12:30am 23 June 2026
NEWS
​'കർഷകരെ പറ്റിച്ച് ക്ഷേമനിധി ബോർഡ്'; ഒന്നാം സർക്കാർ തുടങ്ങി, രണ്ടാം സർക്കാർ പൂട്ടി, ഇനി യു.ഡി.എഫിൽ പ്രതീക്ഷ
22/06/2026  09:22 AM IST
സുരേഷ് വണ്ടന്നൂർ
​കർഷകരെ പറ്റിച്ച് ക്ഷേമനിധി ബോർഡ്; ഒന്നാം സർക്കാർ തുടങ്ങി, രണ്ടാം സർക്കാർ പൂട്ടി, ഇനി യു.ഡി.എഫിൽ പ്രതീക്ഷ

തിരുവനന്തപുരം: പതിനയ്യായിരത്തിലധികം കർഷകരിൽ നിന്ന് അംശാദായമായി കോടികൾ വാങ്ങി രൂപീകരിച്ച കർഷക ക്ഷേമ നിധി ബോർഡിന്റെ പ്രവർത്തനം പൂർണ്ണമായും ത്രിശങ്കുവിൽ. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന കർഷകർക്ക് തുണയാകുമെന്ന പ്രഖ്യാപനത്തോടെ ഒന്നാം പിണറായി സർക്കാർ തുടക്കമിട്ട ബോർഡിനാണ് രണ്ടാം പിണറായി സർക്കാർ ഫലത്തിൽ തടയിട്ടത്. ആറു വർഷം മുൻപ് തുടങ്ങിയ പദ്ധതിയിൽ നിന്ന് ഡിസംബർ മുതൽ പെൻഷൻ വിതരണം ചെയ്യേണ്ടതാണെങ്കിലും, ഭരണാനുമതി ലഭിക്കാത്തതിനാൽ കർഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കുമോ എന്ന കാര്യം അനിശ്ചിതത്വത്തിലാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പുതിയ യു.ഡി.എഫ് സർക്കാർ കനിഞ്ഞാൽ മാത്രമേ ഇനി എന്തെങ്കിലും നടപടിയുണ്ടാകൂ എന്ന അവസ്ഥയാണിപ്പോൾ.
​സി.പി.എം - സി.പി.ഐ തർക്കം; ഫയൽ പൂഴ്ത്തി ധനവകുപ്പ്
​കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി. രാജേന്ദ്രൻ ചെയർമാനായി 2020 ഒക്ടോബർ 14-നാണ് ബോർഡ് പ്രവർത്തനം ആരംഭിച്ചത്. തൃശൂരിൽ ഓഫീസ് തുറന്ന് 19,407 അപേക്ഷകളിൽ നിന്നായി 15,107 പേർക്ക് അംഗത്വവും നൽകി. ഇവരിൽ നിന്നായി 2.75 കോടി രൂപയാണ് അംശാദായമായി വാങ്ങിയത്.
​എന്നാൽ, ആനുകൂല്യ വിതരണത്തിനുള്ള ചട്ടങ്ങൾ രൂപീകരിച്ച് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ധനകാര്യ വകുപ്പിലേക്ക് പ്രൊപ്പോസൽ സമർപ്പിച്ചെങ്കിലും ആ ഫയൽ പിന്നീട് വെളിച്ചം കണ്ടിട്ടില്ല. സി.പി.ഐ ഭരിക്കുന്ന കൃഷി വകുപ്പിന് കീഴിലുള്ള ഈ ബോർഡ് പ്രഖ്യാപിച്ച പെൻഷൻ തുക (പ്രതിമാസം 5,000 രൂപ വരെ), സി.പി.എം വകുപ്പുകൾക്ക് കീഴിലുള്ള മറ്റ് ക്ഷേമനിധി ബോർഡുകളേക്കാൾ (2,500 രൂപ) കൂടുതലാണെന്ന പാർട്ടിയിലെ ആഭ്യന്തര വിമർശനത്തെ തുടർന്നാണ് ധനവകുപ്പ് ഇതിന് അനുമതി നൽകാതെ തടഞ്ഞതെന്നാണ് സൂചന.
​യു.ഡി.എഫ് ബഡ്ജറ്റിലും അവഗണന
​ഇടതു സർക്കാർ ഫയലിൽ ഒതുക്കിയ പദ്ധതിക്ക് പുതിയ യു.ഡി.എഫ് സർക്കാരിന്റെ പ്രഥമ ബഡ്ജറ്റിലും വലിയ പരിഗണനയൊന്നും ലഭിച്ചില്ല. കഴിഞ്ഞ ബഡ്ജറ്റിൽ ബോർഡിനായി 2 കോടി രൂപ അനുവദിച്ചിരുന്ന സ്ഥാനത്ത്, പുതിയ സർക്കാർ അത് നാലിലൊന്നായി വെട്ടിക്കുറച്ച് വെറും 50 ലക്ഷം രൂപ മാത്രമാണ് ഇക്കുറി നീക്കിവച്ചിരിക്കുന്നത്.
​വാഗ്ദാനങ്ങൾ ജലരേഖയാകുന്നു
​ബോർഡിൽ രജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് 60 വയസ് തികയുമ്പോൾ പരമാവധി 5,000 രൂപ വരെ പ്രതിമാസ പെൻഷൻ നൽകുമെന്നായിരുന്നു പ്രധാന വാഗ്ദാനം. ഇതിനു പുറമെ ഇൻഷുറൻസ്, ഭവന നിർമ്മാണം, ചികിത്സ, വിദ്യാഭ്യാസം, വിവാഹ ധനസഹായം ഉൾപ്പെടെ പന്ത്രണ്ടോളം ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ അംശാദായം കൃത്യമായി അടച്ചിട്ടും, ആറു വർഷം പൂർത്തിയാകുന്ന ഈ ഡിസംബറിൽ പെൻഷൻ വാങ്ങി വിശ്രമ ജീവിതം നയിക്കാമെന്ന് കരുതിയ കർഷകർ ഇപ്പോൾ ചുവപ്പുനാടയിൽ കുടുങ്ങി വഞ്ചിതരായ അവസ്ഥയിലാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img