
ദോഹ: ഹ്രസ്വസന്ദർശനത്തിനായി ഖത്തറിലെത്തിയ കേരള കായിക വകുപ്പ് മന്ത്രി ഒ. ജെ. ജനീഷിനെ വാഴക്കാട് അസോസിയേഷൻ ഖത്തർ (വാഖ്) ഭാരവാഹികൾ സന്ദർശിച്ചു.
നോർക്ക കെയർ പ്ലസ് ഇൻഷുറൻസിൽ മാതാപിതാക്കളെ ഉൾപ്പെടുത്താൻ സർക്കാർ എടുത്ത തീരുമാനത്തെ ഭാരവാഹികൾ അഭിനന്ദിച്ചു. പ്രവാസി കുടുംബങ്ങളിലെ മാതാപിതാക്കൾക്കൊപ്പം ആശ്രിതരായ ഭിന്നശേഷിക്കാരായ സഹോദരങ്ങളെയും കേരള സർക്കാരിന്റെ നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം സമർപ്പിച്ചു. ആവശ്യം ഗൗരവമായി പരിഗണിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി ഉറപ്പുനൽകി.
വാഖ് പ്രസിഡന്റ് ജൈസൽ എളമരം നിവേദനം കൈമാറി. ജനറൽ സെക്രട്ടറി ഷമീർ മണ്ണാറോട്ട്, ഭാരവാഹികളായ അക്ബർ ടി. പി., ഷാജഹാൻ ടി. കെ., ഷബീർ അലി, റാഷിൽ പി. വി., ശംവിൽ എളാംകുഴി, ഖത്തർ ഇൻകാസ് ഭാരവാഹി ഷിഹാബ് നരാണിപ്പുഴ എന്നിവർ പങ്കെടുത്തു.










