09:51am 17 September 2025
NEWS
ഇനി ഒരു മഹായുദ്ധം ലോകം താങ്ങില്ല
03/07/2025  06:38 PM IST
nila
ഇനി ഒരു മഹായുദ്ധം ലോകം താങ്ങില്ല

ഇസ്രയേൽ- ഇറാൻ സംഘർഷത്തിൽ അമേരിക്ക ഇസ്രയേലിനുവേണ്ടി കക്ഷിചേർന്നത് ലോകസമാധാനത്തിന് വൻഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്. ഇസ്രയേൽ- ഇറാൻ ഏറ്റുമുട്ടലിൽ ചർച്ചയുടെ വഴിയടഞ്ഞിട്ടില്ലെന്നും, രണ്ടാഴ്ചയ്ക്കകമേ തീരുമാനമെടുക്കൂവെന്നും വ്യക്തമാക്കിയ ഡൊണാൾഡ് ട്രംപ് ഇറാനിലേക്ക് വൻ സേനാവ്യൂഹത്തെ അയച്ച് സൈനികനടപടിക്ക് മുതിർന്നതിനെ അമേരിക്കയിലെ തന്നെ രാഷ്ട്രീയ-ഭരണരംഗങ്ങളിലെ പ്രമുഖർ ചോദ്യം ചെയ്തിട്ടുണ്ട്. യു.എസ് വിദേശനയവുമായി ബന്ധപ്പെട്ട് ഏറ്റവും അപകടം പിടിച്ച തീരുമാനമാണ് ട്രംപ് എടുത്തതെന്ന് യു.എസിലെ വിവിധ സ്ഥാപനങ്ങളിലെ നയതന്ത്ര വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുകയുണ്ടായി.

റഷ്യ-യുക്രൈൻ യുദ്ധവും, ഗാസയിലെ ഇസ്രയേൽ സൈനികനടപടികളും അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഒന്നും ഫലം കാണാതിരിക്കുമ്പോഴാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ജൂൺ 13 ന് ഇസ്രയേൽ ഇറാന്റെ പ്രധാന സൈനിക, ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഒരു അപ്രതീക്ഷിത കടന്നാക്രമണം നടത്തിയത്. ഇറാന്റെ ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവശാസ്ത്രജ്ഞരും കൊല്ലപ്പട്ടു. ഇറാൻ പക്ഷേ ഡ്രോണുകളും മിസൈലുകളുമായി തിരിച്ചടിച്ചു. ഇറാന്റെ മിസൈലുകൾ ഇസ്രയേലിലും കാര്യമായ നാശനഷ്ടങ്ങൾ വരുത്തി.

അമേരിക്കയ്ക്ക് വലിയ തോതിൽ ആണവായുധശേഖരം ഉണ്ട്. ഇസ്രയേലും സ്വന്തമായി ആണവായുധശേഷി വികസിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇസ്രയേലിന്റെ ആണവായുധശേഖരം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാൻ അന്താരാഷ്ട്ര ഏജൻസികളെയൊന്നും ഇസ്രയേൽ ഇതുവരെ അനുവദിച്ചിട്ടില്ല. എന്നാൽ ഇറാൻ ആണവായുധം വികസിപ്പിക്കാൻ പോകുന്നു, അത് തങ്ങളുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നു പറഞ്ഞുകൊണ്ടാണ് ഇസ്രയേൽ ഇറാന്റെ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുദ്ധമുഖം തുറന്നത്.

ആണവായുധം വികസിപ്പിക്കാൻ യുറേനിയം സമ്പുഷ്ടീകരിക്കാൻ തുടങ്ങിയപ്പോൾതന്നെ 2015 ൽ യു.എൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളും യൂറോപ്യൻ യൂണിയനും ചേർന്ന് ഇറാനുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ഇറാൻ അവരുടെ ആണവപരിപാടി ഏറെക്കുറെ മരവിപ്പിച്ചിരുന്നു. എന്നാൽ 2018 ൽ അമേരിക്കൻ പ്രസിഡന്റായിരിക്കെ ഡൊണാൾഡ് ട്രംപിന്റെ ഏകപക്ഷീയമായ തീരുമാനപ്രകാരം സുപ്രധാനമായ ഈ കരാറിൽ നിന്ന് യു.എസ് പിൻവാങ്ങി.

അതോടെ ഇറാൻ ആണവ പരിപാടി പുനർ ആരംഭിച്ചു. യുറേനിയം സമ്പുഷ്ടീകരിക്കാൻ അതിവേഗം ശേഷി നേടിക്കൊണ്ടിരിക്കുകയായിരുന്നു ഇറാൻ. ഇങ്ങനെ പോയാൽ മാസങ്ങൾ കൊണ്ട് 90 ശതമാനം വരെ യുറേനിയം സമ്പുഷ്ടീകരിക്കാൻ ഇറാന് കഴിയും. അതുവഴി ആണവായുധം വികസിപ്പിക്കാൻ ഇറാൻ ശേഷി നേടും എന്നു ഇസ്രയേൽ ഉറപ്പിച്ചു. തങ്ങളുടെ ആണവപരിപാടി സമാധാനപരമായ ആവശ്യങ്ങൾക്കാണെന്നായിരുന്നു ഇറാന്റെ വിശദീകരണം. 

ഇതിനിടെ ആണവപരിപാടിയിൽ പരിശോധനാ നിബന്ധനകൾ പാലിക്കാത്തതിന് അന്താരാഷ്ട്ര ആണവ ഏജൻസി ഇറാനെ ശാസിച്ചു. ഇത് ഒരവസരമാക്കിയാണ് ഇസ്രയേൽ ജൂൺ 13 ന് ഇറാനുമായി യുദ്ധം തുടങ്ങിയത്. നിരുപാധികം ഇസ്രയേലിന് ഇറാൻ കീഴടങ്ങണമെന്ന് അമേരിക്ക ഉയർത്തിയ, ഭീഷണി ഇറാൻ തള്ളിയതോടെ സംഘർഷം കൂടുതൽ രൂക്ഷമായി. 

സമാധാനത്തിലേക്കുള്ള വഴി നയതന്ത്രചർച്ച മാത്രമാണെന്നുള്ള യാഥാർത്ഥ്യം ലോകം മുഴുവൻ അംഗീകരിക്കവേയാണ് രാജ്യാന്തര നിയമങ്ങളും യു.എൻ ഉടമ്പടിയും എല്ലാം ലംഘിച്ച് അമേരിക്ക ഇറാൻ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ബോംബാക്രമണം നടത്തിയത്. ഗൾഫ് രാജ്യങ്ങളും റഷ്യയും, ചൈനയും, അമേരിക്കയുടെ നടപടിയെ ശക്തമായി അപലപിച്ചിട്ടുണ്ട്. അമേരിക്കൻ നടപടി ലോകസമാധാനത്തിന് വെല്ലുവിളി ഉയർത്തുന്നതാണ് എന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയ ഗുട്ടറെസ് പറഞ്ഞതാണ് ശരി. സംഘർഷം തുടരുന്നത് ലോകം മുഴുവൻ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഇനി ഒരു മഹായുദ്ധം ലോകം താങ്ങില്ല. നയതന്ത്രചർച്ചകൾ മാത്രമേ സമാധാനം കൊണ്ടുവരൂ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.