04:25am 18 September 2026
NEWS
യുദ്ധം ജയിച്ചു ... പക്ഷേ നെത്‌ന്യാഹുവിനെ ഇസ്രായേലികൾ വിശ്വസിക്കുമോ ?
22/07/2025  07:04 PM IST
കല്ലമ്പലം അൻസാരി
യുദ്ധം ജയിച്ചു ... പക്ഷേ നെത്‌ന്യാഹുവിനെ ഇസ്രായേലികൾ വിശ്വസിക്കുമോ ?

പാലസ്തീനിൽ ഹമാസിനെയും ലബനനിൽ ഹിസ്ബുള്ളയെയും പ്രബലശക്തിയായ ഇറാനെയും ആക്രമിച്ച് തരിപ്പണമാക്കി ഇസ്രായേൽ മദ്ധ്യേഷ്യയിൽ പുതിയൊരു ചരിത്രം രചിച്ചിരിക്കുകയാണ്. ഹമാസും ഹിസ്ബുള്ളയും ഇസ്രായേലിന് വലിയ പ്രതിബന്ധം സൃഷ്ടിച്ചില്ലെങ്കിലും, ഇറാൻ കിടപിടിക്കുന്ന ശക്തിയാണ്. ഇസ്രായേലിന്റെ രണ്ടും കൽപ്പിച്ചുള്ള ഈ കളിക്ക് നേതൃത്വം കൊടുത്തത് പ്രധാനമന്ത്രിയായ ബെഞ്ചമിൻ നെത്‌ന്യാഹു ആണ്. രാഷ്ട്രീയപരമായും നിയമപരമായും സ്വന്തം മണ്ണിൽ വലിയ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് നെത്‌ന്യാഹു പുതിയ സാഹസിക സംരംഭത്തിന് മുതിരുന്നത്. ഒരുവശത്ത് അധികാരത്തിൽ തുടരാൻ എല്ലാ തീവ്രവാദ കക്ഷികളോടും കൂട്ട് കൂടിയതിന്റെ തിക്തഫലങ്ങൾ. മറുവശത്ത് ക്രിമിനൽ കുറ്റവിചാരണയുടെ നാളുകൾ എണ്ണപ്പെട്ട് കൊണ്ടിരിക്കുന്നതിന്റെ സമ്മർദ്ദം. ഇതിനു നടുവിൽ നിന്നാണ് നെത്‌ന്യാഹു ഇസ്രായേലിനെ യുദ്ധത്തിലേക്ക് നയിച്ചത്. തന്റെ ഗ്രാഫ് ഉയർന്നുവെന്ന് നെത്‌ന്യാഹു കരുതുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ഇസ്രായേൽ ജനത അയാളെ വിശ്വസിച്ചുവോ എന്നതാണ് ചോദ്യം.

2024 ഒക്‌ടോബറിൽ ഇസ്രായേലിനെ ഞെട്ടിച്ചുകൊണ്ട് അവരുടെ മണ്ണിലേക്ക് കടന്നുകയറി നിരവധി ജനങ്ങളെ വധിക്കുകയും, കുറെയധികം പേരെ തടവുകാരാക്കി തട്ടിക്കൊണ്ടുപോകുകയും ചെയ്ത ഹമാസിന്റെ ഹീനപ്രവൃത്തിയിൽ നിന്നാണ് ഇസ്രായേലിന്റെ പാലസ്തീൻ ആക്രമണം തുടങ്ങുന്നത്. ഹമാസിനെ തുരത്താൻ ഗാസയെ ബോംബുകളും, ഷെല്ലുകളും, മിസൈലുകളും കൊണ്ട് ഇസ്രായേൽ പൊതിഞ്ഞു. ഹമാസിന്റെ തലക്കനമുള്ള മുൻനിര നേതാക്കന്മാരെ വധിച്ചു. ഗാസയുടെ ഏതാണ്ട് പകുതിയോളം ഇസ്രായേലിന്റെ കീഴിലായി. ആയിരക്കണക്കിന് സാധാരണജനങ്ങൾ കൊല്ലപ്പെടുന്നതിന് പുറമെ, പതിനായിരങ്ങൾ അഭയാർത്ഥികളായി. വീടുകൾ, ആശുപത്രികൾ, സ്‌ക്കൂളുകൾ എന്നിവയൊക്കെ തകർക്കപ്പെട്ടു. വെള്ളവും ആഹാരവും പോലും കിട്ടാതെ ലക്ഷങ്ങൾ വലഞ്ഞു. എന്നിട്ടും നെത്‌ന്യാഹു ഒരു ദയാദാക്ഷിണ്യവും കൂടാതെ ഗാസയെ ഞെരിച്ചു. ഏതാണ്ട് 55,000 ത്തിലധികം പാലസ്തീനികൾ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. ഇപ്പോൾ ഒരു താൽക്കാലിക സമാധാനത്തിന് ഇസ്രായേൽ തയ്യാറായിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറയുന്നുണ്ട്.

