യക്കൊപ്പമുണ്ടെന്നും പുടിൻ വ്യക്തമാക്കി.

യൂറോപ്യൻ യൂണിയനും വിമാന ദുരന്തത്തിൽ ഇന്ത്യയെ ആശ്വാസിപ്പിക്കാനെത്തി. വലിയ ദുഃഖമുണ്ടെന്നാണ് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്‍റ് പറഞ്ഞത്. വിമാന ദുരന്തത്തിന്‍റെ വേദനയിൽ ഇന്ത്യയെ ആശ്വസിപ്പിക്കാൻ യുക്രൈനുണ്ടാകുമെന്നാണ് പ്രസിഡന്‍റ് സെലൻസ്കി പറഞ്ഞത്. കാനഡ ഹൈ കമ്മീഷനും ദുരന്തത്തിൽ അനുശോചനം അറിയിച്ചു. വിമാന ദുരന്തത്തിൽ ഒരു കാനഡ പൗരനും ജീവൻ നഷ്ടമായിട്ടുണ്ട്. ഞെട്ടിപ്പിക്കുന്ന സംഭവമെന്നാണ് പോർച്ചുഗൽ എംബസി പ്രതികരിച്ചത്. വിമാന ദുരന്തത്തിൽ 7 പോർച്ചുഗീസ് പൗരന്മാർക്കും ജീവൻ നഷ്ടമായിരുന്നു.

അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണുണ്ടായ ദുരന്തത്തിൽ ബ്രിട്ടനും തീരാത്ത വേദനയിലാണ്. വിമാന ദുരന്തത്തിൽ 53 ബ്രിട്ടിഷ് പൗരന്മാർക്കാണ് ജീവൻ നഷ്ടമായത്. വിമാനത്തിലുണ്ടായിരുന്ന 242 പേർക്കും ജീവൻ നഷ്ടമായെന്ന് സ്ഥിരീകരിച്ചതോടെയാണ് ബ്രിട്ടിഷ് പൗരന്മാരുടെ മരണവും ഉറപ്പിച്ചത്. അതിനിടെ വിമാനാപകടത്തിൽ നടുക്കം വ്യക്തമാക്കി ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ രംഗത്തെത്തി. ബ്രിട്ടീഷ് പൗരന്മാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യൻ നഗരമായ അഹമ്മദാബാദിൽ തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ അഭിപ്രായപ്പെട്ടിരുന്നു. സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും ഈ ദുരിതകരമായ സമയത്ത് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരോടും അവരുടെ കുടുംബങ്ങളോടും ഒപ്പമാണ് താനെന്നും സ്റ്റാർമർ വ്യക്തമാക്കി. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്കു പറന്ന എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് തകർന്നുവീണത്. ലണ്ടനിലേക്കുള്ള യാത്രയായതിനാലാണ് ദുരന്തത്തിൽ ബ്രിട്ടനും കനത്ത നഷ്ടമുണ്ടായത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img