10:29am 13 November 2026
NEWS
കാക്കനാട് തൃക്കാക്കര ഭാരത മാത കോളേജിന് സമീപത്തെ ഫ്ലാറ്റിലെയും സമീപവാസികളുടെയും കിണർവെള്ളത്തിൽ ഡീസൽ കലർന്നതിനെ തുടർന്ന് കിണർ ഉപയോഗശൂന്യമായി.
10/06/2026  11:45 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കാക്കനാട് തൃക്കാക്കര ഭാരത മാത കോളേജിന് സമീപത്തെ ഫ്ലാറ്റിലെയും സമീപവാസികളുടെയും കിണർവെള്ളത്തിൽ ഡീസൽ കലർന്നതിനെ തുടർന്ന് കിണർ ഉപയോഗശൂന്യമായി.

കൊച്ചി: കാക്കനാട് തൃക്കാക്കര ഭാരത മാത കോളേജിന് സമീപത്തെ ഫ്ലാറ്റിലെയും സമീപവാസികളുടെയും കിണർവെള്ളത്തിൽ ഡീസൽ കലർന്നതിനെ തുടർന്ന് കിണർ ഉപയോഗശൂന്യമായി. മാസങ്ങളായി തുടരുന്ന പ്രശ്നത്തിന് ഇതുവരെ പരിഹാരമോ മലിനീകരണത്തിന്റെ ഉറവിടമോ കണ്ടെത്താനാകാതെ വന്നതോടെ ഫ്ലാറ്റുടമകൾ കടുത്ത ആശങ്കയിലാണ്.ഫ്ലാറ്റു വളപ്പിലുള്ള കുഴൽക്കിണറിലെ വെള്ളത്തിനു കുഴപ്പമില്ല. 
ഭാരത മാത കോളേജിന് എതിർവശത്തുള്ള സ്കൈലൈൻ പാം ടോപ്പ് ഫ്ലാറ്റിലെയും സമീപ വീടുകളിലെയും കിണറുകളിലാണ് പെട്രോളിയം ഉൽപ്പന്നത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. കിണർവെള്ളത്തിന് ശക്തമായ ഡീസൽ ഗന്ധവും രുചിയും അനുഭവപ്പെടുന്നതോടൊപ്പം വെള്ളത്തിന്റെ മുകളിൽ എണ്ണപ്പാട പോലുള്ള പാളി രൂപപ്പെടുന്നതായും താമസക്കാർ പറയുന്നു. കുപ്പികളിൽ ശേഖരിച്ച് സൂക്ഷിച്ച വെള്ളത്തിലും ഡീസലിന്റെ ഗന്ധം വ്യക്തമായി അനുഭവപ്പെടുന്നുണ്ടെന്നാണ് പരാതി.
72 അപ്പാർട്ട്മെന്റുകളിലായി 65 കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിലെ നൂറുകണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തെയാണ് സംഭവം ബാധിച്ചിരിക്കുന്നത്. മാസങ്ങളായി കിണർവെള്ളം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ  വലിയ തുകക്ക് പുറമേ നിന്നടിക്കുന്ന ടാങ്കർ വെള്ളവുമാണ് കുടുംബങ്ങൾ ഉപയോഗിക്കുന്നത്. 
 വർഷങ്ങളായി ഉപയോഗിച്ചിരുന്ന കിണർവെള്ളം നഷ്ടപ്പെട്ടതിന്റെ ആശങ്ക തുടരുകയാണ്.
പ്രശ്നം പരിഹരിക്കാൻ കിണറുകൾ വറ്റിച്ചും ശുചീകരിച്ചും നോക്കിയെങ്കിലും വീണ്ടും ഊറിവരുന്ന വെള്ളത്തിലും ഡീസൽ ഗന്ധത്തിന് മാറ്റമുണ്ടായില്ല. ഇതോടെ കിണർവെള്ളത്തിന്റെ സാമ്പിളുകൾ ലാബിൽ പരിശോധിച്ചപ്പോൾ പെട്രോളിയം  അടങ്ങിയ മലിനീകരണത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട് ലഭിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, തൃക്കാക്കര നഗരസഭ എന്നിവിടങ്ങളിൽ പരാതികൾ നൽകിയിട്ടുണ്ട്. പരാതിയെ തുടർന്ന് ഫ്ലാറ്റിന് ഏകദേശം 100 മീറ്റർ അകലെയുള്ള പെട്രോൾ പമ്പിലെ ഭൂഗർഭ ടാങ്കുകൾ പരിശോധിച്ചെങ്കിലും ചോർച്ചയില്ലെന്നാണ് പെട്രോൾ പമ്പ് അധികൃതർ കണ്ടെത്തിയത്.
അതേസമയം, പ്രദേശവാസികൾ ഉയർത്തുന്ന മറ്റൊരു ആശങ്കയും ഗൗരവമുള്ളതാണ്. സമീപത്തെ സീപോർട്ട്–എയർപോർട്ട് റോഡരികിലൂടെ കൊച്ചി റിഫൈനറിയിലേക്കും സിയാൽ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലേക്കും പോകുന്ന പെട്രോളിയം, നാഫ്ത, മറ്റ് ഇന്ധന പൈപ്പ്ലൈനുകൾ കടന്നു പോകുന്നുണ്ട്. ഈ പൈപ്പുകളിൽ എവിടെയെങ്കിലും സൂക്ഷ്മ ചോർച്ചയുണ്ടോയെന്ന് ബന്ധപ്പെട്ട പെട്രോളിയം കമ്പനികൾ അടിയന്തരമായി പരിശോധിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
മലിനീകരണത്തിന്റെ യഥാർത്ഥ ഉറവിടം ഇതുവരെ കണ്ടെത്താനാകാത്തത് ആശങ്ക വർധിപ്പിക്കുന്നു.. കിണർവെള്ളം ഉപയോഗശൂന്യമായതും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ഭയവും കാരണം ചില കുടുംബങ്ങൾ താമസം മാറിയതായും ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ജോർജുകുട്ടി കരയാനപ്പള്ളി, ഭാരവാഹികളായ എം.എം. ഷിൽജ, ജയചന്ദ്രൻ എന്നിവർ
പറഞ്ഞു.
മാസങ്ങളായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നുണ്ടെങ്കിലും പ്രശ്നത്തിന് വ്യക്തമായ പരിഹാരമോ ഉത്തരവാദികളെ കണ്ടെത്താനുള്ള നടപടികളോ ഉണ്ടായിട്ടില്ലെന്നാണ് താമസക്കാരുടെ ആരോപണം. തൃക്കാക്കര എംഎൽഎ ക്ക് അടക്കം പരാതി നൽകി. ഭൂഗർഭജലത്തിൽ പെട്രോളിയം മലിനീകരണം കണ്ടെത്തിയ സാഹചര്യത്തിൽ വിദഗ്ധസംഘത്തെ നിയോഗിച്ച് സമഗ്ര പരിശോധന നടത്തുകയും പ്രദേശത്തെ കിണറുകളിലെ എണ്ണമലിനീകരണത്തിന്റെ ഉറവിടം കണ്ടെത്തി അടിയന്തര പരിഹാരം ഉറപ്പാക്കുകയും ചെയ്യണമെന്ന് ഫാറ്റുടമകൾ  ആവശ്യപ്പെട്ടു.
നൂറുകണക്കിന് ആളുകളുടെ കുടിവെള്ള സുരക്ഷയെ ബാധിക്കുന്ന ഈ ഗുരുതര പ്രശ്നത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണ് എന്ന നിലപാടിലാണ് ഇപ്പോൾ പ്രദേശവാസികൾ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img