ഹമാസിന്റെ കസ്റ്റഡിയിലുള്ള ഇസ്രായേൽ പൗരന്മാരെ മോചിപ്പിക്കാനാണ് നെത്‌ന്യാഹു ആയുധമെടുത്തതെങ്കിലും, ഇപ്പോഴും നിരവധി പേർ ഹമാസിന്റെ തടവിലാണ്. ട്രംപ് അധികാരമേൽക്കുന്നതിന് തൊട്ടുമുൻപ് നടത്തിയ ഒരു ഇടപെടലിലൂടെ ഒരു താൽക്കാലിക വെടിനിർത്തലിന് നെത്‌ന്യാഹു തയ്യാറാവുകയും, ഡസൺ കണക്കിന് പേരെ ഹമാസ് മോചിപ്പിക്കുകയും ചെയ്തു. തിരിച്ച് നൂറുകണക്കിന് പാലസ്തീൻ തടവുകാരെ ഇസ്രായേലും വിട്ടയച്ചു. എന്നാൽ വീണ്ടും സംഗതികൾ വഷളായി. ഇതിന്റെ ഉത്തരവാദിത്വം നെത്‌ന്യാഹുവിനാണെന്ന് വിശ്വസിക്കുന്ന ഒരു നല്ല വിഭാഗം ജനങ്ങൾ ഇസ്രായേലിൽ തന്നെയുണ്ട്. ട്രംപ് നിർദ്ദേശിച്ചിട്ടുപോലും അടങ്ങാൻ നെത്‌ന്യാഹു തയ്യാറായില്ലെന്ന് പരക്കെ സംസാരമുണ്ട്. ഹമാസ് തടവിലുള്ളവരെ തിരിച്ച് നാട്ടിലെത്തിക്കുന്നതിനെക്കാൾ, യുദ്ധം നയിക്കുകയാണ് നെത്‌ന്യാഹുവിന്റെ താൽപ്പര്യമെന്ന് പല കുടുംബാംഗങ്ങളും പരസ്യമായി പറഞ്ഞ് കഴിഞ്ഞിട്ടുണ്ട്.

പാലസ്തീനിൽ ഹമാസിനെതിരെ പൊരിഞ്ഞയുദ്ധം നടത്തവേ നെത്‌ന്യാഹു ലബനനിലേക്കും പട നയിക്കാൻ മടിച്ചില്ല. ഹിസ്ബുള്ളയെ തകർക്കുകയായിരുന്നു ഉദ്ദേശ്യം. നിരവധി ഹിസ്ബുള്ള നേതാക്കന്മാർ വധിക്കപ്പെട്ടു. ഇതിനിടയിലാണ് യുദ്ധം ഇറാനെതിരെ തിരിച്ചുവിടാൻ നെത്‌ന്യാഹു സാഹസം കാട്ടിയത്. ഇറാൻ-ഇറാക്ക് യുദ്ധകാലത്ത് ഇറാന് പോർ വിമാനങ്ങളും, മിസൈലുകളും വാരിക്കോരി നൽകിയ ഇസ്രായേലാണ് നെത്‌ന്യാഹുവിന്റെ കാലത്ത് ഇറാനെതിരെ തിരിഞ്ഞത്. ഇറാന്റെ ന്യൂക്ലിയർ സങ്കേതങ്ങൾ പരക്കെ നശിപ്പിച്ചു എന്ന അവകാശവാദം ഇസ്രായേലിനുണ്ട്. സാറ്റലൈറ്റ് ഇമേജുകൾ പലതും അത് ശരിവയ്ക്കുന്നുണ്ട്. എന്നിട്ടും ഇസ്രായേൽ ജനതയുടെ വിശ്വാസം ആർജ്ജിക്കാൻ നെത്‌ന്യാഹുവിന് കഴിഞ്ഞിട്ടുണ്ടോ എന്നതാണ് വലിയ ചോദ്യം.

