10:40am 11 November 2026
NEWS
പിഐപി കനാലുകളില്‍ കൂടിയുള്ള ജലവിതരണം തടസ്സം പരിഹരിച്ചു.
23/09/2025  06:39 PM IST
nila
പിഐപി കനാലുകളില്‍ കൂടിയുള്ള  ജലവിതരണം തടസ്സം പരിഹരിച്ചു.
ചെങ്ങന്നൂർ: പിഐപി കനാലുകളില്‍ കൂടിയുള്ള  ജലവിതരണം 2025- 26  വർഷം തടസ്സപ്പെടുന്ന  വിഷയം അടിയന്തിരമായി പരിഹരിക്കുന്നതിന് മന്ത്രി സജി ചെറിയാൻ ഇടപെട്ടതിനെ തുടർന്ന് മന്ത്രി  റോഷി അഗസ്റ്റിന്‍റെ അധ്യക്ഷതയില്‍, മന്ത്രിമാരായ  സജി ചെറിയാന്‍, പി  പ്രസാദ്,ജല വിഭവ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത് ഉന്നത തല യോഗം ചേർന്നു പ്രശ്നം പരിഹരിച്ചു.
പമ്പാ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിലെ ഡ്രിപ്പ് ഫേസ് രണ്ടിൽ  ഉള്‍പ്പെടുത്തിയ മെക്കാനിക്കല്‍ പ്രവൃത്തികള്‍ നടന്നു വരുന്നതിനാല്‍ ചെങ്ങന്നൂര്‍, തിരുവല്ല, റാന്നി, ആറന്‍മുള, മാവേലിക്കര മണ്ഡലങ്ങളില്‍ പിഐപി കനാലുകളിൽ കൂടിയുള്ള ജലവിതരണം ഈ വര്‍ഷം പൂര്‍ണ്ണമായും തടസ്സപ്പെടുന്ന സാഹചര്യം യോഗം  ചര്‍ച്ച ചെയ്തു.
 ഈ വര്‍ഷം ജലവിതരണം തടസപ്പെട്ടാല്‍ 2500ല്‍ അധികം ഹെക്ടര്‍ നെല്‍കൃഷിയും ഇതര വിളകളും നടത്തുവാന്‍ കഴിയാത്ത ഗുരുതര സ്ഥിതിവിശേഷം സൃഷ്ടിക്കപ്പെടും
 
മണിയാര്‍ ബാരേജിലെ അഞ്ച് സ്പില്‍വേ ഷട്ടറുകളും രണ്ട് സ്ലൂയിസ് ഗേറ്റുകളും മാറ്റി സ്ഥാപിക്കുന്നതിനും ഹോയിസ്റ്റിംഗ് സംവിധാനത്തിന്‍റെ ഓവര്‍ ഹോളിംഗ് ഉള്‍പ്പെടുന്ന പ്രവൃത്തിയുമാണ് നടന്നു വരുന്നത്. പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ട കാലാവധി നേരത്തെ കഴിഞ്ഞതാണ്. പ്രതികൂല കാലാവസ്ഥയും, കാര്‍ഷിക പ്രവൃത്തികള്‍ക്ക് വേണ്ടി പല പ്രാവശ്യം പ്രവൃത്തി മാറ്റി വെയ്ക്കേണ്ടി വന്ന സാഹചര്യം തുടങ്ങിയ നിരവധി കാരണങ്ങളാല്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നു. പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് സമയം ആവശ്യമായതിനാലാണ് ജലവിതരണം തടസപ്പെടുന്നത് എന്ന് ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർ അറിയിച്ചു.
 
