
ദോഹ:ഖത്തർ വേദിയാകുന്ന 'ഫിഫ അണ്ടർ 17 ലോകകപ്പ് 2026' (FIFA U-17 World Cup Qatar 2026™) മത്സരങ്ങൾ നേരിൽ കാണാനുള്ള കാത്തിരിപ്പിന് വിരാമമിട്ട് ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കമായി. ഡെലിവറി & ലെഗസി പരമോന്നത സമിതിയാണ് (Supreme Committee for Delivery & Legacy) ടിക്കറ്റുകൾ ലഭ്യമായി തുടങ്ങിയ വിവരം പ്രഖ്യാപിച്ചത്. ഔദ്യോഗിക വെബ്സൈറ്റ് വഴി ആരാധകർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.ഗ്രൂപ്പ് ഘട്ടം, റൗണ്ട് ഓഫ് 32, റൗണ്ട് ഓഫ് 16, ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഉൾപ്പെടെയുള്ള ഒരു ദിവസത്തെ പാസിന് 20 ഖത്തറി റിയാലാണ് ആരംഭ നിരക്ക്.ആസ്പയർ സോണിൽ (Aspire Zone) ഒരു ദിവസം നടക്കുന്ന 8 മത്സരങ്ങൾ വരെ കാണാൻ ഒരൊറ്റ ദിവസത്തെ ടിക്കറ്റ് കൊണ്ട് സാധിക്കും.മത്സരങ്ങൾക്ക് പുറമെ കാൽപന്ത് പ്രേമികൾക്കായി സാംസ്കാരിക-വിനോദ പരിപാടികളും ഫാൻ സോണിൽ ഒരുക്കിയിട്ടുണ്ട്.കൂടുതൽ ആരാധകർ പ്രതീക്ഷിക്കുന്ന പ്രമുഖ മത്സരങ്ങൾക്കായി പ്രത്യേക പ്രീമിയം ടിക്കറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്.ഭിന്നശേഷിയുള്ള ആരാധകർക്ക് അവർക്കായി സംവരണം ചെയ്ത പ്രത്യേക സീറ്റുകളും ആക്സസിബിൾ പാർക്കിംഗ് സൗകര്യങ്ങളും ഇമെയിൽ വഴി ബന്ധപ്പെട്ട് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.










