
കോഴിക്കോട് : ശംഖ്, പവിഴപ്പുറ്റ്, നീരാളി, ഹാമർ ഹെഡ്, കോറൽസ് തുടങ്ങി അറബിക്കടലിൻ്റെ അടിത്തട്ടിലെ കാഴ്ചകൾ ക്യാൻവാസിൽ പകർത്തിയ ലക്ഷദ്വീപ് ദമ്പതികളുടെ ചിത്രപ്രദർശനമായ ഏക് ദുനിയ ലഹരോം കെ നീച്ചേ' യാണ് ശ്രദ്ധേയമാകുന്നത്.
ആന്ത്രോത്ത് ദ്വീപുകാരായ നൂർ വർണാലയം , നസീറ വർണാലയവുമാണ് തങ്ങൾ കണ്ട അറബിക്കടലിലെ ആഴക്കടൽ വർണ വിസ്മയങ്ങളുടെ അൻപതോളം ചിത്രങ്ങളുമായി ദ്വീപിൽ നിന്നും കോഴിക്കോട് ആർട്ട് ഗ്യാലറിയിലെത്തിയത്. ഇന്ത്യാ റിസർവ് ബറ്റാലിയനിലെ ഹെഡ് കോൺസ്റ്റബിളാണ് മുഹമ്മദ്. ഭാര്യ നസീറ ലക്ഷദ്വീപ് ആർട്ട് അക്കാദമിയിലെ ഗ്ലാസ് പെയിൻ്റിംഗ് ഇൻസ്ട്രക്ടറാണ് .
മുൻപ് ലക്ഷദ്വീപിൻ്റെ വേറിട്ട ഭൂപ്രകൃതിയും ഭംഗിയുമൊക്കെ വരച്ചിരുന്ന ഇവർ നാല് മാസം മുൻപാണ് ഇത്തരമൊരു ഉദ്യമത്തിന് തുടക്കമിട്ടത്. ഇപ്പോൾ അൻപതു ചിത്രങ്ങൾ പൂർത്തീകരിച്ചു. ഇതിൽ പതിനെഞ്ചെണ്ണം വരച്ചത് നസീറയാണ്.
ജെല്ലിഫിഷ് , തിരണ്ടി, സ്രാവ്, ഡോൾഫിൻ, മോൺസ്‌റ്റർ ഫിഷ്, ഹാമർ ഹെഡ്, ചെമ്മീൻ, കടൽ കുതിര, ലക്ഷദ്വീപിൻ്റെ ഔദ്യോഗിക മത്സ്യമായ ബട്ടർഫ്ലൈ ഫിഷ് ഉൾപ്പെടെ പ്രദർശനത്തിലുണ്ട്.
കോഴിക്കോട് യൂണിവേഴ്സൽ ആർട്‌സിലെ പൂർവ വിദ്യാർത്ഥികളായ ദമ്പതികൾക്കൊപ്പം മകനും ചിത്രകാരനുമായ
പതിമൂന്നുകാരൻ നസ്‌മിയും കൂട്ടിനുണ്ട്.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ ഡയറക്‌ടറേറ്റ് ഓഫ് ഓഡിയോ വിഷ്വൽ പബ്ലിസിറ്റി
മുൻ ചീഫ് എക്സിബിഷൻ ഓഫീസർ എൻ. കെ. പി മുത്തുക്കോയ ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പ്രശസ്ത ചിത്രകാരൻ മദനനാണ് അധ്യക്ഷത വഹിച്ചു.
ഡോ. മുത്തുക്കോയ, ഡോ . കബീർ, പി.പി. ഹംസ, അഡ്വ കെ.പി. മുത്തുക്കോയ, സിറാജ് കോയ, ശശി മോങ്ങം, അഫ്സൽ വെള്ളി പറമ്പ്, ഷാജി കുന്ദമംഗലം എന്നിവർ പങ്കെടുത്തു.