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരു വര്‍ഷത്തെ കൃഷി പൂര്‍ണ്ണമായും നിര്‍ത്തി വെയ്ക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു. പിഐപി  കനാലുകളിലെ ജലവിതരണത്തെ മാത്രം ആശ്രയിച്ച് കൃഷി ചെയ്ത് ഉപജീവനം നടത്തുന്ന നൂറു കണക്കിന് കര്‍ഷകര്‍ക്ക് പ്രതിസന്ധി ഉണ്ടാക്കുന്ന നടപടികള്‍ പുനഃപരിശോധിച്ച് ഉചിതമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് കനാല്‍ മുഖേനയുള്ള ജലം ആവശ്യമായി വരുന്നത് ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളിലാണ്. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ജലവിതരണം നടത്താന്‍ കഴിയുന്ന രീതിയില്‍ പ്രവൃത്തികളുടെ സമയം പുനഃക്രമീകരിക്കേണ്ടതാണ്. ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള പ്രവൃത്തികള്‍ ജലവിതരണം തടസ്സപ്പെടാത്ത രീതിയില്‍ നവംബര്‍ വരെ പുനഃക്രമീകരിക്കാന്‍ കഴിയും. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ ജലവിതരണം നടത്തിയ ശേഷം ഏപ്രില്‍ മുതല്‍ പ്രവൃത്തികള്‍ പൂര്‍ണ്ണ തോതില്‍ പുനരാരംഭിക്കുവാന്‍ കഴിയും. കൃഷി വകുപ്പുമായി കൂടിയാലോചിച്ച് സമയക്രമം നിശ്ചയിക്കാവുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
 ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ എല്ലാ പ്രദേശങ്ങളെയും ഈ പ്രശ്നം ഗുരുതരമായി ബാധിക്കുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. നിലവില്‍ കാര്‍ഷിക പ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നടന്നു വരികയാണ്. കാര്‍ഷിക മേഖലയെ നിശ്ചലമാക്കുന്ന നടപടികള്‍ വലിയ പ്രതിഷേധത്തിന്  ഇടയാക്കും. സമയബന്ധിതമായി ജലവിതരണം നടത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. കൃഷി വകുപ്പ്, ജലസേചന വകുപ്പ് സംയുക്തമായി ഒരു പ്ലാന്‍ തയ്യാറാക്കി ജലലഭ്യത ഉറപ്പു വരുത്തണമെന്നും മന്ത്രി പ്രസാദ് പറഞ്ഞു.
 
മണിയാര്‍ ബാരേജില്‍ നടന്നു വരുന്ന മെക്കാനിക്കല്‍ പ്രവൃത്തികളുടെ ഭാഗമായി പിഐപി  കനാലുകളില്‍ കൂടിയുള്ള ജലവിതരണം തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിന് പ്രവൃത്തികള്‍  പുനഃക്രമീകരിക്കുന്നതിന് തീരുമാനിച്ചു. 
 നവംബര്‍ 30 വരെ കാര്‍ഷിക പ്രവൃത്തികള്‍ക്ക് ഇറിഗേഷന്‍ കനാലുകളിലെ ജലം 
അത്യന്താപേക്ഷിതമല്ലാത്തതിനാല്‍ ഈ കാലയളവില്‍, തുടര്‍ മാസങ്ങളിലെ ജലവിതരണത്തെ ബാധിക്കാത്ത തരത്തിലുള്ള പ്രവൃത്തികള്‍ മാത്രം ചെയ്യുന്നതിനും ഡിസംബര്‍ മുതല്‍ മാര്‍ച്ച് 31 വരെയുള്ള 4 മാസങ്ങളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തി വെച്ച് ജലവിതരണം നടത്തുന്നതിനും ഏപ്രില്‍ 1 മുതല്‍ പ്രവൃത്തികള്‍ പൂര്‍ണ്ണതോതില്‍ നിര്‍വ്വഹണം നടത്തുന്നതിനും ജലസേചനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നൽകും. 
ജലസേചനവകുപ്പ്, കൃഷിവകുപ്പ്, ഉദ്യോഗസ്ഥര്‍ ഈ  പ്രവര്‍ത്തനങ്ങള്‍ സംയുക്തമായി കൂടിയാലോചിച്ച് നടപ്പാക്കുന്നതിനും കാര്‍ഷിക പ്രവൃത്തികള്‍ക്ക് ജലലഭ്യത ഉറപ്പു വരുത്തുന്നതിനും യോഗം തീരുമാനിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.