120 അംഗ ഇസ്രായേൽ പാർലമെന്റിൽ നെത്‌ന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ഇപ്പോഴില്ല. തീവ്ര വലതുപക്ഷ കക്ഷികളുടെ പിന്തുണയിലാണ് നെത്‌ന്യാഹുവിന്റെ നിൽപ്പ്. 75 കാരനായ നെത്‌ന്യാഹു ഇസ്രായേലിന്റെ പ്രധാനമന്ത്രി എന്ന നിലയിൽ ഏറ്റവും നീണ്ടകാലം അധികാരത്തിലിരുന്ന ആളാണെങ്കിലും, ഇനിയും ഒരവസരം കൂടി അദ്ദേഹത്തിന് അത്യന്താപേക്ഷിതമാണ്. വരിഞ്ഞ് മുറുക്കിയിരിക്കുന്ന ക്രിമിനൽ കേസുകളും, രാജ്യാന്തര കോടതി ചുമത്തിയിരിക്കുന്ന യുദ്ധകുറ്റവാളി എന്ന വലിയ കടമ്പയും കടക്കാൻ ഇസ്രായേലിന്റെ അധികാരത്തിൽ തുടർന്നാലെ നെത്‌ന്യാഹുവിന് വഴിയുള്ളൂ.

ഗാസയിൽ ഇസ്രായേൽ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിലാണ് രാജ്യാന്തര കോടതി യുദ്ധകുറ്റവാളിയായി നെത്‌ന്യാഹുവിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്റർനാഷണൽ കോർട്ടിന്റെ ഈ ഉത്തരവ് പാലിക്കാൻ ഇതിൽ ഒപ്പ് വച്ചിരിക്കുന്ന എല്ലാ അംഗങ്ങൾക്കും ഉത്തരവാദിത്വമുണ്ട്. ഈ പരിതസ്ഥിതിയിൽ പ്രധാനമന്ത്രിയെന്ന നിലയിൽ വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ പോലും നെത്‌ന്യാഹുവിന് ആകുന്നില്ല. ആർക്കും അയാളെ അറസ്റ്റ് ചെയ്യാമെന്ന സ്ഥിതിയാണ്. ഇതിലെല്ലാം മേലെയാണ് ഇസ്രായേലിൽ തന്നെ നെത്‌ന്യാഹുവിനെതിരെ ചുമത്തിയിരിക്കുന്ന ക്രിമിനൽ കുറ്റങ്ങൾ. വിശാസവഞ്ചന, കൈക്കൂലി എന്നിവയുടെ പേരിൽ നിരവധി കുറ്റപത്രങ്ങൾ ഇസ്രായേൽ ഹൈക്കോടതിക്ക് മുന്നിലുണ്ട്. പ്രധാനമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്വത്തിന്റെ പേരിൽ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് രക്ഷപ്പെടാൻ കേസുകൾ തള്ളിനീക്കിക്കൊണ്ട് പോകുകയാണ് നെത്‌ന്യാഹു. ഏതാനും ആഴ്ചകൾക്ക് മുൻപ് കോടതിയിൽ ഹാജരാകാൻ സമൻസ് ലഭിച്ചതാണ്. എന്നാൽ ഇറാൻ യുദ്ധത്തിന്റെ പേരിൽ രാജ്യത്ത് അടിയന്തിരാവസ്ഥ ആയതുകൊണ്ട് തിരക്കിട്ട ഉത്തരാദിത്വങ്ങൾ ഉണ്ടെന്നും, അതിനാൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവ് തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും കോടതി അത് തിരസ്‌ക്കരിക്കുകയാണുണ്ടായത്. ഇതിനിടയിൽ ട്രംപ് ഇടപെട്ട് നെത്‌ന്യാഹുവിന്റെ കുറ്റവിചാരണ മരവിപ്പിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. മറ്റൊരു രാജ്യത്തിന്റെ നീതിന്യായ നടപടികൾക്ക് മേലുള്ള കടന്നുകയറ്റമാണ് ട്രംപ് നടത്തിയതെന്ന് ഇസ്രായേലിൽ പരക്കെ വിമർശനമുണ്ടായി.

