01:27pm 13 November 2026
NEWS
അനീഷിന്റെ കൈകളിൽ സമയം കാണിച്ച വാച്ച് ഇനി ഗോകുലപ്രിയന്റെ കൈകളിൽ അമൃത ആശുപത്രിയിൽ കണ്ണീരും സ്നേഹവും നിറഞ്ഞ അപൂർവ സംഗമം.
07/11/2026  07:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അനീഷിന്റെ കൈകളിൽ സമയം കാണിച്ച വാച്ച് ഇനി ഗോകുലപ്രിയന്റെ കൈകളിൽ അമൃത ആശുപത്രിയിൽ കണ്ണീരും സ്നേഹവും നിറഞ്ഞ അപൂർവ സംഗമം.
HIGHLIGHTS

അനീഷിന്റെ കൈകൾ സ്വീകരിച്ച ഗോകുലപ്രിയന്റെ കൈകളിൽ സ്നേഹത്തോടെ ചുംബിച്ച് അനീഷിന്റെ സഹോദരിമാർ. കൊച്ചിയിൽ നടന്ന ദാതാവ്–സ്വീകർത്താവ് കുടുംബസംഗമത്തിലെ ഹൃദയസ്പർശിയായ നിമിഷം.

കൊച്ചി : അനീഷിന്റെ ഓർമകൾക്ക് ഗോകുലപ്രിയനിലൂടെ പുതിയൊരു ജീവിതം; രണ്ടു കുടുംബങ്ങൾ കണ്ടുമുട്ടിയപ്പോൾ പിറന്നത് ഹൃദയസ്പർശിയായ നിമിഷങ്ങൾ. കൈകൾ ദാനം ചെയ്ത് ഗോകുലപ്രിയന് പുതുജീവിതം നൽകിയ അനീഷിന്റെ ഓർമകൾ പങ്കുവെക്കാൻ കുടുംബാംഗങ്ങൾ ഒത്തുചേർന്നപ്പോൾ, അനീഷ് കൈകളിൽ അണിഞ്ഞിരുന്ന വാച്ച് സഹോദരിമാർ ഗോകുലപ്രിയന് സമ്മാനിച്ചു. ആ വാച്ച് സ്വന്തം കൈകളിൽ ഏറ്റുവാങ്ങിയ ഗോകുലപ്രിയന് മുന്നിൽ വികാരങ്ങൾ അടക്കാനായില്ല. ദാതാവിന്റെ ഓർമയും സ്നേഹവും പേറുന്ന ആ സമ്മാനം സംഗമത്തിലെ ഏറ്റവും ഹൃദയസ്പർശിയായ നിമിഷമായി.

സേലം സ്വദേശിയായ ഗോകുലപ്രിയന് 2018-ൽ ഉണ്ടായ വൈദ്യുതാഘാതത്തിൽ രണ്ടു കൈകളും നഷ്ടപ്പെട്ടിരുന്നു. 2025 ഒക്ടോബർ 22-ന് അമൃത ആശുപത്രിയിൽ ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥനായിരുന്ന അനീഷിന്റെ ദാനം ചെയ്ത കൈകൾ ഗോകുലപ്രിയന് വിജയകരമായി മാറ്റിവെച്ചു. ശബരിമല യാത്രക്കിടെ അപസ്മാരത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച അനീഷിന്റെ സഹോദരിമാരായ ലക്ഷ്മിയും അഞ്ജുവും അവരുടെ കുടുംബാംഗങ്ങളും ഗോകുലപ്രിയന്റെ അമ്മയും സംഗമത്തിൽ പങ്കെടുത്തു. സഹോദരൻ മരിച്ചിട്ട് നവംബർ എട്ടിന് ഒരു വർഷം തികയുകയാണെന്നും, ഏഴുപേരിലൂടെ അദ്ദേഹം ഇപ്പോഴും ജീവിക്കുന്നുണ്ടെന്നുമുള്ള സഹോദരിയുടെ വാക്കുകൾ സദസ്സിനെ വികാരാധീനമാക്കി.

രാജ്യസഭാംഗം സി. സദാനന്ദൻ മാസ്റ്റർ സംഗമത്തിൽ മുഖ്യാതിഥിയായി. മരണാനന്തര അവയവദാനം വാക്കുകൾക്കതീതമായ കാരുണ്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. സഹജീവികളോടുള്ള കരുണയുടെ മഹത്തായ മാതൃകയായ അവയവദാനത്തിന്റെ സന്ദേശം നൂറായിരം ആളുകളിലേക്ക് എത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, കെ-സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ്, കൊച്ചി അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ ഡോക്ടർമാരായ ഡോ. സുബ്രഹ്മണ്യ അയ്യർ, ഡോ. കിഷോർ പുരുഷോത്തമൻ, ഡോ. സാം തോമസ്, ഡോ. ജനാർദ്ദനൻ. ആർ., നെഫ്രോളജി വിഭാഗം ഡോ. ജോർജ് കുര്യൻ, ഓർത്തോപീഡിക്സ് വിഭാഗം ഡോ. ബാലു.സി.ബാബു, അനസ്തേഷ്യ വിഭാഗം ഡോ. ജെറി പോൾ, ഡോ. സുനിൽ രാജൻ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം ഡോ. രവി ശങ്കരൻ, മറ്റു ജീവനക്കാർ, കോട്ടയം മെഡിക്കൽ കോളേജിലെ ട്രാൻസ്‌പ്ലാന്റ് കോർഡിനേറ്റർ നീതു പി. തോമസ് തുടങ്ങിയവരും പങ്കെടുത്തു.

കഴിഞ്ഞ 11 വർഷത്തിനിടെ 23 രോഗികളിലായി 41 കൈ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ അമൃത ആശുപത്രിയിൽ വിജയകരമായി പൂർത്തിയാക്കിയെന്നും ലോകത്തിലെ ഏറ്റവും വലിയ കൈ മാറ്റിവെക്കൽ ശസ്ത്രക്രിയാ കേന്ദ്രമാണ് അമൃതയെന്നും ഡോ. സുബ്രഹ്മണ്യ അയ്യർ പറഞ്ഞു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img