
ലോകം ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സമഭാവനയുടെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന പുണ്യദിനമാണ് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ലോകജനത ശാന്തിയുടെയും സമാധാനത്തിന്റെയും ഈ മഹോത്സവം ആഘോഷിക്കുന്നു. എല്ലാ വായനക്കാർക്കും കേരളശബ്ദത്തിന്റെ ക്രിസ്മസ് ആശംസകൾ...
പുൽക്കൂടുകളും നക്ഷത്രവിലക്കുകളും വർണാഭമായ അലങ്കാരങ്ങളുമായി വിവിധ രാജ്യങ്ങളിലെ ജനങ്ങൾ ക്രിസ്മസിനെ ഹൃദയപൂർവം വരവേൽക്കുന്നു. മതപരമായ അതിരുകൾക്കപ്പുറം, ക്രിസ്മസ് ഇന്ന് മതേതര ആഘോഷമായി നാടൊട്ടാകെ ആചരിക്കപ്പെടുന്നു. ഈ ക്രിസ്മസും മനുഷ്യർക്കിടയിൽ സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ പ്രതീക്ഷകൾ പകരട്ടെയെന്ന ആശംസകളോടെയാണ് ആഘോഷങ്ങൾ പുരോഗമിക്കുന്നത്.
മഞ്ഞിന്റെ കുളിർമയും നക്ഷത്രങ്ങളുടെ തിളക്കവും പുൽക്കൂടിന്റെ പുതുമയും പാതിരാകുർബാനയുടെ പവിത്രതയും ചേർന്ന ക്രിസ്മസ് രാവുകൾ ആഘോഷത്തിന്റെ ഉച്ചത്തിലെത്തി. ക്രിസ്മസ് സന്തോഷത്തിന്റെ മാത്രമല്ല, ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ആഘോഷം കൂടിയാണ്. മധുരസ്മരണകളും വിശ്വാസകഥകളും നിറഞ്ഞ ദിനങ്ങളാണ് ക്രിസ്മസ് സമ്മാനിക്കുന്നത്.
ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ കരുണയുടെയും ശാന്തിയുടെയും സന്ദേശവുമായി ജനിച്ച രക്ഷകന്റെ തിരുപ്പിറവിയാണ് ലോകം ഇന്ന് അനുസ്മരിക്കുന്നത്. ഇതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനയ്ക്കായി ഒത്തുചേർന്നു. പാതിരാ കുർബാന ഉൾപ്പെടെയുള്ള പ്രത്യേക തിരുപ്പിറവി ശുശ്രൂഷകൾ ദേവാലയങ്ങളിൽ നടന്നു. വിവിധ ക്രൈസ്തവ സഭാ തലവൻമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നന്മയുടെയും സ്നേഹത്തിന്റെയും സന്ദേശം പങ്കുവെച്ചുകൊണ്ട് പ്രാർത്ഥനയോടെ വിശ്വാസികൾ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കാളികളായി.
ക്രിസ്മസ് ആഘോഷങ്ങളുടെ നിറക്കാഴ്ചകൾ
ക്രിസ്മസ് നക്ഷത്രം:
ഉണ്ണിയേശുവിന്റെ ജനനവാർത്ത അറിഞ്ഞ് ആട്ടിടയന്മാർക്ക് വഴികാട്ടിയായ നക്ഷത്രത്തിന്റെ ഓർമ്മയാണ് വീടുകളിലെ നക്ഷത്രവിളക്കുകളായി തെളിയുന്നത്. കേരളത്തിലും ക്രിസ്മസ് അലങ്കാരങ്ങളുടെ പ്രധാന ആകർഷണമാണ് നക്ഷത്രങ്ങൾ.
പുൽക്കൂട്:
കാലിത്തൊഴുത്തിൽ ഉണ്ണിയേശു ജനിച്ചതെന്ന വിശ്വാസത്തിന്റെ പ്രതീകമായി പുൽക്കൂടുകൾ ഒരുക്കുന്നു. ഉണ്ണിയേശു, അമ്മ മേരി, ജോസഫ്, ജ്ഞാനികൾ, ആട്ടിടയന്മാർ എന്നിവരുടെ രൂപങ്ങൾ പുൽക്കൂട്ടിൽ അണിനിരത്തപ്പെടുന്നു.
സാന്റാക്ലോസ്:
സമ്മാനങ്ങളുമായി എത്തുന്ന സാന്റാക്ലോസ് ക്രിസ്മസിന്റെ വേർപിരിയാത്ത സാന്നിധ്യമാണ്. റെയിൻഡിയർ വലിക്കുന്ന വണ്ടിയിൽ ചുവന്ന വേഷത്തിൽ എത്തുന്ന ക്രിസ്മസ് അപ്പൂപ്പനെ കുട്ടികൾ ആവേശത്തോടെ കാത്തിരിക്കുന്നു.
കാരോൾ ഗാനങ്ങൾ:
വീടുവീടാന്തരം എത്തുന്ന കാരോൾ സംഘങ്ങളും ദേവാലയങ്ങളിലെ ഗാനാലാപനങ്ങളും ക്രിസ്മസ് കാലത്തിന്റെ പ്രത്യേകതയാണ്.
ക്രിസ്മസ് കാർഡുകളും കേക്കും:
ആശംസാ കാർഡുകളുടെ കൈമാറ്റവും രുചികരമായ ക്രിസ്മസ് കേക്കുകളും ആഘോഷങ്ങൾക്ക് മധുരം കൂട്ടുന്നു. കേക്ക് പങ്കുവെക്കാതെ ക്രിസ്മസ് പൂർണമാകില്ലെന്ന വിശ്വാസവും നിലനിൽക്കുന്നു.
ക്രിസ്മസ് ട്രീ:
അലങ്കാരങ്ങൾ നിറഞ്ഞ ക്രിസ്മസ് ട്രീകൾ ആഘോഷങ്ങളുടെ മറ്റൊരു മുഖ്യ ആകർഷണമാണ്. ട്രീയിൽ സമ്മാനപ്പൊതികൾ തൂക്കിയിടുന്ന പതിവും വ്യാപകമാണ്.