ഹമാസിനെയും, ഹിസ്ബുള്ളയെയും, ഇറാനെയും ആക്രമിച്ചതിൽ വലിയ പാതകമൊന്നും ഇസ്രായേലുകാർ കാണുന്നില്ലെങ്കിലും, ഗാസയിലെ ജനദുരിതവും, മനുഷ്യാവകാശ ലംഘനങ്ങളും നെത്‌ന്യാഹുവിന് തിരിച്ചടിയായി മാറിയിട്ടുണ്ട്. ഇന്റർനാഷണൽ ക്രിമിനൽ കോർട്ടിന്റെ ഉത്തരവും വലിയ ചർച്ചാവിഷയമാണ്. ഇസ്രായേലിന്റെ അന്തർദേശീയ അംഗീകാരത്തിന് ഗാസവിഷയം മങ്ങലേൽപ്പിച്ചിട്ടുണ്ട് എന്ന് വിശ്വസിക്കുന്ന പഴയ സൈനിക മേധാവികൾ വരെയുണ്ട്. ഗാസയിൽ ഹമാസിനെ ഒതുക്കുവാനുള്ള ദൗത്യം എന്നേ പൂർത്തീകരിച്ചതാണെന്നും, ഇതിന് മേൽ ഒന്നും ചെയ്യാനാവില്ല എന്നും അവർ  പറയുന്നു. പിന്നെ എന്തിനാണ് നെത്‌ന്യാഹു ഇനിയും പടനയിക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്.
താൻ നയിച്ച യുദ്ധങ്ങളുടെ നിഴലിൽ ഒരു ഇടക്കാല പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി അധികാരം ഉറപ്പിക്കാമെന്ന പൂതി നെത്‌ന്യാഹുവിന്റെ ഉള്ളിലുണ്ട്. എന്നാൽ അതത്ര എളുപ്പമാവില്ലെന്ന് തന്നെയാണ് വിലയിരുത്തൽ. 

ഈയിടെ ഇസ്രായേലിൽ നടന്ന പല അഭിപ്രായ വോട്ടെടുപ്പുഫലങ്ങളും നെത്‌ന്യാഹുവിന് ആശ്വാസം നൽകുന്നതല്ല. ഇസ്രായേലിലെ പ്രമുഖ മാധ്യമമായ 'മാരിവ്' നടത്തിയ ഒരു സർവേ ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു. ഇസ്രായേലിലെ 59 ശതമാനം ആൾക്കാരും ഗാസയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന അഭിപ്രായക്കാരാണെന്ന് ഇതു ചൂണ്ടിക്കാട്ടുന്നു. സംഘർഷം നീട്ടിക്കൊണ്ടുപോകുന്നത് നെത്‌ന്യാഹുവിന്റെ സ്വന്തം രാഷ്ട്രീയ നിലനിൽപ്പിന് വേണ്ടി മാത്രമാണെന്ന് വോട്ട് ചെയ്തവർ 49 ശതമാനമാണ്. ഇസ്രായേലിലെ മറ്റൊരു പ്രമുഖ സ്ഥാപനമായ പ്രൊഫ. ഹെർമാൻസ് ഇസ്രായേൽ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ട്  മറ്റൊരു സർവ്വേ നടത്തിയിരുന്നു. അതിന്റെ ഫലങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ നെത്‌ന്യാഹുവിന്റെ ജനപിന്തുണ പകുതി മാർജിൻ കഴിഞ്ഞിട്ടില്ലെന്നുള്ളതായാണ് വിവരം. കഴിവുള്ള രാഷ്ട്രീയക്കാരനാണ് നെത്‌ന്യാഹു എന്നതിൽ തർക്കമില്ല. അതിനാൽ തന്റെ നിലനിൽപ്പിന് ഉറയിൽ നിന്ന് അടുത്ത ഏത് നീക്കമാണ് അയാൾ പുറത്തെടുക്കുന്നത് എന്ന് പറയാനാവില്ല. എന്നാൽ ഇസ്രായേൽ ജനതയുടെ വിശ്വാസം ആർജ്ജിക്കാൻ ഈ പൊല്ലാപ്പുകൾക്കൊക്കെ കൂടി കഴിയുമോ എന്ന് കാത്തിരുന്ന് കാണണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img